അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷ പ്രസംഗത്തില്‍ നടപടി; കൊളീജിയത്തിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം
ഇന്ത്യ ഭൂരിപക്ഷത്തിന്‍റെ ഹിതം അനുസരിച്ച് ഭരിക്കപ്പെടുമെന്ന ശേഖർ കുമാർ യാദവിന്‍റെ പരാമർശത്തിലാണ് നടപടി
ദില്ലി: വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെ സുപ്രീം കോടതി കൊളീജിയം വിളിച്ച് വരുത്തും. ഡിസംബർ 17 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം. ഏകീകൃതസിവിൽ കോഡിന് അനൂകൂലമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ ജഡ്ജി പങ്കെടുത്ത് വലിയ വിവാദമായിരുന്നു.
പരിപാടിയിൽ ജഡ്ജി നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏകീതൃത സിവിൽ കോഡ്, ബഹുഭാര്യത്വം ഉൾപ്പെടെ വിഷയങ്ങളിലെ പ്രസ്താവനയാണ് വിവാദമായത്. ഒരു സമുദായം കുട്ടികളെ അഹിംസയും കാരുണ്യവും സഹിഷ്ണുതയും പഠിപ്പിക്കുമ്പോള്‍ മറ്റൊരു സമുദായം കുട്ടികളുടെ മുന്നിലിട്ട് മൃഗങ്ങളെ കശാപ്പ് ചെയ്യുകയാണെന്നും ജഡ്ജി തന്‍റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു.