ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര: 3 താരങ്ങളെ തിരിച്ചു വിളിക്കാന്‍ തിരുമാനിച്ച് ബിസിസിഐ
ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഏതെങ്കിലും പേസ് ബൗളര്‍ക്ക് പരിക്കേറ്റാല്‍ പകരം പരിഗണിക്കാനും നെറ്റ്സില്‍ പരിശീലനത്തിനുമായാണ് ട്രാവലിംഗ് റിസര്‍വുകളായി മൂന്ന് പേസര്‍മാരെയും ടീമിലുള്‍പ്പെടുത്തിയത്.
മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലെ മൂന്ന് താരങ്ങളെ തിരിച്ചുവിളിക്കാന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഓസ്ട്രേലിയന്‍ പരമ്പരക്കുള്ള ഇന്ത്യൻ ടീമിലെ ട്രാവലിംഗ് റിസര്‍വുകളായ പേസര്‍ മുകേഷ് കുമാര്‍, നവദീപ് സെയ്നി, യാഷ് ദയാല്‍ എന്നിവരെയാണ് ബിസിസിഐ തിരിച്ചുവിളിക്കുന്നത്. ഇന്ത്യയില്‍ തിരിച്ചെത്തുന്ന മൂന്ന് താരങ്ങളും ആഭ്യന്തര എകദിന ടൂര്‍ണമെന്‍റായ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 21നാണ് വിജയ് ഹസാരെ ട്രോഫി തുടങ്ങുന്നത്.
ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഏതെങ്കിലും പേസ് ബൗളര്‍ക്ക് പരിക്കേറ്റാല്‍ പകരം പരിഗണിക്കാനും നെറ്റ്സില്‍ പരിശീലനത്തിനുമായാണ് ട്രാവലിംഗ് റിസര്‍വുകളായി മൂന്ന് പേസര്‍മാരെയും ടീമിലുള്‍പ്പെടുത്തിയത്. മൂന്നാം ടെസ്റ്റ് ഇപ്പോള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ അവസാന രണ്ട് ടെസ്റ്റുകള്‍ക്കായി ഇവരെ ഓസ്ട്രേലിയയില്‍ നിലനിര്‍ത്തേണ്ട കാര്യമില്ലെന്നാണ് ബിസിസിഐ തീരുമാനം.
ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ആദ്യം തന്ന ട്രാവലിംഗ് റിസര്‍വുകളായി ഉള്‍പ്പെടുത്തിയ താരങ്ങളാണ് മുകേഷ് കുമാറും നവദീപ് സെയ്നിയും. ട്രാവിലിംഗ് റിസര്‍വായി ആദ്യം ഉള്‍പ്പെടുത്തിയ ഖലീല്‍ അഹമ്മദിന് പരിക്കേറ്റപ്പോഴാണ് യാഷ് ദയാലിനെ പിന്നീട് ഉള്‍പ്പെടുത്തിയത്. ഓസ്ട്രേലിയ എക്കെതിരായ മത്സരത്തില്‍ മുകേഷ് കുമാറും നവദീപ് സെയ്നിയും കളിച്ചിരുന്നു.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരമായ യാഷ് ദയാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനായാണ് കളിക്കുക. മുകേഷ് കുമാര്‍ ബംഗാളിന്‍റെ താരമാണ്. ഡല്‍ഹിയുടെ താരമാണ് നവദീപ് സെയ്നി. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അഞ്ച് പേസര്‍മാരെയാണ് സെലക്ടര്‍മാര്‍ ടീമിലുള്‍പ്പെടുത്തിയിരുന്നത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഇന്ത്യൻ ടീമിലെ പേസര്‍മാര്‍. ഇവരില്‍ പ്രസിദ്ധ് കൃഷ്ണ ഒഴികെയുള്ളവര്‍ക്കെല്ലാം ടെസ്റ്റ് പരമ്പരയില്‍ അവസരം ലഭിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചൂറിയനില്‍ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയ പ്രസിദ്ധ് കൃഷ്ണക്ക് മികവ് കാട്ടാനായിരുന്നില്ല. പക്ഷെ ഫോമിലുള്ള മുകേഷ് കുമാറിന് പകരം പ്രസിദ്ധ് കൃഷ്ണയെ ടീമിലെടുത്തത് ആരാധകരെ അമ്പരപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക