അരിസ്‌റ്റോ സുരേഷിന് ഇതെന്തു പറ്റി?

സുരേഷ് സാബുവിനോട് പറയുന്നുണ്ട്, എനിക്കിനി പ്രണയിക്കാന്‍ പഠിക്കണം , അന്‍പതാം വയസ്സിലെ പ്രണയം എന്ന്. വളരെ പരുക്കനായ സുരേഷ് അലിഞ്ഞു ഒരു വെണ്ണയായിരിക്കുന്നു. 

Bigg Boss Malayalam review Aristo Suresh by Sunitha Devadas

ഭക്ഷണ കൊതിയന്‍ എന്ന അവാര്‍ഡ് ലഭിച്ചപ്പോള്‍ സുരേഷ് നടത്തിയ മറുപടി പ്രസംഗത്തില്‍ പറഞ്ഞത് 'എനിക്ക് ഭക്ഷണത്തോടല്ല കൊതി, സ്‌നേഹത്തോടാണ്. അതിനു വേണ്ടി കൊതിക്കുന്നു' എന്നാണ്. സത്യമാണ് അത്. സ്‌നേഹം തേടി ബിഗ് ബോസ് വീട്ടിനുള്ളില്‍ അലഞ്ഞു നടക്കുന്ന ഒരു ഗതികിട്ടാ പൊസസീവ് പ്രേതമായി സുരേഷ് മാറിയിരിക്കുന്നു. 

രണ്ടു മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തെ പൂര്‍ണമായി നിര്‍വചിക്കാനോ പേരിട്ടു വിളിക്കാനോ എളുപ്പമല്ല. ആരുമില്ലാത്ത രണ്ടു പേര്‍ തമ്മില്‍ ഒരു ബന്ധമുണ്ടാവുമ്പോള്‍, അതും ബിഗ് ബോസ് പോലൊരു റിയാലിറ്റി ഷോയില്‍, പ്രേക്ഷകര്‍ക്ക് ഉടന്‍ അതിനെ ഡിഫൈന്‍ ചെയ്തില്ലെങ്കില്‍ സമാധാനം കിട്ടില്ല. അച്ഛന്‍-മകള്‍, സഹോദരി, പിറക്കാതെ പോയ സഹോദരന്‍, കുഞ്ഞമ്മേടെ അളിയന്‍ എന്നൊക്കെ അങ്ങ് പറഞ്ഞു വച്ചാലേ ഒരു സമാധാനം കിട്ടു. 

ബന്ധങ്ങളെ സംബന്ധിച്ചിടത്തോളം എന്താണ് ബിഗ് ബോസ് അനുഭവം? ഒരു കള്ളിയിലും ഒതുങ്ങാതെ ബന്ധങ്ങളും മനുഷ്യരും നമ്മുടെ സ്വീകരണ മുറിയില്‍ ഒരു ലാവാ പ്രവാഹം പോലെ ഒഴുകി പരക്കുകയാണ്. അതിന്റെ ചൂടില്‍ മനുഷ്യര്‍ വെന്തുരുകുന്നു. ഇപ്പോള്‍ ഉമിത്തീയില്‍ നീറികൊണ്ടിരിക്കുന്നത് അരിസ്‌റ്റോ സുരേഷാണ്. 

ബിഗ് ബോസ് വീട്ടില്‍ കയറിയപ്പോള്‍ മുതല്‍ കൂടെയുള്ളവര്‍ സുരേഷിനെ അച്ഛനും അച്ഛച്ചനും മുത്തശ്ശനും ഒക്കെ ആക്കി ലേബല്‍ ഒട്ടിക്കാന്‍ തുടങ്ങിയതാണ്. സത്യത്തില്‍ വിരോധാഭാസം എന്നെ പറയാനുള്ളു. 44 വയസ്സുണ്ട് ശ്വേതയ്ക്ക്. അതിനേക്കാള്‍ നാലഞ്ചു വയസിന്റെ വ്യത്യാസങ്ങളേ ഉള്ളൂ സാബു, രഞ്ജിനി, അനൂപ്, അരിസ്‌റ്റോ സുരേഷ് തുടങ്ങിയവര്‍ക്ക്. അരിസ്‌റ്റോ സുരേഷിന്റെ പ്രായം 50. എന്നാല്‍ എന്ത് കൊണ്ടോ വയസ്സില്‍ ഒരു പാട് ഇളയവരല്ലാത്ത ബിഗ് ബോസ് വീട്ടുകാര്‍ പോലും സുരേഷിനുമേല്‍ അച്ഛന്‍ എന്ന ലേബല്‍ ഒട്ടിച്ചു. ആദ്യം അതിഥിയുടെയും മറ്റെല്ലാവരുടെയും അച്ഛനായിരുന്നു. പിന്നെ പേളിയുടെ അച്ഛനായി. പേളിയുടെ അച്ഛനായതോടെ സുരേഷ് അച്ഛന്‍ ബാക്കി എല്ലാ മക്കളെയും ഉപേക്ഷിച്ചു പേളിയില്‍ മാത്രം ഒതുങ്ങി. 

ഇപ്പോള്‍ സങ്കീര്‍ണമായ മാനസികാവസ്ഥയുടെ കടന്നു പോയികൊണ്ടിരിക്കുകയാണ് സുരേഷ്. സുരേഷിന് ബിഗ് ബോസില്‍ വന്ന ശേഷം എന്താണ് സംഭവിച്ചത്?  

ഭക്ഷണ കൊതിയന്‍ എന്ന അവാര്‍ഡ് ലഭിച്ചപ്പോള്‍ സുരേഷ് നടത്തിയ മറുപടി പ്രസംഗത്തില്‍ പറഞ്ഞത് 'എനിക്ക് ഭക്ഷണത്തോടല്ല കൊതി, സ്‌നേഹത്തോടാണ്. അതിനു വേണ്ടി കൊതിക്കുന്നു' എന്നാണ്. സത്യമാണ് അത്. സ്‌നേഹം തേടി ബിഗ് ബോസ് വീട്ടിനുള്ളില്‍ അലഞ്ഞു നടക്കുന്ന ഒരു ഗതികിട്ടാ പൊസസീവ് പ്രേതമായി സുരേഷ് മാറിയിരിക്കുന്നു. കഴിഞ്ഞ 40 ദിവസത്തെ ബിഗ് ബോസ് വീട്ടിലെ ജീവിതം സുരേഷിനെ ഒരു സ്‌നേഹദാഹിയും സ്‌നേഹദാതാവും ആക്കി മാറ്റിയിരിക്കുന്നു. 

ഒരു നാടന്‍ മനുഷ്യനായി, കല്യാണം പോലും കഴിക്കാന്‍ മറന്നു ജീവിച്ച കലാകാരനായ ഒരു പച്ച മനുഷ്യനായിരുന്നു സുരേഷ്. ആക്ഷന്‍ ഹീറോ ബിജുവിലെ പാട്ടും അഭിനയവുമാണ് അരിസ്‌റ്റോ സുരേഷിനെ മലയാളിയുടെ ഇഷ്ടതാരമാക്കി മാറ്റിയത്. സുരേഷ് തന്നെ പറയുന്നുണ്ട്, അതിനു മുന്‍പും ശേഷവും എന്നാണ് തന്റെ ജീവിതം അടയാളപ്പെടുത്തേണ്ടത് എന്ന്. 

പേളിക്ക് സുരേഷിനോട് വളരെ ആരോഗ്യകരമായ ഒരു ബന്ധമാണുള്ളത്. പേളിക്കുള്ളിലെ മുറിവുകള്‍ താരാട്ടു പാടി ഉണക്കുന്ന ഒരച്ഛനോടുള്ള സ്‌നേഹം. എന്നാല്‍ സുരേഷിന് പേളിയോടുള്ള ബന്ധം നിര്‍വചിക്കാന്‍ അത്ര എളുപ്പമല്ല. അതില്‍ രക്ഷാകര്‍തൃത്വമുണ്ട്, വാത്സല്യമുണ്ട്, അമിത സംരക്ഷണ ത്വരയുണ്ട്, പൊസസീവ്‌നെസുണ്ട്, അഡിക്ഷന്‍ ഉണ്ട്, അഭിമാനമുണ്ട്, കരുതലുണ്ട്, ഇതിലൊക്കെ ഉപരി എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് പേളി എന്ന അഹങ്കാരമുണ്ട്. 

സ്‌നേഹം പല തരത്തിലുണ്ട്. പരസ്പരമുള്ള അടുപ്പം, വിശ്വാസം, പാഷന്‍, കമ്മിറ്റ്‌മെന്റ്, കരുതല്‍ എന്നിവയുടെ തോതനുസരിച്ചു പല തരം ലവ്. 

കംപാഷനേറ്റ് ലവും പാഷനേറ്റ് ലവും ഉണ്ട്. ഒന്ന് വിശദീകരിക്കാന്‍ ശ്രമിച്ചാല്‍ ഏറ്റവും കുറഞ്ഞത് 7 തരം ലവ് ഉണ്ട് എന്ന് കാണാം. പല ബന്ധങ്ങളിലും ഇതൊക്കെ പരസ്പരം കൂടി കുഴഞ്ഞായിരിക്കും കിടക്കുന്നത്. ഇഴ പിരിക്കാന്‍ അത്ര എളുപ്പമാവില്ല. 

  • Friendship - warmth, and closeness to another person (intimacy), but no intense passion or long-term commitment
  • Infatuation - love at first sight  (passion), but lack of intimacy and commitment (infatuated love can disappear suddenly)
  • Empty love - commitment exists, but relationship lacks intimacy and passion 
  • Romantic love - intimacy and passion exist, but not a commitment
  • Companionate love - intimacy, and commitment exist, but relationship lacks passion
  • Fatuous love - commitment motivated primarily by passion and lacks intimacy
  • Consummate love - the 'ideal' relationship that involves all three elements (intimacy, passion, and commitment)

പ്രണയക്കുരുക്കിലോ?
പ്രണയത്തില്‍ വീണു  എന്ന് പറഞ്ഞാല്‍ തന്നെ അതില്‍ നിന്നറിയാല്ലോ ഇതൊരു ഒന്നൊന്നര വാരിക്കുഴിയാണെന്ന്. സുരേഷ് ആ വാരിക്കുഴിയില്‍ വീണു പോയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസത്തെ പെരുമാറ്റവും സംസാരവും ഒന്ന് നോക്കാം.

1. ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രസന്നനായ, ഒരു ഈഗോയും ഇല്ലാത്ത, പോസിറ്റീവ് മുഖവും പെരുമാറ്റവുമുള്ള, നിഷ്‌കളങ്കമായ ചിരിയും പാട്ടുമുള്ള,  എല്ലാവരും ഏറ്റവും ശക്തനായ മത്സരാര്‍ത്ഥി എന്ന് കരുതിയവരില്‍ ഒരാളായിരുന്നു അരിസ്റ്റോ സുരേഷ്. 

2. രണ്ടാം ഘട്ടത്തില്‍ ആരൊക്കെയോ ചേര്‍ന്ന് സുരേഷില്‍ ഒരു അച്ഛന്‍ പട്ടം അങ്ങ് ചാര്‍ത്തി. അതിഥിയുടെ അച്ഛനായി. പലരോടും അച്ഛന്‍ കളിയായി. കാരണവരായി. അതോടെ ഭരണം തുടങ്ങി. 

3. മൂന്നാം ഘട്ടത്തില്‍ പേളിയുമായി അടുപ്പം തുടങ്ങി. അതോടെ പേളി സുരേഷിനെ അങ്ങ് ഏറ്റെടുത്തു. ആഹാരം വരെ കയ്യില്‍ എടുത്തു കൊടുക്കുക, ചായ ഇരിക്കുന്നിടത്തു കൊണ്ട് ചെന്ന് കൊടുക്കുക തുടങ്ങി പേളി അന്യായ കെയറിങ് ആയി. അത് സുരേഷിനങ്ങു സുഖിച്ചു. അതോടെ വീട്ടില്‍ പരാതിയായി. സുരേഷ് പണിയൊന്നും എടുക്കുന്നില്ല, ആഹാരം പലപ്പോഴും കഴിക്കുന്നു, പേളിയെ അമിതമായി സ്‌നേഹിക്കുന്നുവെന്നൊക്കെ പരാതി.

4. അടുത്ത ഘട്ടത്തില്‍ സുരേഷ് പേളിയുടെ ഗുണ്ടയായി മാറുകയാണ്. ആര്‍ക്കും പേളിയെ ഒന്നും പറയാന്‍ പറ്റില്ല. സുരേഷ് ചാടി വന്നു മറുപടി പറഞ്ഞു അടിയുണ്ടാക്കും. അതും പേളി സുഖിച്ചു. 

5. അഞ്ചാം ഘട്ടമായപ്പോഴേക്കും സുരേഷ് എല്ലാവരില്‍ നിന്നും അകന്നു പേളിക്ക് ചുറ്റും മാത്രം തിരിയുന്ന ഉപഗ്രഹമായി. താന്‍ ബിഗ് ബോസ് വീട്ടില്‍ ഗെയിം കളിയ്ക്കാന്‍ വന്നതാണെന്നൊക്കെ പുള്ളി മറന്നു. ആകെ പേളി പേളി എന്ന് മാത്രമായി. എങ്കിലും സുരേഷ് സന്തോഷവാനായിരുന്നു.

6. പേളിയും ശ്രീനിഷുമായി അടുപ്പം വന്നതോടെ സുരേഷിന്റെ സ്വസ്ഥത പോകാന്‍ തുടങ്ങി. എന്നാല്‍ പേളി സുരേഷിന്റെ ഉപദേശങ്ങള്‍ക്കൊന്നും വഴങ്ങിയില്ല. ശ്രീനിയെ ഇഷ്ടമാണെന്നു സുരേഷിനോട് പറഞ്ഞു. പേളി കൂടുതല്‍ സമയം ശ്രീനിയോടൊപ്പം ചെലവഴിക്കാന്‍ തുടങ്ങിയതോടെ സുരേഷ് ആളു തന്നെ മാറി. 
ചിരി പോയി, സന്തോഷം പോയി, എപ്പോഴും പരാതി, സങ്കടം, അസ്വസ്ഥത.

7. പേളിയെയും ശ്രീനിഷിനെയും കുറിച്ച് ആരു സംസാരിച്ചാലും വഴക്കിടാന്‍ തുടങ്ങി. 

8. പേളിയെ ഇംപ്രസ് ചെയ്യാന്‍ വേണ്ടി സുരേഷ് അടിമുടി മാറി. വസ്ത്രധാരണത്തില്‍ ശ്രദ്ധ വന്നു, ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങി, തടി കുറക്കുന്നു, സൗന്ദര്യം നോക്കുന്നു, മുഖത്ത് ഫേസ് പാക്ക് ഇടുന്നു, വയറു കുറക്കുന്നു,  ഒന്നും പറയേണ്ട. പഴയ സുരേഷ് ഇല്ലാതായി. 

9. ഇപ്പോള്‍ പരസ്പര ബന്ധമില്ലാതെ പിച്ചും പേയുമൊക്കെ പറയുന്നുണ്ട്. എനിക്ക് ആരെയെങ്കിലും കൊന്നു ജയിലില്‍ പോകണം എന്ന് പറയുന്നുണ്ട്, സ്വസ്ഥത ഇല്ലെന്നു പറയുന്നുണ്ട്, സൈക്യാട്രിസ്റ്റിനെ കാണണം എന്ന് പറയുന്നുണ്ട്, പ്രേക്ഷകര്‍ തന്നെ വെറുത്തു കാണുമോ എന്ന് സങ്കടം പറയുന്നുണ്ട്, എലിമിനേറ്റ് ആവണം എന്ന് പറയുന്നുണ്ട്. അമ്മേനെ കാണണം എന്ന് പറഞ്ഞു പേളി പറയുമ്പോ 'നോക്ക്, മുഖത്തേക്ക് നോക്ക്, ഞാനാണ് നിന്റെ മമ്മി' എന്ന് വരെ സുരേഷ് ഇപ്പോ പറയുന്നുണ്ട്. 

10. സ്‌നേഹത്തിന്റെ വല്ലാത്ത ചുഴിയില്‍ പെട്ട് ഉഴലുകയാണ് സുരേഷ്. നിലവില്‍ ദുര്‍ബലനായ മത്സരാര്‍ത്ഥിയായി മാറിയിരിക്കുന്നു. കളി മറന്നിരിക്കുന്നു. സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുന്നു. 

അന്‍പതാം വയസ്സിലെ പ്രണയം!
ബന്ധങ്ങള്‍ ചിലപ്പോള്‍ ഇങ്ങനെയാണ്. ചുഴി പോലെ. അതില്‍ പെട്ട് പോയാല്‍ ഉരുകിയൊലിച്ചു പതറി ചിതറി ചുട്ടു പഴുത്തു പോവും. ആത്മാവ് പോലും ഉരുകിയൊലിക്കുന്ന ഉമിത്തീ പോലെ നീറ്റുന്ന അവസ്ഥയില്‍ ചെയ്യുന്നതും പറയുന്നതുമൊന്നും അവനവന്‍ തന്നെ അറിയില്ല. 

സുരേഷ് സാബുവിനോട് പറയുന്നുണ്ട്, എനിക്കിനി പ്രണയിക്കാന്‍ പഠിക്കണം , അന്‍പതാം വയസ്സിലെ പ്രണയം എന്ന്. വളരെ പരുക്കനായ സുരേഷ് അലിഞ്ഞു ഒരു വെണ്ണയായിരിക്കുന്നു. 

ബന്ധങ്ങള്‍ വളരെ ദുര്‍ഗ്രഹമാണ്. ഒരാള്‍ക്ക് മറ്റൊരാളോടുള്ള ബന്ധം എന്താണെന്നോ ഇന്നതാണെന്നോ മറ്റുളളവര്‍ക്കോ അതിലുള്ളവര്‍ക്ക് തന്നെയോ ചിലപ്പോള്‍ നിര്‍വചിക്കാന്‍ കഴിയില്ല. അതിന്റെ ആഴവും പരപ്പും ചുഴികളും അവനവനു മാത്രമേ അറിയൂ എന്നതാണ് ഓരോ ബന്ധങ്ങളെയും വ്യത്യസ്തമാക്കുന്നതും അവരവരുടേതാക്കുന്നതും. 

നമുക്ക് നേരെ പിടിച്ച ഒരു കണ്ണാടിയാണ് അരിസ്‌റ്റോ സുരേഷ്. എന്ത്  എങ്ങനെ എപ്പോള്‍ ഒരു മനുഷ്യനെ മാറ്റി മറിക്കും എന്ന് പ്രവചിക്കാനാവാത്ത വിധം ഒരു വലിയ അനിശ്ചിതത്വവും പ്രഹേളികയുമാണ് മനുഷ്യ ബന്ധങ്ങള്‍ എന്ന വലിയ തിരിച്ചറിവ്. 

Latest Videos
Follow Us:
Download App:
  • android
  • ios