ഖദറുമിട്ട് ബിജെപി നിലപാട് ചുമന്നു നടക്കാൻ നാണമില്ലേ കോൺഗ്രസുകാരേ നിങ്ങൾക്ക്?

സനാതനഹിന്ദുക്കളായ രമേശ് ചെന്നിത്തലയും ശ്രീധരൻ പിള്ളയും സുപ്രീംകോടതിയുടെ വിധി വായിച്ചിട്ടില്ല. മലയും കാടും കയറാൻ സ്ത്രീകൾക്ക് ബുദ്ധിമുട്ടാണെന്ന കാരണമാണ് എതിർത്തവരെല്ലാം വാദിച്ചത്. ഇതാണോ ആചാരം? ആ വാദം സുപ്രീംകോടതി തള്ളി.

cover story on sabarimala

മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് പുറപ്പെടുവിച്ച വിധി 99.99% അന്തിമമാണെന്ന് രമേശ് ചെന്നിത്തലയ്ക്കും ശ്രീധരൻ പിള്ളയ്ക്കുമറിയാം. ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയാണ് ജ.ദീപക് മിശ്രയ്ക്ക് പകരം ചീഫ് ജസ്റ്റിസായി വരുന്നതെന്നതു കൊണ്ട്, വിധിയിൽ വിപ്ലവകരമായ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്നും വിവരമുള്ള നിയമ‍ജ്ഞരെല്ലാവരും പറയുന്നു. മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിയ്ക്കുന്ന ഒരു വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ ഒരു സർക്കാരിനുമാകില്ല എന്നും ഈ രണ്ട് നേതാക്കൾക്കുമറിയാം. ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് പുനഃപരിശോധനാഹർജി എന്ന ചന്ദ്രഹാസമിളക്കി നാട്ടുകാരെ തെരുവിലേയ്ക്കിറക്കി മതഭ്രാന്ത് അഴിച്ചുവിടുന്നത്.

cover story on sabarimala

കോൺഗ്രസും, ബിജെപിയും, താഴമൺ തന്ത്രികുടുംബവും, പന്തളത്തെ പഴയ രാജാവിന്‍റെ പിൻതലമുറക്കാരും, ഒന്നിച്ചുചേർന്ന് വേണമെങ്കിൽ എൻഎസ്എസ്, യോഗക്ഷേമസഭ, എസ്എൻഡിപി എന്നിവരെയൊക്കെ പങ്കെടുപ്പിച്ച് ഒരു കാര്യം തീരുമാനമാക്കണം. 'ദൈവമേ, രക്ഷിയ്ക്കണേ' എന്ന പ്രാർഥന തിരുത്തണം. 'ദൈവമേ, ഒട്ടും വിഷമിയ്ക്കേണ്ട, ഞങ്ങൾ അങ്ങയെ രക്ഷിച്ചോളാം' എന്ന് പ്രാർഥന മാറ്റിയെഴുതണം. 'ഉണർന്ന ഹിന്ദുക്കളായ' മുപ്പത്തിമുക്കോടി നേതാക്കളാണ് ശബരിമല അയ്യപ്പനെ രക്ഷിക്കാൻ ഒരുങ്ങി ഇറങ്ങിയിരിക്കുന്നത്. കാപട്യത്തിന്‍റെ പാരമ്യത്തിലിരിക്കുകയാണ് പി.എസ്. ശ്രീധരൻ പിള്ളയും രമേശ് ചെന്നിത്തലയും. നനഞ്ഞിടം കുഴിക്കുക, അല്ലെങ്കിൽ കുഴിഞ്ഞയിടം മാന്തുക എന്നത് മാത്രമാണ് ഈ നേതാക്കളുടെ രാഷ്ട്രീയലക്ഷ്യം.

ആരാണ് മുന്തിയ ഹിന്ദു എന്ന മത്സരത്തോടെ അലയ്ക്കുന്ന രമേശ് ചെന്നിത്തലയും ശ്രീധരൻ പിള്ളയും മുഴുവൻ നാട്ടുകാരെയും വഞ്ചിയ്ക്കുകയാണ്, ചതിക്കുകയാണ്. നാല് വോട്ടിന് വേണ്ടി എന്ത് നുണയും വിളിച്ചുപറയാൻ ഒരു മടിയുമില്ല എന്ന് തെളിയിക്കുകയാണ് ഇവർ. സുപ്രീംകോടതി മറി കടന്നത് 1991 ലെ ഹൈക്കോടതി വിധിയെയാണ്, അന്നുണ്ടാക്കിയ ആചാരമാണ് എന്നിവർ മറച്ചു വയ്ക്കുകയാണ്. അന്നത്തെ ഹൈക്കോടതി വിധി കൊണ്ട് ഇല്ലാതായത് തുല്യത എന്ന ഭരണഘടനാവകാശമാണ്. ആ തുല്യത, തിരിച്ചു നൽകുക മാത്രമാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. 

യുവതിയായിരിക്കെ, ശബരിമലയിൽ ദർശനം നടത്തിയ ജയമാല ഇന്ന് കർണാടകയിൽ മന്ത്രിയാണ്. പതിനെട്ടാം പടിക്ക് താഴെ നൃത്തരംഗത്തിലഭിനയിച്ച സുധാചന്ദ്രൻ ഇപ്പോഴും പ്രശസ്ത നർത്തകിയാണ്. അയ്യപ്പന്‍റെ നടയ്ക്കലെത്തി കുഞ്ഞിന് ചോറൂണ് നടത്തിയ അമ്മയുടെ മകൻ, ടി.കെ.അയ്യപ്പൻകുട്ടി നായർ - ടികെഎ നായർ, പിൽക്കാലത്ത് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി. എന്നുവച്ചാൽ ആചാരവാദികളായ സ്ത്രീകളേ, അയ്യപ്പകോപമൊന്നും ഇവർക്കാർക്കും ഉണ്ടായില്ല എന്നുമാത്രമല്ല, അയ്യപ്പന്‍റെ ബ്രഹ്മചര്യം തകർന്നുപോയതുമില്ല.

മഹാരാഷ്ട്രയിലൊരു ശനി ഷിംഗ്‍നാപൂർ ക്ഷേത്രമുണ്ട്. സ്ത്രീകൾക്ക് പ്രവേശനമില്ലായിരുന്നു, കഴിഞ്ഞ കൊല്ലം വരെ. 1991 ൽ തുടങ്ങിയ ആചാരമൊന്നുമല്ല. 400 കൊല്ലം പഴയ ആചാരമാണ്. ബോംബെ ഹൈക്കോടതി ആ ആചാരം എടുത്ത് തോട്ടിലെറിഞ്ഞ് സ്ത്രീകൾക്ക് പ്രവേശനാനുവാദം നൽകി. നമ്മുടെ പി.എസ്.ശ്രീധരൻ പിള്ളച്ചേട്ടന്‍റെ പാർട്ടി - ബിജെപിയുടെ ദേവേന്ദ്ര ഫട്നാവിസ് നയിക്കുന്ന സർക്കാർ ഉടനടി വിധി നടപ്പാക്കി. സ്ത്രീകൾ ആരാധന നടത്തി. മുംബൈയിലെ ഹാജി അലി ദർഗയിലും ഇതാണുണ്ടായത്. അവിടെയൊന്നും വിവരവും വിദ്യാഭ്യാസവുമുള്ള ജനങ്ങളാരും നാമജപവും നമാസുമായി റോഡിലിറങ്ങിയില്ല. 

എന്തൊരു വലിയ വ‍ഞ്ചനയാണിവർ കേരള സമൂഹത്തോട് ചെയ്യുന്നത്

സമാനമാണ് ശബരിമല കേസിലെ വാദങ്ങൾ. വിധിയും അനുബന്ധ രേഖകളും ആർക്കും വായിച്ചുനോക്കാവുന്നതാണ്. അതൊന്നും മനസ്സിലാകാത്തയാളല്ല പ്രഗത്ഭ അഭിഭാഷകനായ പി.എസ്.ശ്രീധരൻപിള്ള. കൊടിമരം സ്ഥാപിച്ചും, പടിപൂജ നടത്തിയുമൊക്കെ ആചാരങ്ങൾ മാറ്റിയെന്ന് അതിൽ പറയുന്നില്ലേ?  പിള്ളസാർ ഇപ്പോൾ കൂട്ടുപിടിയ്ക്കുന്നവരൊക്കെ കിട്ടാവുന്ന രേഖകളെല്ലാം കോടതിയിൽ കൊടുത്തതല്ലേ? പിള്ളസാർ തന്നെ പറയട്ടെ അതിന് മറുപടി!

രേഖ വേണം, രേഖ! ശങ്കരാടിയുടെ കൈയിലെ രേഖ കണ്ടിട്ടല്ല, സുപ്രീംകോടതി വിധി പറയുന്നത്. 

മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് പുറപ്പെടുവിച്ച വിധി 99.99% അന്തിമമാണെന്ന് രമേശ് ചെന്നിത്തലയ്ക്കും ശ്രീധരൻ പിള്ളയ്ക്കുമറിയാം. ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയാണ് ജ.ദീപക് മിശ്രയ്ക്ക് പകരം ചീഫ് ജസ്റ്റിസായി വരുന്നതെന്നതു കൊണ്ട്, വിധിയിൽ വിപ്ലവകരമായ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്നും വിവരമുള്ള നിയമ‍ജ്ഞരെല്ലാവരും പറയുന്നു. മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിയ്ക്കുന്ന ഒരു വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ ഒരു സർക്കാരിനുമാകില്ല എന്നും ഈ രണ്ട് നേതാക്കൾക്കുമറിയാം. ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് പുനഃപരിശോധനാഹർജി എന്ന ചന്ദ്രഹാസമിളക്കി നാട്ടുകാരെ തെരുവിലേയ്ക്കിറക്കി മതഭ്രാന്ത് അഴിച്ചുവിടുന്നത്. പൊട്ടാനിരിയ്ക്കുന്ന മതവികാരം ഇളക്കിവിടുന്ന രമേശ് ചെന്നിത്തലയും ശ്രീധരൻ പിള്ളയും എന്ത് രാഷ്ട്രീയ ഉത്തരവാദിത്തമാണ് നിറവേറ്റുന്നതെന്ന് എപ്പോഴെങ്കിലും ആലോചിച്ചുനോക്കണം. എന്തൊരു വലിയ വ‍ഞ്ചനയാണിവർ കേരള സമൂഹത്തോട് ചെയ്യുന്നത്?

സനാതനഹിന്ദുക്കളായ രമേശ് ചെന്നിത്തലയും ശ്രീധരൻ പിള്ളയും സുപ്രീംകോടതിയുടെ വിധി വായിച്ചിട്ടില്ല. മലയും കാടും കയറാൻ സ്ത്രീകൾക്ക് ബുദ്ധിമുട്ടാണെന്ന കാരണമാണ് എതിർത്തവരെല്ലാം വാദിച്ചത്. ഇതാണോ ആചാരം? ആ വാദം സുപ്രീംകോടതി തള്ളി. താഴമൺതന്ത്രി കുടുംബം അവർ നിരത്തിയ ബാലിശമായ വാദങ്ങളെപ്പറ്റി വിശദീകരിച്ചോ ആചാരവാദികളേ? നിങ്ങളാരെയാണ് പറ്റിക്കുന്നത്? വ്രതമെടുത്ത് ചെല്ലുന്ന പുരുഷൻമാരുടെ ബ്രഹ്മചര്യത്തിന് യുവതികളെ കണ്ടാൽ ഭംഗം വരുമെന്ന് വരെ വാദിച്ചുകളഞ്ഞു ഇവർ. എന്തൊരു വ്രതനിഷ്ഠയാണെന്ന് നോക്കണേ! ചുരുക്കിപ്പറഞ്ഞാൽ കാമ്പുള്ള വാദമോ, തെളിവുകളോ, രേഖകളോ ഒന്നും തന്ത്രികുടുംബവും രാജകുടുംബവുമടക്കമുള്ളവർക്ക് ഹാജരാക്കാനറിയില്ല. കോടതിയിൽ പോയി കേസും തോറ്റ് വന്നിട്ട് നാട്ടുകാരെ ഇളക്കി പരാക്രമം കാട്ടി മിടുക്കരാകുകയാണ് ഇവരെല്ലാം.

മുൻകാല നായികാതാരം രഞ്ജിനി അടക്കമുള്ള 'റെഡി ടു വെയ്റ്റ് കൂട്ടായ്മ' കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചുപറഞ്ഞത് സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചാൽ അയ്യപ്പന്‍റെ ബ്രഹ്മചര്യം ഇല്ലാതാകുമെന്നാണ്. സ്ത്രീകളെ കണ്ടാൽ അയ്യപ്പന്‍റെ ബ്രഹ്മചര്യം പോകുമെന്ന് ഇവർ തറപ്പിച്ചുപറയുന്നു. അയ്യപ്പന്‍റെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കേണ്ടത് സ്ത്രീകളുടെ ഉത്തരവാദിത്തമാണത്രേ! ശബരിമല അയ്യപ്പന്‍റെ ബ്രഹ്മചര്യം നിങ്ങളാരും സംരക്ഷിക്കണ്ട. ദൈവം നിങ്ങളാരുമല്ല, അയ്യപ്പനാണ്. ദൈവമാണ് മനുഷ്യനെ സംരക്ഷിക്കുന്നത് എന്നല്ലേ വിശ്വാസം? സർവശക്തനായ അയ്യപ്പൻ സ്വന്തം ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാൻ കഴിവില്ലാത്ത ദുർബലനാണെന്ന് നിങ്ങൾ കരുതരുത്. മാത്രമല്ല, അയ്യപ്പന്‍റെ ബ്രഹ്മചര്യം നശിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന രംഭ, മേനക, തിലോത്തമമാരല്ല അവിടേക്ക് വരുന്ന സ്ത്രീകൾ.

പുനഃപരിശോധനാ ഹർജി മാത്രമാണ് ഇനി നിങ്ങളുടെ മുന്നിലുള്ള ഒരേയൊരു വഴി. പിന്നെയുള്ള ഓർ‍ഡിനൻസ് എന്ന മുറവിളിയാണ്. ലോക് സഭാ മുൻ സെക്രട്ടറി ജനറൽ പിടിഡി ആചാരി പറയുന്നത് ശ്രദ്ധിക്കുക, “സുപ്രീം കോടതിയുടെ തീരുമാനം തെറ്റാണെന്ന് പറഞ്ഞ് അതിനെതിരായി സർക്കാരിന് ഒരു ഓർഡിനൻസ് കൊണ്ടുവരാനാകില്ല. എന്നാൽ സുപ്രീം കോടതി ഏത് അടിസ്ഥാനത്തിലാണോ തീരുമാനമെടുത്തത്, ആ അടിസ്ഥാനം മാറ്റാൻ സർക്കാരിന് അധികാരമുണ്ട്. അല്ലാതെ ഓർ‍ഡിനൻസ് കൊണ്ടുവരുന്നത് ഭരണഘടനാപരമായി നിലനിൽക്കില്ല.” മനുഷ്യന്‍റെ മൗലികാവകാശം ലംഗിക്കാനാകില്ല എന്നാണ് സുപ്രീം കോടതി ഉത്തരവിന്‍റെ അന്തസത്ത. അത് ഇനി ഒരു നിയമം കൊണ്ടും മറികടക്കാനാകില്ല. ഏതവന്‍റെ നെഞ്ചത്ത് ചവിട്ടിയിട്ടായാലും, ഏത് ആചാരം വേണ്ട എന്നു വച്ചിട്ടായാലും ആ വിധി സർക്കാരിന് നടപ്പാക്കിയേ പറ്റൂ.

സുപ്രീം കോടതിയുടെ വിധിപ്പകർപ്പും ഒരു ഭരണഘടനയും അവർക്കൊക്കെ സമ്മാനിച്ചേക്കൂ

അങ്ങനെയാണ് മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്നവിസ് സർക്കാർ ഹാജി അലി ദർഗയിലും, ശനി ശിഖ്നാപൂറിലും കോടതി ഉത്തരവ് നടപ്പാക്കിയത്. കേരളത്തിൽ ഭരിക്കുന്നത് ഇടതുമുന്നണിയാണ്, മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നതുകൊണ്ട് സുപ്രീം കോടതി പ്രത്യേക ഇളവൊന്നും നൽകില്ലെന്ന് അഡ്വ.ശ്രീധരൻ പിള്ള സമാനഹൃദയനായ രമേശ് ചെന്നിത്തലക്ക് പറഞ്ഞുകൊടുക്കണം. എന്നിട്ട് രണ്ടുപേരും കൂടി പെരുന്നയിലോ, പന്തളത്തോ ഒക്കെ പോയി കാണിക്കവച്ച് നമസ്കരിച്ച് നാട്ടിലെ നിയമം പറഞ്ഞുമനസിലാക്കി കൊടുക്കണം. ഇത് രാജവാഴ്ചയുടെ കാലമല്ല എന്നും, ജനാധിപത്യ ഭരണമാണ് എന്നും, രാജ്യത്ത് ഭരണഘടന ഉണ്ടെന്നും ഒന്ന് പഠിപ്പിച്ചു കൊടുക്കണം. വേണ്ടിവന്നാൽ സുപ്രീം കോടതിയുടെ വിധിപ്പകർപ്പും ഒരു ഭരണഘടനയും അവർക്കൊക്കെ സമ്മാനിച്ചേക്കൂ.

കേരളത്തിലെ കോൺഗ്രസ് അടുത്തകാലത്തൊന്നും ഗുണം പിടിക്കില്ല എന്നുറപ്പായി. രമേശ്ജിക്ക് തീവ്ര ഹിന്ദുത്വം. കെ.സുധാകരൻജിക്ക് അതിതീവ്ര ഹിന്ദുത്വം. മുല്ലപ്പള്ളിജി മുതൽ വേണുഗോപാൽജി വരെയുള്ളവർക്ക് മൃദു ഹിന്ദുത്വം. ബിന്ദു കൃഷ്ണ മുതൽ വിടി ബൽറാം വരെയുള്ള സ്ത്രീകൾക്കും യുവാക്കൾക്കും അടിമത്തം. ഉമ്മൻ ചാണ്ടിയുടെ വഴുവഴുപ്പൻ നയത്തോടൊപ്പം ആന്‍റണി സുധീരനാദികളുടെ മൗനവും കൂടിച്ചേരുമ്പോൾ ഈ പാർട്ടി എന്തിനാണിങ്ങനെ തുടരുന്നത് എന്ന് തോന്നിപ്പോകും. കെപിസിസി ഓഫീസിന്‍റെ പേര് കേരളാ പ്രദേശ് സംഘശാഖ എന്നോ മറ്റോ ആക്കുന്നതാകും നല്ലത്.

കോൺഗ്രസിന്‍റെ ഇരട്ടത്താപ്പ്

നവംബർ 28ന് ചരിത്രവിധി വന്ന ദിവസം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അതിനോട് പ്രതികരിച്ചത് ഇങ്ങനെ, “സുപ്രീം കോടതിയുടേത് ചരിത്രവിധി, തുല്യനീതി ഉറപ്പാക്കാനുള്ള ചുവടുവയ്പ്പ്. വിശ്വാസികൾക്കിടയിൽ വിവേചനം പാടില്ല.” ഇനി കേരളത്തിലെ ജിമാരുടെ പ്രതികരണം നോക്കാം.

ഉമ്മൻചാണ്ടിജി പറഞ്ഞത് ഇങ്ങനെ, “കോടതി പരിശോധിച്ച സാഹചര്യം ഒണ്ട്, നിയമപരമായി, ഭരണഘടനാപരമായും. ആ പരിശോധന അവര് ഏറ്റവും ഭംഗിയായി നിർവഹിച്ചിരിക്കുന്നു. പക്ഷേ അതേ സമയത്ത് ഇവിടത്തെ വികാരങ്ങളും അനുഷ്ടാനങ്ങളും ആചാരങ്ങളും... ആ, അതും നമ്മുടെ സമൂഹത്തിൽ അവഗണിക്കാനാകാത്ത വിധത്തിൽ നിൽക്കുകയാണ്.”

രമേശ്ജിയുടെ വാക്കുകൾ ഇപ്രകാരം, “ആ... നമ്മുടെ... രാജ്യത്തിന്‍റെ പ്രത്യേകത കണക്കിലെടുത്ത് എല്ലാ ആരാധനാലയങ്ങളും പ്രവർത്തിക്കേണ്ടത് ആചാരങ്ങളുടേയും അനുഷ്ടാനങ്ങളുടേയും അടിസ്ഥാനത്തിലാണ് എന്നുള്ള കാര്യം കൂടി നമ്മള് ഗൗരവമായി കാണേണ്ട ഒരു കാര്യമാണ്”

ഇനി മുല്ലപ്പള്ളിജിയുടെ വാക്കുകൾ “അങ്ങനെ കർക്കശമായ ഒരു നിലപാട് എടുക്കാൻ സാധിക്കുവോ? വലിയൊരുവിഭാഗം ആളുകളുടെ ‘സെന്‍റിമെന്‍റ്സ്’ നിങ്ങൾക്ക് ’വൂണ്ട്’ ചെയ്യാൻ പറ്റുവോ? ഞങ്ങടെ നിലപാട് ഞാൻ ഖണ്ഡിതമായി പറഞ്ഞല്ലോ, ഇതുതന്നെ... അ..അ..  അങ്ങനെ പറയരുത്... അങ്ങനെയിപ്പോ... നിങ്ങളങ്ങനെ... അടിച്ചേൽപ്പിക്കുന്ന തരത്തിലൊരു ചോദ്യം പറയരുത്... പ്ലീസ് ഡോണ്ട് പുട്ട് വേഡ്സ് ഇൻ റ്റു മൈ മൗത്ത്... പ്ലീസ്… അതല്ലല്ലോ ശരി”

ബാബറി മസ്ജിദ് തകർക്കാൻ തുടക്കമിട്ട പാർട്ടിയാണ് ഹിന്ദുത്വം എന്ന് വിറ്റ് വോട്ടാക്കിയിട്ടുള്ള പാർട്ടി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നൂറ് ശതമാനം സാക്ഷരതയുള്ള, സാമൂഹ്യപുരോഗതിയുള്ള കേരളത്തിൽ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനെ നയിക്കുകയാണ് ഇവർ. അമ്പമ്പോ..!! എന്തൊരു പരാജയമാണ് ഇവർ! ഏകദിന ഉപവാസമല്ല, രമേശ് ചെന്നിത്തലയും കോൺഗ്രസും നടത്തേണ്ടത്. കുറഞ്ഞത് ഒരു മാസത്തെ ഉപവാസമാണ്. നേതാക്കളുടെ തലയിലെ ചെളിയെങ്കിലും മാറിക്കിട്ടും. മതേതര പാർട്ടിയാണുപോലും! സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധി നടപ്പാക്കണോ വേണ്ടയോ എന്ന് സർ‍വകക്ഷിയോഗം ചർച്ച ചെയ്യണം എന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. അദ്ദേഹം കേന്ദ്രമന്ത്രി ആയിരുന്നു പോലും! കേരള സർക്കാരാണ് വിധി ചോദിച്ചുവാങ്ങിയത് എന്നുപറയുന്ന രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാണ് പോലും!

കഷ്ടം..! ഈ പാർട്ടിയുടെ ദുർവിധി എന്നല്ലാതെ എന്തുപറയാൻ.

പുരോഗമനപരമായ നിലപാട് ആർഎസ്എസ് പുറമേക്ക് കാണിച്ച ഒരു പ്രശ്നത്തിലാണ് അത്രപോലും കാണിക്കാത്ത ഒരു മതേതര പാർട്ടി. ഒന്നോർത്താൽ അത്ഭുതപ്പെടാനില്ല. മത, വർഗ്ഗീയ, സാമുദായിക ശക്തികളുമായി ചേർന്ന് വിമോചനസമരം നടത്തി ജനകീയ സർക്കാരിനെ മറിച്ചിട്ടവരാണ്. ബാബറി മസ്ജിദ് തകർക്കാൻ തുടക്കമിട്ട പാർട്ടിയാണ്. ഹിന്ദുത്വം എന്ന് വിറ്റ് വോട്ടാക്കിയിട്ടുള്ള പാർട്ടി. ഇപ്പോഴും കൈലാസയാത്രയും ഗോരക്ഷയും രാമപൂജയുമൊക്കെ പറഞ്ഞ് നാല് വോട്ട് തട്ടാൻ നോക്കുന്നവരാണ്. ഒരു കൈയ്യിൽ മതേതരത്വവും മറുകൈയ്യിൽ ഹിന്ദുത്വവും പിടിച്ച് ഹിന്ദുത്വം നന്നായി കളിക്കുന്ന ബിജെപിയോട് ഏറ്റുമുട്ടി തകർന്നു കിടക്കുന്നവർ. അവസരവാദികളുടെ, അധികാരമോഹികളുടെ പാർട്ടി. നിർണ്ണായകസമയത്ത് ശബ്ദം ഉയർത്തിയില്ലെങ്കിൽ പിന്നെ എന്ത് പറഞ്ഞിട്ടും എന്ത് ആശയ, ആദർശവാദി ആയിട്ടും കാര്യമില്ല എന്ന് വിഎം സുധീരന് അറിയില്ലേ? ഫേസ്ബുക്കിൽ നിലപാട് പറഞ്ഞ് നിയമസഭയിൽ പത്തിമടക്കി പഞ്ചപുച്ഛമടക്കി ഇരിക്കുന്നത് അന്തസില്ലായ്മ ആണെന്ന് വിടി ബൽറാമിന് മനസിലാകുന്നില്ലേ? ഖദറുമിട്ട് ബിജെപി നിലപാട് ചുമന്നു നടക്കാൻ നാണമില്ലേ കോൺഗ്രസുകാരേ നിങ്ങൾക്ക്?

ഇവരുടെയൊക്കെ വീട്ടിൽ സമയം പിന്നോട്ടാണോ സഞ്ചരിക്കുന്നത്

പിഎസ് ശ്രീധരൻപിള്ളയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും കെ സുധാകരനും കെസി വേണുഗോപാലും അടക്കമുള്ള നേതാക്കളുടെ പ്രധാന പ്രശ്നമാണ് മനസിലാക്കേണ്ടത്. സ്ത്രീകൾ ശബരിമലയിൽ കയറുന്നു എന്നുള്ളതല്ല ഇവരുടെ പ്രശ്നം. ആർത്തവകാലത്ത് സ്ത്രീകൾക്ക് ഉണ്ടായിരുന്ന വിലക്ക് സുപ്രീം കോടതി മാറ്റി എന്നുള്ളതാണ് ഇവരുടെയൊക്കെ പ്രശ്നം. ആർത്തവകാലം അശുദ്ധിയാണ് എന്ന് മനസിലാക്കുന്ന തരംതാണ വിവരം മാത്രമേ ഇവർക്കുള്ളൂ. ഇവർ ഏതുകാലത്തെ വിദ്യാഭ്യാസമാണ് നേടിയത്? എന്തിനാണ് ഇവർക്ക് വിദ്യാഭ്യാസം ഉണ്ടായത് എന്നുപോലും നമുക്ക് മനസിലാകില്ല. പറ്റിയാൽ ആർത്തവകാലത്ത് സ്ത്രീകൾ ഒരു കുഴി കുഴിച്ച് അതിനകത്ത് ഇരുന്നുകൊള്ളട്ടെ എന്ന് കരുതുന്ന തരം പ്രാചീന വിശ്വാസമുള്ള ആളുകളായി ഇവർ മാറുകയാണ്. ഇവരുടെയൊക്കെ വീട്ടിൽ സമയം പിന്നോട്ടാണോ സഞ്ചരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. യഥാർത്ഥത്തിൽ സ്ത്രീകളുടെ ആർത്തവത്തെ പേടിക്കുന്ന നേതാക്കളായി ശ്രീധരൻ പിള്ളയും മുല്ലപ്പള്ളിയും ചെന്നിത്തലയും കെ സുധാകരനുമെല്ലാം മാറുന്നു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ തമാശ.

സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യത എന്ന അടിസ്ഥാന തത്വം നടപ്പാക്കുന്നതിൽ സുപ്രീം കോടതിക്ക് തടസമായത് ഹിന്ദു ദേവാലയപ്രവേശന നിയമത്തിലെ വകുപ്പാണ്, പ്രത്യേക കാലത്തെ വിലക്ക്. ആ നിയമപരമായ വിലക്ക് കോടതി റദ്ദാക്കി. ആർത്തവകാലത്ത് സ്ത്രീകളുടെ ശരീരത്തിൽ വരുന്ന വ്യതിയാനം അവരുടെ വിശുദ്ധിയെ ബാധിക്കുന്നു എന്നതുകൊണ്ടാണ് പത്ത് മുതൽ അമ്പത് വയസ് വരെയുള്ള സ്ത്രീകളെ ശബരിമലയിൽ വിലക്കിയിട്ടുള്ളതെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ പറയുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആർത്തവത്തെ ഒരു ശാരീരിക അശുദ്ധിയായി തന്നെയാണ് കാണുന്നതെന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു. നൂറ്റാണ്ടിന്‍റെ പഴക്കമുള്ള ഈ വിശ്വാസം ഇന്ത്യൻ ഭരണഘടന ഉണ്ടാക്കുന്നതിനും മുമ്പേ ഉണ്ടായിരുന്നുവെന്നും സുധാകരൻ ന്യായീകരിക്കുന്നു. അത് പരിപാലിച്ചുകൊണ്ട് മുന്നോട്ടു പോയില്ലെങ്കിൽ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് സുധാകരന്‍റെ മുന്നറിയിപ്പ്. അത് പൊട്ടിത്തെറിയല്ല, പൊട്ടിത്തെറിക്കപ്പുറത്ത് കലാപമായിരിക്കും ആ കലാപം ഈ നാട് ചുടലക്കളമാക്കിത്തീർക്കുമെന്നും സുധാകരൻ പറഞ്ഞുവയ്ക്കുന്നു.

എംഎ, എൽഎൽബി, എംഎൽഎം എന്നിങ്ങനെയാണ് കെ സുധാകരന്‍റെ വിദ്യാഭ്യാസ യോഗ്യതകളെന്ന് ഗൂഗിൾ പറയുന്നു. അന്തകാലത്തെ നിയമപഠനത്തിൽ ഭരണഘടനയൊന്നും സുധാകരൻ പഠിച്ചിട്ടില്ലേ? പത്താം ക്ലാസിലും പ്രീ ഡിഗ്രിക്കുമൊക്കെ ബയോളജിയുടെ അടിസ്ഥാന പാഠമെങ്കിലും പഠിച്ചിട്ടുണ്ടോ? അമ്മയോ ഭാര്യയോ മകളോ സ്ത്രീ സുഹൃത്തുക്കളോ ഒക്കെ ശ്രീ. കെ സുധാകരന് ഉണ്ടാകുമല്ലോ അല്ലേ? അവരോട് ഈ അശുദ്ധിയും ശുദ്ധിയുമൊക്കെ നോക്കിയാണോ കെ സുധാകരൻ പെരുമാറുന്നത്? അവരെ വീട്ടിലൊന്നും ഈ കാലത്ത് കയറ്റാറില്ലേ? അയിത്തം എന്ന വകുപ്പിൽ എന്തൊക്കെ വരുമെന്ന് കെ സുധാകരന് അറിയാമോ? മുൻ മന്ത്രിയാണത്രേ. കോൺഗ്രസിനെ നന്നാക്കാൻ വന്ന വർക്കിംഗ് പ്രസിഡന്‍റാണ്. സ്ഥാനമൊന്നും കിട്ടിയില്ലെങ്കിൽ ബിജെപിയിലേക്ക് പോകും എന്നൊരു കഥ കേട്ടിരുന്നത് വിശ്വസിക്കാൻ തോന്നുന്നുണ്ട്.

കൊല്ലത്തെ ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ, മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് മുതിർന്ന നേതാവ് ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരൊക്കെ ആർജ്ജവമുള്ളവരും സത്യസന്ധരുമാണ് എന്നുണ്ടെങ്കിൽ കെ സുധാകരന് മറുപടി പറയണം. കോൺഗ്രസ് എന്ന പാർട്ടി സ്ത്രീകളുടേതും യുവാക്കളുടേതുമല്ലേ? അങ്ങനെയൊക്കെ പറഞ്ഞുകേൾക്കാറുണ്ടല്ലോ. അതോ വൃദ്ധരുടേയും, ആചാരവാദികളുടേയും ഹിന്ദുത്വവാദികളുടേയും പിന്തിരിപ്പൻ പാർട്ടിയാണോ? ഇപ്പോൾ മറുപടിയില്ലെങ്കിൽ നാളെ കോൺഗ്രസിലെ സ്ത്രീ നേതാക്കളൊന്നും നാളെ തുല്യത, ഞങ്ങളെ അവഗണിക്കുന്നേ... എന്നൊന്നും വിളിച്ചുപറഞ്ഞ് ധർമ്മനിഷ്ടരാകാൻ ശ്രമിക്കരുത്. സ്ത്രീപ്രവേശനത്തെ എതിർക്കാത്ത ബിജെപിയും കോൺഗ്രസും വിശ്വാസികളുടെ വികാരം, ആചാരം എന്നെല്ലാമുള്ള പേരിൽ ഇരട്ടത്താപ്പും സ്ത്രീവിരുദ്ധതയും കാണിക്കുന്നത് ഈ സ്ത്രീകളെങ്കിലും മനസിലാക്കേണ്ടതല്ലേ?

ഏത് വിശ്വാസികൾക്കൊപ്പമാണ് ശ്രീ വേണുഗോപാൽ? ഏത് മതേതരത്വത്തെപ്പറ്റി നിങ്ങളിനി പ്രസംഗിക്കും?

നമ്മുടെ നാട്ടിലെ ഒരോ ആരാധനാലയങ്ങൾക്കും അതിന്‍റേതായ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ വാദിക്കുന്നു. പ്രാദേശികമായി നിലനിൽക്കുന്ന ആചാരങ്ങളേയും വിശ്വാസങ്ങളേയും ഒരു വിധികൊണ്ട് മാത്രം ഇല്ലാതാക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നില്ല. കോൺഗ്രസിന്‍റെ പ്രാദേശിക നേതൃത്വങ്ങൾക്ക് അതാതിടങ്ങളിൽ നിലപാട് എടുക്കാനുള്ള സ്വാതന്ത്ര്യം ഹൈക്കമാൻഡ് തന്നിട്ടുണ്ടെന്നാണ് കെസി വേണുഗോപാലിന്‍റെ ന്യായീകരണം. ദൈവവിശ്വാസികളായ എത്രയോ സ്ത്രീകളും പുരുഷൻമാരും സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നുണ്ട്. ഏത് വിശ്വാസികൾക്കൊപ്പമാണ് ശ്രീ വേണുഗോപാൽ? ഏത് മതേതരത്വത്തെപ്പറ്റി നിങ്ങളിനി പ്രസംഗിക്കും? ഈ ലോകം നിങ്ങളുടേത് മാത്രമല്ല വേണുഗോപാൽ?

അവസരം മുതലെടുക്കുന്ന ആർഎസ്എസ്, പിന്തിരിപ്പൻ ബിജെപിയും കോൺഗ്രസും

എല്ലാ കാലത്തും ഇത്തരം പ്രശ്നങ്ങളിൽ രേഖാപരമായി പുരോഗമന പക്ഷത്തായിരുന്നു ആർഎസ്എസ്. എന്നുവച്ചാൽ അങ്ങനെയുള്ള രേഖകൾ അവർ അവശേഷിപ്പിച്ചിട്ടുണ്ട് എന്ന് മാത്രമാണ് അർത്ഥം. ശബരിമല നിലപാടിലും അതേ, ആ നിലപാടിൽ നിന്നുകൊണ്ട് അന്തരീക്ഷം മുതലെടുക്കുന്ന രാഷ്ട്രീയ കുബുദ്ധി അവർ പ്രയോഗിക്കുന്നുണ്ട്. കോൺഗ്രസ് ആകട്ടെ അടിമുടി പിന്തിരിപ്പൻ. വരും കൊല്ലങ്ങളിൽ കൂടുതൽ സ്ത്രീകൾ മലകയറും എന്നുറപ്പ്. ഒരു അഞ്ചു കൊല്ലത്തിനപ്പുറം ഇതൊരു വിഷയമേ അല്ലാതാകും. പക്ഷേ അന്നും ചരിത്രത്തിലെ രേഖപ്പെടുത്തലുകൾ തുടരും. അപ്പോൾ, ‘അയ്യേ... ഇത്ര വിവരം കെട്ടവരായിരുന്നോ ഞങ്ങളുടെ അപ്പൂപ്പൻമാർ’ എന്ന് ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വേണുഗോപാലിന്‍റേയും സുധാകരന്‍റേയും കൊച്ചുമക്കൾ ഇവരെ ഓർമ്മിക്കുന്ന കാലം വരും. കോൺഗ്രസിനെ മതേതരത്വത്തിൽ നിന്നും പുരോഗമനത്തിൽ നിന്നും പിന്നോട്ടടിച്ച, സാമൂഹ്യപരിഷ്കാരത്തോട് മുഖം തിരിച്ച നേതൃത്വം എന്ന് വരുംകാലം കറുത്ത ഏടിൽ ഇവരെ ഓർമ്മിക്കും.

“ആർത്തവം അയോഗ്യതയല്ല, ജൻമം നൽകാനുള്ള യോഗ്യതയാണ്. അഞ്ച് ദിവസം എന്ത് അശുദ്ധിയാണുള്ളത്? അയ്യപ്പൻ ബ്രഹ്മചാരിയാണെന്ന് ആരുപറഞ്ഞു? ആർത്തവമുള്ള സ്ത്രീകളെ കാണേണ്ട എന്ന് അദ്ദേഹം നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? സാധു സന്യാസിമാർ യുവതികളായ ഭക്തകളെ കാണാറില്ലേ? ഈ വാദം ഉന്നയിക്കുന്നവർക്ക് പതിനാലാം നൂറ്റാണ്ടിലെ ചിന്താഗതിയാണ്.” ശ്രീധരൻ പിള്ള സാറിന്‍റെ സ്വന്തം പാർട്ടിയായ ബിജെപിയുടെ ദേശീയ നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ വാക്കുകളാണിത്. പിള്ളസാർ ഇതൊന്ന് അമിത് ഷായുടെ ശ്രദ്ധയിൽ പെടുത്തണം. ആദ്യം സ്വന്തം പാർട്ടിക്കാരെ ശ്രീധരൻ പിള്ള സാർ പറയുന്നത് ബോധ്യപ്പെടുത്തണം. എന്നിട്ട് പോരേ നാട്ടുകാരെ മെനക്കെടുത്താൻ ഇറങ്ങുന്നത്?

ചാ‌ഞ്ചാടി സിപിഎം

കോൺഗ്രസിന്‍റേയും ബിജെപിയുടേയും ഇരട്ടത്താപ്പുകൾ തുറന്നുകാണിക്കുമ്പോൾ സിപിഎം എല്ലാം തികഞ്ഞവരാണ് എന്ന ധാരണയൊന്നും ഇല്ല. മതേതരർ ആകണോ പുരോഗമനം വേണോ ന്യൂനപക്ഷ പ്രീണനം വേണോ അതോ എല്ലാ വള്ളത്തിലും കൂടി ഒന്നിച്ച് കാലുവയ്ക്കണോ എന്ന് ഇതുവരേയും നിശ്ചയിക്കാത്ത പാർട്ടിയാണ് സിപിഎം. അപ്പോൾ കണ്ടവനെ അപ്പാ എന്നുവിളിക്കും എന്ന മട്ടിൽ അതതുകാലത്ത് ഓരോ കാലത്ത് പ്രീണനം നടത്തിയ സിപിഎം ഇപ്പോഴതിന് വലിയ വില കൊടുക്കുകയാണ്. സുപ്രീം കോടതി വിധി പിണറായി വിജയന്‍റെ കുറ്റമാണ് എന്ന മട്ടിൽ നടക്കുന്ന പ്രചാരണങ്ങളെ സിപിഎമ്മിന് ഫലപ്രദമായി നേരിടാൻ കഴിയാത്തതും ഇതുകൊണ്ട് തന്നെയാണ്. പാർട്ടിക്ക് സൈദ്ധാന്തിക അടിത്തറയുണ്ടാകാം. ആശയ ആദർശങ്ങളുണ്ടാകാം. പക്ഷേ കേരളത്തിലെ ഇടതുപക്ഷ സർക്കാർ അതിനുമുമ്പ് പ്രതിപക്ഷമായിരുന്നപ്പോഴും ഇടതുപക്ഷം പ്രവർത്തിക്കുന്നത് ആശയത്തിന്‍റേയും തത്വത്തിന്‍റേയും അടിസ്ഥാനത്തിൽ അല്ലെന്ന് പലകുറി തെളിയിച്ചിട്ടുണ്ട്.

‘എല്ലാ മേഖലകളിലേയും സ്ത്രീ വിവേചനം അവസാനിപ്പിക്കുന്നതിന് സഹായകമായ വിധി. വിധി നടപ്പാക്കുന്നതിന് നടപടികൾ കൈക്കൊള്ളണം’ ഇതായിരുന്നു ചരിത്രവിധി പുറത്തുവന്ന ഉടനെ സിപിഎമ്മിന്‍റെ പ്രതികരണം. എന്നാൽ പിന്നീട് പ്രതികരണം ഇത്തിരി മയപ്പെട്ടു. ‘ശബരിമലയിൽ ഇഷ്ടമുള്ളവർക്ക് പോകാം, അല്ലാത്തവർക്ക് പോകാതിരിക്കാം, അതിൽ സിപിഎം ഇടപെടില്ല. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചർച്ച നടപ്പാക്കിയ ശേഷം വിധി നടപ്പാക്കണം’ എന്നായി പാർട്ടി നിലപാട്. എന്‍റെ വീട്ടിൽനിന്ന് സ്ത്രീകൾ ആരും ശബരിമലയിൽ പോകില്ല എന്നാണ് സിപിഎംകാരനായ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എം പദ്മകുമാർ പറഞ്ഞത്. പുരുഷൻ സ്ത്രീയുടെ ഉടമയല്ല എന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന്‍റെ തൊട്ടുപിറ്റേന്നായിരുന്നു പദ്മകുമാറിന്‍റെ ഈ മൂരാച്ചി നിലപാട്. ഇങ്ങേർ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗമാണ് എന്താണ് സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് സിപിഎം നിശ്ചയിച്ചിട്ടുള്ള യോഗ്യത? ഇങ്ങേരെ പാർട്ടി ക്ലാസിൽ പഠിപ്പിച്ചത് ഭയ്യാജി ജോഷിയോ മോഹൻ ഭാഗവതോ മറ്റോ ആണോ?

കോൺഗ്രസും ബിജെപിയും സമുദായസംഘടനകളും കൈകോർത്ത് നിൽക്കുന്ന ഇരുണ്ട ചിത്രം

പോകാനുള്ള അനുമതി സുപ്രീം കോടതി നൽകിയിരിക്കുന്നു, ആ അനുമതി അനുസരിച്ച് താൽപ്പര്യമുള്ളവർ പോകട്ടേ എന്ന് മാത്രമേ പറയാനാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പലത്തിലേക്ക് പോകുന്നത് പോകണ്ടാ എന്നുവയ്ക്കാൻ ഒരുകൂട്ടർക്ക് കഴിയുമോ? അമ്പലത്തിലകത്തേക്ക് പോകാൻ സ്ത്രീകൾ തയ്യാറായി വരുകയാണെങ്കിൽ അങ്ങനെ വരുന്നവരെ തടയാൻ പറ്റുമോ? സാധാരണനിലക്ക് അവർക്ക് പോകാനുള്ള അവകാശമുള്ളതല്ലേ? എന്നും പിണറായി വിജയൻ ചോദിക്കുന്നു. മുഖ്യൻ ഇത്ര ഉറപ്പിച്ചുപറയുന്ന കാര്യത്തിൽ മുഖ്യൻ തന്നെ നിയോഗിച്ച മുഖ്യന്‍റെ പാർട്ടിയുടെ മുഖ്യ അംഗം ബിജെപിയുടെ നിലപാട് പറയുന്നത് എന്തുകൊണ്ടാണ്? ദേവസ്വം മന്ത്രിയും ഒട്ടും മോശക്കാരനല്ല. ദേവസ്വം നിയമനങ്ങളും അനുബന്ധകാര്യങ്ങളുമൊക്കെ സമുദായ സംഘടനകളുടെ ആസ്ഥാനത്ത് പോയി ആലോചിക്കണം എന്ന നിലപാടുകാരനായ, ഭക്തശിരോമണിയായ രാജഭക്തൻ. കടകംപള്ളി അഴകൊഴമ്പൻ നിലപാട് തൽക്കാലം നിർത്തി മിണ്ടാതിരിക്കുന്നു എന്നേയുള്ളൂ.

പെരുന്ന രാജാവും പന്തളം രാജാവും കൂടി ‘ഞങ്ങൾക്ക് തുല്യത വേണ്ടേ  വേണ്ട’ എന്ന് മുദ്രാവാക്യം വിളിപ്പിച്ച് സ്ത്രീകളെ റോഡിലിറക്കിയത് മുഖ്യമന്ത്രി കട്ടായം പറഞ്ഞുകഴിഞ്ഞതിന് ശേഷമാണ്. ബിജെപി നേതാക്കളും കോൺഗ്രസ് നേതാക്കളും ഉടൻതന്നെ പെരുന്നയിലെ താക്കോൽ സ്ഥാനത്തേക്കും പന്തളത്തെ പഴയ രാജാവിന്‍റെ വീട്ടിലേക്കും ഓടിച്ചെന്നത് കണ്ടപ്പോൾ സിപിഎമ്മിന് അപകടം മണത്തു. ബിജെപിയുടെ വലയിൽ വീഴാതിരുന്ന, ഇപ്പോൾ സിപിഎമ്മിനോട് അനുഭാവം കാണിക്കുന്ന പെരുന്ന പോപ്പ് കൈവിട്ടുപോകുമെന്നൊരു സംശയം. കോൺഗ്രസും ബിജെപിയും സമുദായസംഘടനകളും കൈകോർത്ത് നിൽക്കുന്ന ഇരുണ്ട ചിത്രം. അതോടെ സിപിഎം ചർച്ചക്കൊരുങ്ങി. ചർച്ച ചെയ്യുന്നതിൽ ഒരു കുഴപ്പവുമില്ല. വിധി നടപ്പാക്കുന്നത് എങ്ങനെയാകണം ചർച്ച എന്നുമാത്രം. തന്ത്രികുടുംബത്തിനോ സമുദായസംഘടനകൾക്കോ ഒക്കെ പുനഃപരിശോധനാ ഹർജി കൊടുക്കാവുന്നതേയുള്ളൂ. സർക്കാർ അത് ചെയ്യരുത്. ഓ‍ർഡിനൻസ് പ്രായോഗിക കാര്യമല്ലെന്ന് ഇതിനകം ഉപദേശം കിട്ടിക്കാണും. മുൻകാല അനുഭവവും ഉണ്ട്. എതിർപ്പുള്ളവരെ പറഞ്ഞ് മനസിലാക്കാനാകണം ചർച്ചകൾ. സ്ത്രീകളും പുരുഷൻമാരും ദേവസ്വം ഡ്യൂട്ടിയിയിലുള്ള, പതിനെട്ടുപടികളിൽ വനിതാ പൊലീസും നിൽക്കുന്ന, സ്ത്രീകളും പുരുഷൻമാരും ദർശനത്തിനെത്തുന്ന പുണ്യപൂങ്കാവനമാകട്ടെ ശബരിമല.

അതിനുപകരം മതത്തെ കൂട്ടുപിടിച്ച് സമൂഹത്തെ പിന്നോട്ടടിക്കാനുള്ള നിലപാടാണ് ഈ രാഷ്ട്രീയക്കാരെല്ലാം ചേർന്ന് എടുക്കുന്നത്

മതനിയമങ്ങളിലും മതാചാരങ്ങളിലും കോടതി ഇടപെടുന്നത് ശരിയല്ല എന്നാണ് ഒരു കൂട്ടരുടെ വാദം. ഇന്ന് ശബരിമലയിൽ ഉണ്ടായത് നാളെ ഒരു പള്ളിയിലുണ്ടാകും എന്ന പേടിയിലാണ് കുഞ്ഞാലിക്കുട്ടി സാഹിബും മജീദ് സാഹിബുമെല്ലാം ശബരിമലയെ രക്ഷിക്കാൻ ചാടി രംഗത്തിറങ്ങിയിരിക്കുന്നത്. യഥാർത്ഥത്തിൽ മതം എന്ന ചട്ടക്കൂടാണ് മനുഷ്യരെ, പ്രത്യേകിച്ച് സ്ത്രീകളെ നിയന്ത്രിച്ച് അടിമകളാക്കി വച്ചിരിക്കുന്നത്. ഭരണഘടനയും അത് നൽകുന്ന മൗലിക അവകാശങ്ങളും സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെയാണ് ഏത് പുരോഗമന സമൂഹവും തിരിച്ചറിഞ്ഞ് നടപ്പാക്കേണ്ടതാണ്. അതിനുപകരം മതത്തെ കൂട്ടുപിടിച്ച് സമൂഹത്തെ പിന്നോട്ടടിക്കാനുള്ള നിലപാടാണ് ഈ രാഷ്ട്രീയക്കാരെല്ലാം ചേർന്ന് എടുക്കുന്നത്. യഥാർത്ഥത്തിൽ പാർലമെന്‍റ് ചെയ്യേണ്ടത് കോടതി ചെയ്തിരിക്കുന്ന. ബുദ്ധിയുള്ള, വിവേകമുള്ള, മുന്നോട്ടേക്ക് നോക്കുന്ന മനുഷ്യരെല്ലാം അതിനെ കയ്യടിച്ച് സ്വീകരിക്കുകയാണ് വേണ്ടത്.

Latest Videos
Follow Us:
Download App:
  • android
  • ios