വ്യത്യസ്ത രുചിയിൽ ഹെല്‍ത്തി മുട്ട ബോണ്ട തയ്യാറാക്കാം; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കുട്ടികള്‍ക്ക് സ്കൂളില്‍ കൊടുത്തുവിടാന്‍ പറ്റിയ ഒരു ഹെല്‍ത്തി മുട്ട ബോണ്ട വീട്ടില്‍ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പുഴുങ്ങിയ മുട്ട- 10 എണ്ണം
ചെറുപയർ അല്ലെങ്കിൽ കടലമാവ്- അരക്കപ്പ്
മുളകുപൊടി- 1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി- 1 ടീസ്പൂൺ
ഗരം മസാല- 1 ടീസ്പൂൺ
ജീരകപ്പൊടി അല്ലെങ്കിൽ ജീരകം- 1 ടീസ്പൂൺ
അജ്‌വെയ്ൻ അഥവാ അയമോദകം- 1/2 ടീസ്പൂൺ
സവാള- 1 ചെറുതായി അരിഞ്ഞത്
കറിവേപ്പില- ആവശ്യത്തിന്
മല്ലിയില- ഒരു പിടി ചെറുതായി അരിഞ്ഞത്
എണ്ണ- വറുക്കുന്നതിന് ആവശ്യമായ അളവ്
ഉപ്പും വെള്ളവും- ആവശ്യത്തിന്
ബാറ്റർ തയ്യാറാക്കാൻ വേണ്ട ചേരുവകൾ
കടലമാവ്- അരക്കപ്പ്
അരിപൊടി- കാൽ കപ്പ്
മൈദ- കാൽ കപ്പ്
ജീരക പൊടി- 1 സ്പൂൺ
മഞ്ഞൾ പൊടി- അരസ്പൂൺ
ഗരം മസാല- 1 സ്പൂൺ
കാശ്മീരി മുളക് പൊടി- 1 സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
ഏലയ്ക്ക പൊടിച്ചത്- അരസ്പൂൺ
വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട പുഴുങ്ങി എടുക്കുക. ശേഷം മുട്ട രണ്ട് കഷ്ണങ്ങളാക്കി മുറിച്ച് മാറ്റിവയ്ക്കുക. ശേഷം അതിനുള്ള ബാറ്റർ തയ്യാറാക്കാം. കടലമാവ്, അരിപൊടി, മൈദ, ജീരക പൊടി, മഞ്ഞൾ പൊടി, ഗരം മസാല, കാശ്മീരി മുളക് പൊടി, ഉപ്പ്, ഏലയ്ക്ക പൊടിച്ചത് എന്നിവ വെള്ളം ചേർത്ത് ബാറ്റർ തയ്യാറാക്കി വയ്ക്കുക. ശേഷം മുട്ട രണ്ട് കഷ്ണങ്ങളാക്കി വയ്ക്കുക. ഇനി മുട്ടയുടെ മഞ്ഞ ഉപ്പും കുരുമുളകും ചേർത്ത് സ്പൂൺ ഉപയോഗിച്ച് പൊടിച്ച് എടുക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് സവാളയും മുട്ടയുടെ മഞ്ഞയും മല്ലിയിലയും കറിവേപ്പിലയും ചേർത്ത് വഴറ്റി എടുക്കുക. ഇനി മുട്ടയുടെ അകത്ത് സവാളയുടെ ഫില്ലിംഗ് വച്ച ശേഷം കടലമാവിൽ മുക്കി എടുക്കുക. ശേഷം തിളച്ച എണ്ണയിൽ വറുത്ത് കോരുക. ഇതോടെ മുട്ട ബോണ്ട തയ്യാർ.