എലിമിനേഷന്‍ മുനമ്പില്‍ താരങ്ങള്‍; യുദ്ധഭൂമിയില്‍ ഫാന്‍ ഗ്രൂപ്പുകള്‍
ഈ ഫാന്‍ ഗ്രൂപ്പുകള്‍ ഇപ്പോഴിതാ നേരിട്ടുള്ള പോര്‍മുഖത്താണ്. സാബുവും പേളിയും ഇത്തവണ എലിമിനേഷനില്‍ മുഖാമുഖം വന്നതോടെയാണിത്. ഒപ്പം, ഇരുവരുടെയും ആത്മമിത്രങ്ങളായ അനൂപും സുരേഷുമുണ്ട്. പേളി, സാബു, അനൂപ്, സുരേഷ്, അതിഥി എന്നിവരാണ് ഈ ആഴ്ച എലിമിനേഷനില്‍. രണ്ടു ഫാന്‍സ് ഗ്രൂപ്പും മത്സരിച്ചു വോട്ട് ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുകയാണിപ്പോള്‍. സിനിമ താരങ്ങളുടെ താരയുദ്ധങ്ങള്‍ക്ക് മാത്രം സാക്ഷികളായ സോഷ്യല്‍ മീഡിയ ബിഗ് ബോസ് താരയുദ്ധത്തിനും വേദിയാവുകയാണ് ഇപ്പോള്‍.
ബിഗ് ബോസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സജീവമായ രണ്ട് വിഭാഗങ്ങള്‍ പേളിയുടെയും സാബുവിന്റെയും ഫാന്‍ ഗ്രൂപ്പുകളാണ്. പേളി ആര്‍മി എന്നും സാബു ആര്‍മി എന്നും സ്വയംവിളിക്കാനിഷ്ടപ്പെടുന്ന ഈ ആരാധക സംഘങ്ങള്‍ തമ്മില്‍ മത്സരവും ഉരസലും പരസ്പരം പഴിചാരലുമൊക്കെ പതിവാണ്. ബിഗ് ബോസ് എന്ന ഗെയിമിന്റെ മല്‍സരവീര്യം കൂട്ടുന്ന ഘടകങ്ങള്‍ കൂടിയാണ് ഈ ഫാന്‍സ്.
ഈ ഫാന്‍ ഗ്രൂപ്പുകള്‍ ഇപ്പോഴിതാ നേരിട്ടുള്ള പോര്‍മുഖത്താണ്. സാബുവും പേളിയും ഇത്തവണ എലിമിനേഷനില്‍ മുഖാമുഖം വന്നതോടെയാണിത്. ഒപ്പം, ഇരുവരുടെയും ആത്മമിത്രങ്ങളായ അനൂപും സുരേഷുമുണ്ട്. പേളി, സാബു, അനൂപ്, സുരേഷ്, അതിഥി എന്നിവരാണ് ഈ ആഴ്ച എലിമിനേഷനില്‍. രണ്ടു ഫാന്‍സ് ഗ്രൂപ്പും മത്സരിച്ചു വോട്ട് ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുകയാണിപ്പോള്‍. സിനിമ താരങ്ങളുടെ താരയുദ്ധങ്ങള്‍ക്ക് മാത്രം സാക്ഷികളായ സോഷ്യല്‍ മീഡിയ ബിഗ് ബോസ് താരയുദ്ധത്തിനും വേദിയാവുകയാണ് ഇപ്പോള്‍.
അവര്‍ ആര്‍ക്ക് വോട്ട് ചെയ്യും?
ഈ സന്ദര്‍ഭത്തില്‍ എന്താണ് പേളി ഫാന്‍സിന്റെ മനസ്സിലുള്ളത്? സംശയം വേണ്ട, മുഖ്യ പരിഗണന പേളി തന്നെ. പേളിയുടെ സ്വന്തം അരിസ്‌റ്റോ സുരേഷിന് കൂടി വോട്ട് ചെയ്യണോ എന്ന് ഫാന്‍സില്‍ പലര്‍ക്കും സംശയമുണ്ട്. എന്നാല്‍ പേളിക്ക് സുരേഷ് ബാധ്യതയായി മാറി എന്ന തോന്നലുള്ളവരും ഇക്കൂട്ടത്തിലുണ്ട്. സുരേഷ് പുറത്തു പോവട്ടെ എന്നാണ് ഇവരുടെ താല്‍പ്പര്യം. പേളി ഫാന്‍സിന്റെ മനസ്സിലിരിപ്പ് ഇതാണ്.
സാബു ഫാന്‍സോ? അവര്‍ അതിനേക്കാള്‍ സംഘര്‍ഷത്തില്‍ ആണ്. മുഖ്യപരിഗണന സാബുവിന് തനെ്ന്‍. സ്മോക്ക് റൂം സംസാരം ഇഷ്ടപ്പെടുന്ന നല്ലൊരു വിഭാഗത്തിന് സാബുവിനൊപ്പം അനൂപും സുരേഷും കൂടെ നിലനില്‍ക്കണമെന്നാണ് താല്‍പ്പര്യം. ഇതില്‍ ചിലര്‍ക്ക് സുരേഷിനോട് വിയോജിപ്പുണ്ട്. ചിലര്‍ക്ക് അനൂപിനോടും. ആ നിലയ്ക്ക്, ഇത്തവണ ആരു പുറത്തു പോവുമെന്ന് നിശ്ചയിക്കുക സാബു ആര്‍മി തന്നെയാവും.
ഇങ്ങനെ പറയാന്‍ കാരണം ഈ ലളിതമായ കണക്കാണ്. പേളി ആര്‍മിയുടെ മുഴുവന്‍ വോട്ടും പേളിക്കും കുറച്ചു മാത്രം സുരേഷിനും ഉള്ളതാണ്. അതിനാല്‍ കൂടുതല്‍ വോട്ട് പേളിക്ക് തന്നെ കിട്ടും. എന്നാല്‍ സാബു ആര്‍മിയുടെ വോട്ട് വിഭജിച്ചു പോവാനാണ് സാദ്ധ്യത. അതിനാല്‍ സാബുവിന് എത്ര വോട്ട് കിട്ടുമെന്ന് പോലും പ്രവചിക്കാനാവാത്ത അവസ്ഥയുണ്ട്. അതിനാല്‍, ഇത്തവണ എലിമിനേഷനില്‍ നിര്‍ണായകമാവുക സാബു ആര്‍മി തന്നെയാവും.
സാബു ആര്‍മിയും പേളി ആര്‍മിയും തമ്മിലെന്ത്?
ബിഗ് ബോസ് ഫേസ്ബുക്ക് ഒഫീഷ്യല്‍ ഗ്രൂപ്പാണ് ഫാന്‍സിന്റെ തട്ടകം. അന്നന്നത്തെ ഷോ കഴിയുമ്പോള്‍ തന്നെ റിവ്യൂവും എതിര്‍ മത്സരാര്‍ഥിയുടെ പിഴവുകളും സ്വന്തം മത്സരാര്‍ത്ഥിയുടെ നേട്ടങ്ങളും ഒക്കെ അതില്‍ പോസ്റ്റുകളാവും. ക്രിയേറ്റിവ് ആയ വീഡിയോകളും തീ പാറുന്ന ചര്‍ച്ചകളും വിമര്‍ശനവും ഒക്കെയായി ഒരു പാരലല്‍ ഗെയിമാണ് ഫേസ് ബുക്ക് ഗ്രൂപ്പില്‍ നടക്കുന്നത്. 24 മണിക്കൂറും സജീവമാണീ എഫ് ബി ഗ്രൂപ്പ്.
സാബു ആര്‍മി വളരെ ഓര്‍ഗനൈസ്ഡ് ആയാണ് പ്രവര്‍ത്തിക്കുന്നത്. അംഗങ്ങളെ ഏകോപിപ്പിക്കാന്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകളും ഫേസ് ബുക്ക് ഗ്രൂപ്പും ഒക്കെയുണ്ട്. അജയ് തലപ്പിള്ളില്‍, സുമേഷ് സോമന്‍ എന്നിവര്‍ മത്സരിച്ചാണ് വീഡിയോകള്‍ ചെയ്യുന്നത്. അത് കൂടാതെ അസര്‍ അഷ്റഫ്, പീ കെ, ക്രിസ്ത്യന്‍ ജാക്ക്, മോയിസ് ഫെക്രി, നോവി മാത്യു, സക്കീര്‍ ഹുസൈന്‍, മിഥുന്‍ രാജ്, നവമി സതീഷ് തുടങ്ങി പറഞ്ഞാല്‍ തീരാത്തത്ര ആക്റ്റീവ് അംഗങ്ങള്‍ ഉണ്ട്. നിഖില്‍ ബാലഗോപാല്‍ പറയുന്നത് കേട്ടാല്‍ സാബുവിന്റെ പടയുടെ ഉള്ളറിയാം: സാബു ആര്‍മിയില്‍ എല്ലാവരും തലവന്മാരുമാണ്, എല്ലാവരും പോരാളികളുമാണ്'. ഒരു കണക്കിന് അത് ശരിയാണ്. അത്രയ്ക്കും ചങ്ക് ഫാന്‍സാണ് എല്ലാവരും.
പേളി ആര്‍മിയ്ക്ക് എന്നാല്‍ മറ്റൊരു രൂപഭാവമാണ്. ശരിക്കും ഒരു പെണ്‍കുട്ടിയുടെ ഗ്രൂപ്പ്. അതിനിണങ്ങുന്ന പ്രവര്‍ത്തനങ്ങള്‍. അത്ര ഓര്‍ഗനൈസ്ഡ് അല്ല. ബിഗ് ബോസിലെ പേളിയല്ല അവരില്‍ ഭൂരിഭാഗത്തെയും ഫാന്‍ ആക്കിമാറ്റിയത്. ബിഗ് ബോസ് കാലത്തിനു മുമ്പുള്ള, മോഡലും അവതാരകയും മോട്ടിവേഷണല്‍ സ്പീക്കറുമായ പേളി ആണ് അവരെ ആകര്‍ഷിച്ചത്. എന്നാല്‍ സാബു ഫാന്‍സില്‍ കൂടുതല്‍ പേരും ബിഗ് ബോസിനുശേഷം ഒത്തുചേര്‍ന്നവരാണ്. ഗെയിമിലെ സാബുവിന്റെ പെര്‍ഫോമന്‍സ് കണ്ട് ഇഷ്ടപ്പെട്ടവര്‍.
ഈ വ്യത്യാസം പുറത്തുമുണ്ട്. ഫേസ് ബുക്ക് ഗ്രൂപ്പില്‍ സാബു ഫാന്‍സിനാണ് ആധിപത്യം. എന്നാല്‍, ഷോ കാണാത്തവര്‍ പോലും പേളിയുടെ ഫാന്‍ കൂട്ടത്തിലുണ്ട്. അതിനാല്‍, യു ട്യൂബ് വോട്ടില്‍ മുന്നില്‍ പേളി ആണ്. ഗ്രൂപ്പ് വോട്ടിങ്ങില്‍ സാബുവും.
സാബുവും പേളിയും തമ്മിലുള്ള വ്യത്യാസം രണ്ടു ആര്‍മികളിലുള്ളവരും തമ്മിലുമുണ്ട്. സാബു ആര്‍മി കുറച്ചു കൂടി മംഗലശ്ശേരി നീലകണ്ഠന്മാരുടെ കൂട്ടായ്മയാണ്. ഓളമുണ്ടാക്കലാണ് അവരുടെ സ്ഥായീഭാവം. മസില്‍ പവറും ഒച്ചയും ബഹളവും ആത്മവിശ്വാസവും ചോദ്യം ചെയ്യലും പാട്ടും വീഡിയോയും പേളി ഫാന്‍സിനെ പാല്‍ക്കുപ്പി എന്ന് വിളിച്ചുള്ള പരിഹാസവും എല്ലാം അവിടെയുണ്ട്. ഫാന്‍ ഫൈറ്റ് ക്ലബില്‍ അംഗങ്ങളായിരുന്നവരാണ് നല്ലൊരു വിഭാഗവും. അതിന്റെ രീതികള്‍ അവരുടെ പ്രവര്‍ത്തനത്തിലുണ്ട്. ഒരര്‍ത്ഥത്തില്‍, തെറിവിളി ഒഴിവാക്കിയ ഒരു ഫാന്‍ ഫൈറ്റ് ക്ലബ്. എനര്‍ജിയും കൂട്ടായ്മയും സാബുവിലുള്ള വിശ്വാസവും ഒക്കെയാണ് അവരെ കൂട്ടിയിണക്കുന്നത്. 'അണ്ണന്‍ ഗെയിമില്‍ എന്ത് ചെയ്യുമെന്നോ പറയുമെന്നോ ഓര്‍ത്തു ഞങ്ങള്‍ക്ക് ടെന്‍ഷനില്ല, അതൊക്കെ അണ്ണന്‍ വേണ്ട പോലെ ചെയ്‌തോളും. അണ്ണന്‍ എന്ത് ചെയ്താലും അത് മാസ് ആണ്'-ഇതാണ് അവരുടെ വിശ്വാസം.
എന്തു കൊണ്ട് ഈ ഇഷ്ടം, ആരാധകര്‍ പറയുന്നു
സാബുവിനെ ഇഷ്ടപ്പെടാനുള്ള കാരണമെന്താണ്? ഫാന്‍ ഗ്രൂപ്പിലെ അജയ് തലപ്പിള്ളില്‍ പറയുന്നു: 'സാബു-അനൂപ്-സുരേഷ് സീനുകളാണ് എന്നെ ഏറ്റവും ചിരിപ്പിച്ചത്. എന്റെ സുഹൃത്തുക്കളുടെ സംഭാഷണങ്ങള്‍ പോലെ തന്നെയാണ് അവരുടേതും. മികച്ച കൗണ്ടര്‍ അടിക്കുന്ന സാബു ചേട്ടനെ പോലുള്ളവരാണ് ഞങ്ങളുടെ കൂട്ടത്തിലും ഹിറ്റാവാറുള്ളത്. പിന്നെ, സാബു ചേട്ടന്‍ സൗഹൃദത്തിന്റെ ആളാണ്. കൂട്ടുകാരെ വളരെ അധികം ചേര്‍ത്ത് പിടിക്കുന്ന ആള്‍. അത് തന്നെയാണ് ബിഗ് ബോസിലും. സാബു ചേട്ടന്റെ ഒപ്പമുള്ളവര്‍ സദാ ഹാപ്പിയാണ്. തന്നേക്കാള്‍ കൂട്ടുകാര്‍ക്ക് പ്രാധാന്യം നല്‍കുന്ന ആളാണ് സാബുച്ചേട്ടന്‍. തനിക്ക് എന്ത് വന്നാലും ആന മയില്‍ ഒട്ടകമാണ് എന്ന രീതി. സ്വന്തമായി ഞാന്‍ മാറൂല എന്നുള്ള രീതിയില്‍ ചിരിച്ച് കൊണ്ട് ലാലേട്ടന്‍ ചോദിച്ചപ്പോള്‍ വരെ പറഞ്ഞു .പക്ഷെ കൂട്ടുകാരുടെ കാര്യത്തില്‍ അങ്ങനെ അല്ല അനൂപ് ചേട്ടനെയും സുരേഷ് ചേട്ടനെയും പല തവണ സാബു ചേട്ടന്‍ ഉപദേശിക്കുന്നത് കണ്ടതാണ്. മറ്റൊന്ന്, ഈ ഗെയിം ഗെയിമായി മാത്രം കാണുന്ന ചുരുക്കം ചിലരില്‍ മുന്നിലാണ് സാബു ചേട്ടന്‍'-അജയ് പറയുന്നു.
സാബുവിന്റെ ഇടപെടലുകളിലെ പക്വതയും അനായാസതയും അറിവുമെല്ലാം ഫാന്‍സ് എടുത്തുപറയുന്നുണ്ട്. 'സാബു ചേട്ടന്‍ ആദ്യ ആഴ്ചയില്‍ അനൂപുമായി സംസാരിക്കുമ്പോള്‍ മാനസിക ആരോഗ്യ ആശുപത്രികളെ കുറിച്ച് പറയുന്നുണ്ട്. അത് കേട്ടാല്‍ അറിയാം അദ്ദേഹം എത്രത്തോളം ശാസ്ത്ര ബോധത്തോടെയാണ് കാര്യങ്ങള്‍ വീക്ഷിക്കുന്നതെന്ന്. ഇങ്ങനെ ഉള്ളവര്‍ക്ക് എല്ലാ കാര്യങ്ങളിലും നല്ലൊരു നിലപാടില്‍ എത്താന്‍ കഴിയും..എത്ര നേരം വേണമെങ്കിലും ഒരോ വിഷയത്തെ കുറിച്ച് സംസാരിച്ച് കൂടെ ഇരിക്കാനും വളരെ രസകരവുമായിരിക്കും. വളരെ വ്യക്തതയോടെയാണ് കാര്യങ്ങള്‍ സാബു ചേട്ടന്‍ പറയുന്നത്. അത് കേള്‍ക്കാനും രസമാണ്' -അജയ് പറയുന്നു.
ഇക്കാര്യത്തില്‍ പേളി ഫാന്‍സിന് എന്താണ് പറയാനുള്ളത്?
പേളിയെ കുറിച്ച് ആദര്‍ശ് പറയുന്നത് 'പേളിക്ക് നേതൃ ഗുണമില്ലെന്നു സമ്മതിക്കുന്നു. ബിഗ് ബോസ് എന്നത് ഏറ്റവും നല്ല ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്ന പരിപാടി അല്ലാത്തത് കൊണ്ട് അതൊരു വലിയ കുറവല്ല. പേളി ഒരാളുടെ കുറ്റം മറ്റൊരാളോട് പോയി പറയുന്നതില്‍ ആനന്ദം കണ്ടെത്താറില്ല, രണ്ടു പേരെ തമ്മില്‍ തല്ലിക്കാന്‍ എന്ത് കളിയും കളിക്കില്ല, എന്തെങ്കിലും വിഷമം ഉണ്ടായാല്‍ അത് പെട്ടെന്ന് മറക്കാനും പൊറുക്കാനുമുള്ള മനസ്സ്, നല്ല സൗഹൃദങ്ങളുടെ തെരഞ്ഞെടുപ്പ്, പ്രായമുള്ളവര്‍ക്ക് കൊടുക്കുന്ന ബഹുമാനം, പാട്ട്, ഡാന്‍സ്, അവതരണം. കായികാധ്വാനമുള്ളതോ ഇല്ലാത്തതോ ആയ എല്ലാ ടാസ്കുകളും ചെയ്യാനുള്ള കഴിവ്, നല്ല സ്വഭാവത്തിനുടമ. ഇതെല്ലാമാണ് പേളിയെ ആളുകള്‍ ഇഷ്ടപ്പെടുന്നത്'-പേളി ആര്‍മിയിലെ ആദര്‍ശ് പറയുന്നത് ഇങ്ങനെയാണ്.
മുതിര്‍ന്നവര്‍ പറയുന്ന വാക്കുകള്‍ക്ക് വലിയ വില കൊടുക്കുന്ന ആളാണ് പേളി. ഒരാളെ വെറുതെ കൊച്ചാക്കാനും ഒറ്റപ്പെടുത്താനും വേണ്ടിയാവരുത്. ആര് പറയുന്ന നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളാന്‍ പേര്‍ളി ശ്രമിക്കാറുണ്ട്. അതിന് ഉദാഹരണമാണ് സുരേഷ് അണ്ണന് പേര്‍ളി കൊടുക്കുന്ന പരിഗണന. വളരെ casual ആയി അദിതിയോട് പറഞ്ഞ ഒരു കാര്യത്തിന്റെ പേരിലായിരുന്നു പേളിയെ കോര്‍ണര്‍ ചെയ്യാന്‍ ശ്രമിച്ചത്. എന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ എന്നോട് തുറന്നു പറയുക' എന്നു പറയുന്ന പേളിയാണോ 'എല്ലാരും എന്നോട് ഇക്കാര്യങ്ങളെല്ലാം ഉപദേശിച്ചിട്ടുണ്ട്. അത് അനുസരിച്ചാല്‍ ഞാന്‍ നല്ല വ്യക്തിയാവുമായിരിക്കും. പക്ഷെ എനിക്ക് നന്നാവേണ്ട' എന്നു ലാലേട്ടനോട് പറഞ്ഞ സാബുവാണോ മറ്റുള്ളവരുടെ വാക്കുകള്‍ക്ക് പരിഗണന കൊടുക്കുന്നത'-ആദര്‍ശ് ചോദിക്കുന്നു.
ഫാന്‍ ഗ്രൂപ്പുകള്‍ ഒന്നിക്കുന്നത് ഇവിടെയാണ്
ബിഗ് ബോസ് ഗെയിമിനെക്കാള്‍ രസമാണ് ഫാന്‍ ഫൈറ്റുകളും ചര്‍ച്ചകളും അവരുടെ വീഡിയോകളും എല്ലാം. ബിഗ് ബോസ് ഗെയിമിനെ രസകരമാക്കുന്നതും ഈ ഗ്രൂപ്പ് ചര്‍ച്ചകള്‍ തന്നെയാണ്. ഇത് വരെ ഗ്രൂപ്പ് കണ്ടിട്ടില്ലാത്തവര്‍ക്ക് ഗ്രൂപ്പില്‍ കയറി നോക്കാവുന്നതാണ്.
ബിഗ് ബോസ് പ്രോഗ്രാം അണിയറക്കാരെ രണ്ടു ഫാന്‍സും കുറ്റം പറയുന്നുണ്ട്. എഡിറ്റിംഗിനെ കുറിച്ചാണ് പ്രധാന പരാതികള്‍. തങ്ങളുടെ താരങ്ങളെക്കുറിച്ചു തെറ്റിദ്ധാരണയുണ്ടാക്കുന്ന വീഡിയോ ഇടുന്നു, ആവശ്യമുള്ളത് ഇടുന്നില്ല, ആവശ്യമില്ലാത്തത് ഇടുന്നു, മുഴുവന്‍ കാണിക്കുന്നില്ല, മോഹന്‍ലാല്‍ വേണ്ടവിധം എതിര്‍ ടീമിനെ ചോദ്യം ചെയ്യുന്നില്ല, തങ്ങളുടെ താരത്തെ പിന്തുണക്കുന്നില്ല എന്ന് വേണ്ട മിക്ക കാര്യത്തിലും ഇവര്‍ക്ക് പരാതിയുണ്ട്. വേറെ ഒരു കാര്യത്തിലും യോജിപ്പില്ലെങ്കിലും പരാതി പറയുന്ന കാര്യത്തില്‍ ഇവര്‍ തമ്മില്‍ അസാധ്യ യോജിപ്പാണ്.
ഏറ്റവും രസകരമായ കാര്യം മറ്റൊന്നാണ്. പുറത്ത് തങ്ങളുടെ ഫാന്‍ ബേസിന്റെ യഥാര്‍ത്ഥ കരുത്തോ ഫാന്‍ പോരാട്ട തീവ്രതയോ ബിഗ് ബോസ് വീടിനുള്ളില്‍ ലോകത്ത് നടക്കുന്നത് എന്തെന്നറിയാതെ അടച്ചിട്ട നിലയില്‍ കഴിയുന്ന സാബുവിനോ പേളിക്കോ ഒരു ധാരണയും കാണില്ല എന്നതാണ് അത്. പേളിക്ക് അറിയാമായിരരിക്കും തനിക്ക് കുറച്ചു ഫാന്‍സ് ഒക്കെ ഉണ്ടെന്ന്. എന്നാല്‍ സാബു അങ്ങനെയാവില്ല. ബിഗ് ബോസ് വീടിനുള്ളില്‍ പ്രവേശിക്കുന്ന സമയത്ത് വിമര്‍ശകരെ മാത്രമായിരിക്കും സാബു ചുറ്റിലും കണ്ടിട്ടാവുക. കാര്യങ്ങള്‍ മാറിയത് സാബു അറിഞ്ഞിട്ടേ ഉണ്ടാവില്ല. ഇത്തവണ എലിമിനേഷനില്‍ സാബു വന്നപ്പോള്‍ ബഷീര്‍ പറയുന്നത് കേട്ടില്ലേ? സാബു പുറത്തു പോകാന്‍ സാധ്യത ഉണ്ടെന്നാണ് ബഷീറിന്റെ നിഗമനം. സാബുവും പേളിയും മാത്രമല്ല, ബിഗ് ബോസ് വീട്ടിനുള്ളിലെ മറ്റുള്ളവരും കാര്യങ്ങള്‍ മാറിയത് അറിഞ്ഞിട്ടേയില്ല എന്നതിന്റെ സൂചനയാണത്. ഒരു കാര്യം ഉറപ്പാണ്, പുറത്തു വരുമ്പോള്‍ സാബു തന്റെ ആരാധകരുടെ എണ്ണം കണ്ട് ഞെട്ടുക തന്നെ ചെയ്യും.
ഫാന്‍ ഗ്രൂപ്പുകള്‍ മാത്രമല്ല, കളത്തിലുള്ളത്
ആരാധകര്‍ ഇവര്‍ക്ക് രണ്ടു പേര്‍ക്കും മാത്രമാണെന്ന് ഇതുകൊണ്ട് അത്ഥമാക്കേണ്ടതില്ല. ചെറുതെങ്കിലും മറ്റുള്ളവര്‍ക്കും ആരാധക നിരയുണ്ട്. സാബുവും പേളിയും കഴിഞ്ഞാല്‍, പിന്നെ ഫാന്‍സ് ഉള്ളത് അരിസ്‌റ്റോ സുരേഷിനും രഞ്ജിനിയ്ക്കും അര്‍ച്ചനയ്ക്കുമാണ്.
ബിഗ് ബോസ് പ്രേക്ഷകരെല്ലാം ആരാധക കൂട്ടങ്ങളില്‍ പെട്ടുകിടക്കുകയാണെന്നും കരുതാന്‍ കഴിയില്ല. ഇതിലൊന്നും ഉള്‍പ്പെടാത്ത ധാരാളം പേര്‍ വേറെയുണ്ട്. നന്നായി കളിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍. അതില്‍ നല്ലൊരു വിഭാഗം സാബുവിനും അര്‍ച്ചനക്കും സുരേഷിനും പേളിക്കും രഞ്ജിനിക്കുമൊപ്പം നില്‍ക്കുന്നവരാണ്.
ഇത് കൂടാതെ മറ്റൊരു ഗ്രൂപ്പ് കൂടിയുണ്ട് ഫേസ് ബുക്കില്‍. ബിഗ് ബോസ് മലയാളം ഫാന്‍സ് എന്ന പേരില്‍. ഇവിടെ പേരില്‍ മാത്രമേ ഫാന്‍സ് എന്നുള്ളു. ഫാന്‍ ഫൈറ്റില്‍ നിന്നും മാറി നിന്ന് കുറച്ചു കൂടി ഗൗരവത്തില്‍ ബിഗ് ബോസിനെ കാണുന്നവരാണ് ഇവിടെ. 'അപ്പുറത്തെ ഗ്രൂപ്പില്‍ ഫാന്‍ ഫൈറ്റുകള്‍ കൂടിയപ്പോള്‍ ഞങ്ങള്‍ തുടങ്ങിയ ഗ്രൂപ്പ് ആണിത്. ഇവിടെ ഫാന്‍ ചര്‍ച്ചകള്‍ക്കപ്പുറം ഗെയിമിനെയാണ് ചര്‍ച്ച ചെയ്യുന്നത്. കൂടാതെ ഫേക്ക് ഐ ഡികളും ഇല്ല. ഫാന്‍ ബേസ്ഡ് അല്ലാതെ എങ്ങനെ കളിയെ നോക്കി കാണാം എന്നതാണ് ഞങ്ങളുടെ ചര്‍ച്ചകളുടെ അടിസ്ഥാനം'-ഗ്രൂപ്പ് അഡ്മിന്‍ സിജു കടക്കല്‍ പറഞ്ഞു.
കാര്യം എന്തായാലും സോഷ്യല്‍ മീഡിയയില്‍ ആരാധകരും ആസ്വാദകരും ബിഗ് ബോസിനെയും മത്സരാര്‍ത്ഥികളെയും ആഘോഷിക്കുക തന്നെയാണ്. 100 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവമായിരിക്കും അവര്‍ക്കിത്.