അനുവും നിഖിലും നവദമ്പതികൾ, വിവാഹം കഴിഞ്ഞിട്ട് 15 ദിവസം, മലേഷ്യൻ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ദുരന്തം

പത്തനംതിട്ട കൂടൽമുറിഞ്ഞ കല്ലിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മരിച്ച മല്ലശ്ശേരി സ്വദേശികളായ അനുവും നിഖിലും നവദമ്പതികൾ. 

Newlyweds Anu and Nikhil 15 days after their wedding pathanamthitta accident death

പത്തനംതിട്ട: പത്തനംതിട്ട കൂടൽമുറിഞ്ഞകല്ലിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മരിച്ച മല്ലശ്ശേരി സ്വദേശികളായ അനുവും നിഖിലും നവദമ്പതികൾ. കഴിഞ്ഞ നവംബർ 30നായിരുന്നു ഇവരുടെ വിവാ​ഹം. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവര്‍ വിവാഹിതരായത്. മലേഷ്യയിലെ യാത്ര കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്ന് മടങ്ങവേയാണ് ദാരുണാന്ത്യം. ആന്ധ്ര സ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസുമായി ഇവരുടെ കാര്‍ കൂട്ടിയിടിച്ചാണ് അപകടം. 

ഇന്ന് രാവിലെ നാലരയ്ക്കുണ്ടായ അപകടത്തിൽ നിഖിന്റെ അച്ഛൻ മത്തായി ഈപ്പൻ, അനുവിന്റെ അച്ഛൻ ബിജു പി ജോർജ് എന്നിവരും മരണപ്പെട്ടു. നിഖിലിനെയും അനുവിനെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയതായിരുന്നു ഇരുവരും. ആന്ധ്രക്കാരായ ശബരിമല തീർത്ഥാടകരുടെ ബസുമായിട്ടാണ് ഇവരുടെ കാർ കൂട്ടിയിടിച്ചത്. അപകടത്തിൽ നാലം​ഗ കുടുംബ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായി തകർന്നു. അനു കോന്നി ആശുപത്രിയിൽവെച്ചും മറ്റ് മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചുമാണ് മരിച്ചത്. ‌‌‌‌

ഇവരുടെ വീട്ടിലേക്ക് അപകട സ്ഥലത്ത് നിന്ന് വെറും 7 കിലോമീറ്റർ മാത്രം ​ദൂരമുണ്ടായിരുന്നുള്ളൂ. ബസിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു കാർ. ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിവന്നത്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തതെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്ത് അപകടം സ്ഥിരമാണെന്നും നാട്ടുകാർ പറയുന്നു. അതേ സമയം ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. 

Latest Videos
Follow Us:
Download App:
  • android
  • ios