രുചികരമായ അരിക്കടുക്ക തയ്യാറാക്കാം
വ്യത്യസ്തമായ ഒരു മലബാര്‍ വിഭവം തയ്യാറാക്കിയാലോ. സ്വാദൂറും അരിക്കടുക്ക തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
തയ്യാറാക്കാൻ വേണ്ട ചേരുവകൾ...
കല്ലുമ്മക്കായ 10 എണ്ണം
വറുത്ത അരിപ്പൊടി 1 1/2കപ്പ്
തേങ്ങ ചിരകിയത് 2 കപ്പ്
ചെറിയ ഉള്ളി 50 ഗ്രാം
പച്ചമുളക് 1 എണ്ണം
പെരുംജീരകം 1 സ്പൂൺ
തിളച്ച വെള്ളം 1 കപ്പ്
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ 1 സ്പൂൺ
തയ്യാറാക്കുന്ന വിധം...
അരിപ്പൊടിയിൽ ഉപ്പ് വെളിച്ചെണ്ണ തിളച്ചവെള്ളം ഒഴിച്ച് കുഴച്ച് വയ്ക്കുക.
തേങ്ങ ചിരകിയത് ചെറിയ ഉള്ളി പെരുംജീരകം പച്ചമുളക് വെള്ളം ചേർക്കാതെ ഒന്ന് അരച്ച് ചേർക്കുക.
ഇത് അരിമാവിൽ ചേർത്ത് കുഴച്ച് വിടർത്തി വൃത്തിയാക്കി വെച്ചിരിക്കുന്ന കല്ലുമ്മക്കായയിൽ നിറയ്ക്കുക.
കല്ലുമ്മക്കായ വിടർത്തുമ്പോൾ കൂടുതൽ വിടർന്നു പോവരുത്.
അപ്പച്ചെമ്പിൽ വെള്ളം തിളപ്പിച്ച് ആവി വരുമ്പോൾ ഓരോന്നായി എടുത്ത് വയ്ക്കുക.
20 മിനിറ്റ് നന്നായി വേവിക്കുക. തോടിൽ നിന്ന് വിട്ടു വന്നാൽ തോട് മാറ്റി അതിന്റെ പിന്നിലെ ചേറുകളഞ്ഞ് വയ്ക്കുക.
മസാല തയ്യാറാക്കാൻ വേണ്ട ചേരുവകൾ...
മുളക് പൊടി 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് 1/2 ടീസ്പൂൺ
കറിവേപ്പില നുറുക്കിയത് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആവശ്യത്തിന് വെള്ളം ചേർത്ത് മസാലകൾ എല്ലാം ചേർത്ത് ഉപ്പും നുറുക്കിയ കറിവേപ്പില ചേർത്ത് അതിൽ വേവിച്ച കടുക്ക മുക്കി മസാല പുരട്ടുക.
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് രണ്ടു തണ്ട് കറിവേപ്പിലയിട്ട് ഈ പുരട്ടി വച്ചിരിക്കുന്ന അരിക്കടുക്ക വച്ച് ചെറുതീയ്യിൽ മൊരിച്ചെടുക്കുക .
സ്വാദൂറും അരിക്കടുക്ക തയ്യാറായി....