കാലം എങ്ങോട്ടാണ് സഞ്ചരിക്കുന്നത്?
ഷിബു അങ്ങനെ പറഞ്ഞപ്പോൾ ആണ് അവൻ മുസ്ലിം ആണെന്ന് ഞാനറിഞ്ഞത്. ഇത്രയും കാലമായി ഷിബുവിന്‍റെ മതമോ ജാതിയോ എനിക്കറിയാമായിരുന്നില്ല. പ്രീഡിഗ്രിക്ക് രണ്ടു വർഷം ഒരുമിച്ചു പഠിച്ചതാണ് ഞങ്ങൾ. സയൻസ് ഗ്രൂപ്പ് ആയിരുന്നതിനാൽ ക്ലാസ്സിൽ ചുരുക്കം ആണുങ്ങളേ ഉണ്ടായിരുന്നുള്ളു.
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
"ഞാനവളോട് വല്യ കൂട്ടില്ല കാരണം, അവള്‍ ......... മതത്തിലുള്ളതാണ്", ഈ അടുത്ത ദിവസം മക്കളെ സ്കൂളിൽ നിന്ന് കൂട്ടാൻ ചെന്നപ്പോൾ അരികിൽ കൂടി നടന്നുപോയ വെറും എട്ടോ ഒൻപതോ വയസ് മാത്രമുള്ള ഒരു കുട്ടി അവന്‍റെ അച്ഛനോടു ഇങ്ങനെ പറഞ്ഞത് കേട്ടപ്പോൾ, എനിക്ക് വായനയുടെ, എഴുത്തിന്‍റെ വിത്തുകൾ എന്നിൽ പാകിയ എന്‍റെ സ്കൂൾ കാലത്തെ സുഹൃത്ത് രഞ്ജിത്തിനെ ഓർമ്മ വന്നു. ചിത്രരചനക്ക് എന്നും വാശിയോടെ ഒപ്പത്തിനൊപ്പം മത്സരിക്കുമ്പോളും തോളിൽ കയ്യിട്ടു നടന്ന വിനോദിനെ ഓർമ്മ വന്നു. നാടകമത്സരങ്ങൾക് ഒപ്പമുണ്ടായിരുന്ന സജിയേയും പ്രസാദിനെയും മോൻസിയെയും ഓർമ്മവന്നു. പ്രീഡിഗ്രി പഠനകാലത്ത് ഒപ്പമുണ്ടായിരുന്ന ഷിബുവിനെയും സത്യനെയും കബീറിനെയും ഓർമ്മ വന്നു.
കാന്‍റീനില്‍ ക്ലാസ് കട്ട് ചെയ്തിരുന്ന സമയത്ത് പെട്ടെന്ന് പ്രിൻസിപ്പൽ കടന്നു വന്നപ്പോൾ, മേശപ്പുറത്ത് കിടന്നിരുന്ന പഴത്തൊലിയെടുത്തു കയ്യിൽ പിടിച്ചിട്ട് 'കഴിക്കുവായിരുന്നു സാറെ ഇപ്പൊ ക്ലാസ്സിൽ കയറിക്കോളാം' എന്നുപറഞ്ഞ നവാസിനെ ഓർമവന്നു. ഇവരുടെ ആരുടേയും മതം നോക്കിയല്ല ഞങ്ങൾ ഒരുമിച്ച് ക്രിക്കറ്റ് കളിച്ചത്. 'കാലൻജോയിയുടെ മരണമണി മുഴങ്ങുന്നച്ചോ പൊന്നച്ചോ' എന്ന് സമരത്തിന് ഒരുമിച്ച് മുദ്രാവാക്യം വിളിച്ചത്. സോണിയെ ഇടിച്ചിട്ട് നിർത്താതെ പോയ ബസിനു കല്ലെറിഞ്ഞത്. മകളെ സ്ഥിരം കാറിനു കോളേജിൽ കൊണ്ട് വിട്ടിരുന്ന ഡോക്‌ടറുടെ വണ്ടിതടഞ്ഞ് 'മീനേയ് മീനേയ്'എന്ന് ആർത്തുവിളിച്ചത്, മോളെ ബസിന് വിട്ടാൽമതിയെന്നു പറഞ്ഞത്.
മക്കളെ ആനപ്പുറത്ത് കയറ്റാമെന്ന് ഷിബു പറഞ്ഞു
നവാസിനും കബീറിനും ഷിബുവിനും ജോബിക്കും പ്രിൻസിനും സത്യനുമെല്ലാം അന്നൊരു മതമേ ഉണ്ടായിരുന്നുള്ളൂ: സൗഹൃദം... ഇപ്പോഴും അത് അങ്ങനെത്തന്നെ.
രണ്ടുവർഷം മുമ്പ് നാട്ടിൽപോയപ്പോൾ കുടുംബമൊരുമിച്ച് തേക്കടി കാണാൻ പോയി. അവിടെ സ്‌പൈസസ് ബിസ്സിനസ്സ് ആണ് ഷിബുവിന്. മക്കളെ ആനപ്പുറത്ത് കയറ്റാമെന്ന് ഷിബു പറഞ്ഞു. അങ്ങനെ ഷിബു വിദേശടൂറിസ്റ്റുകളെ ആകർഷിക്കാൻ നടത്തുന്ന ആനസവാരിക്ക് ഞങ്ങളും പോയി. സവാരിയൊക്കെ കഴിഞ്ഞു സംസാരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു
"ഡാ നിന്‍റെ താമസം ഇപ്പൊ എവിടെയാ, പഴേ സ്ഥലത്തുതന്നെ ആണോ?"
"നീ ആ പെട്രോൾ പമ്പ് കണ്ടോ അതിന്‍റെ സൈഡിൽ കൂടി ഒരു റോഡ് ഉണ്ട്. അതിലെ താഴേയ്ക്ക് പോകുന്ന വഴിയരികിൽ ഞാൻ വീട് വയ്ക്കാൻ പത്തു സെന്‍റ് സ്ഥലം വാങ്ങിയിട്ടിട്ടുണ്ട്. പക്ഷെ, ആ ഭാഗത്ത് അടുത്തെങ്ങും മോസ്‌ക് ഇല്ല. അതുകൊണ്ടു അവിടെ വീട് വയ്ക്കുന്നില്ല എന്ന് തീരുമാനിച്ചു. അത് വിൽക്കാൻ ഇട്ടേക്കുവാ. എന്നിട്ട് വേണം വീട് ഒന്ന് പുതുക്കിവയ്ക്കാൻ..."
ഷിബു അങ്ങനെ പറഞ്ഞപ്പോൾ ആണ് അവൻ മുസ്ലിം ആണെന്ന് ഞാനറിഞ്ഞത്. ഇത്രയും കാലമായി ഷിബുവിന്‍റെ മതമോ ജാതിയോ എനിക്കറിയാമായിരുന്നില്ല. പ്രീഡിഗ്രിക്ക് രണ്ടു വർഷം ഒരുമിച്ചു പഠിച്ചതാണ് ഞങ്ങൾ. സയൻസ് ഗ്രൂപ്പ് ആയിരുന്നതിനാൽ ക്ലാസ്സിൽ ചുരുക്കം ആണുങ്ങളേ ഉണ്ടായിരുന്നുള്ളു. മുസ്ലിം മാനേജ്‌മെന്‍റ് കോളേജിലായിരുന്നു പ്രീഡിഗ്രി പഠനം. അടുത്ത് തന്നെ മോസ്‌ക് ഒക്കെയുണ്ടായിരുന്നു. ഷിബു പള്ളിയിൽ പോകാറുണ്ടായിരുന്നിരിക്കാം, ശ്രദ്ധിച്ചിട്ടില്ല. അഥവാ ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ തന്നെ അവർ മുസ്ലിം ആണെന്ന് മനസിൽ രജിസ്റ്റർ ചെയ്യണമെന്ന് ആ കാലഘട്ടം എന്നെ പഠിപ്പിച്ചിട്ടുണ്ടായിരുന്നില്ല.
പ്രീഡിഗ്രി അവസാന ദിവസങ്ങളിൽ എന്നെ സുവോളജി പഠിപ്പിക്കുന്ന കോയാസാർ ക്ലാസ്സിൽ നിന്ന് പുറത്താക്കുകയും എക്സാം എഴുതാൻ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോൾ, വഴിയിൽ കണ്ട ഒരാളെ എന്‍റെ ചേട്ടൻ ആണെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു വന്നു കോയസാറിനെ അനുനയിപ്പിച്ചത് ഈ ഷിബുവും സത്യനും പ്രിൻസും ഉല്ലാസും കഴിഞ്ഞവർഷം അകാലത്തിൽ വിട്ടുപിരിഞ്ഞ ഞങ്ങളുടെ പ്രിയഗായകൻ ഗോപിയും ഒക്കെ ചേർന്നാണ്.
ഇന്ന് ഈ കുഞ്ഞുങ്ങളുടെ വാക്കുകൾ എന്നെ വല്ലാതെ പേടിപ്പെടുത്തുന്നത്
മതം സ്പൈഡർമാന്‍റെ ജെട്ടി പോലെ അല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ പഠിക്കാനും സുഹൃത്തുക്കളെ സമ്പാദിക്കാനും സാധിച്ചതിൽ ഇപ്പോൾ അഭിമാനം തോന്നുന്നു. മതങ്ങൾ കുഞ്ഞു ശിരസ്സുകളിൽ കൂടുകൂട്ടാൻ ആരംഭിച്ചിട്ടില്ലാത്ത, നിശ്വാസങ്ങളിൽ വിഷഗന്ധം പടർത്താത്ത കാലത്ത് വളർന്നതുകൊണ്ടാകാം ഇന്ന് ഈ കുഞ്ഞുങ്ങളുടെ വാക്കുകൾ എന്നെ വല്ലാതെ പേടിപ്പെടുത്തുന്നത്.
കാലം പിറകോട്ടാണോ ചലിക്കുന്നത്, സമയം എന്ന മഹാപ്രഹേളികയെ മനസ്സിലാക്കാൻ നമുക്ക് കഴിയാത്തതുകൊണ്ട് ഞാനും നിങ്ങളും അതിനിടയിൽ പെട്ട് ഞെരിഞ്ഞമർന്ന് പോകുകയാണോ? കാലത്തിന്റെ ചുവരെഴുത്തുകൾ നമ്മുക്കിനിയും കണ്ടില്ലെന്നു നടിക്കാം, മക്കളെ മതംതിരിച്ച് സെന്‍റ് മേരീസ് സ്കൂളിലും സരസ്വതി വിദ്യാലയത്തിലും ദാറുൽ ഹുദാ സ്കൂളിലും മാത്രം ചേർക്കാം. എന്നിട്ട് ഘോരഘോരം വർഗീയതക്കെതിരെ പ്രസംഗിക്കാം.