കോടികള്‍ നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനം, 18 വർഷത്തിനു ശേഷം ലാഭത്തിൽ, കുടിശ്ശിക മുഴുവൻ നൽകി
തൊഴിലാളികൾക്ക് നൽകാനുണ്ടായിരുന്ന ആനുകൂല്യങ്ങളുടെ കുടിശ്ശിക മുഴുവനും കൊടുത്ത ശേഷവും ലാഭം കൈവരിക്കാൻ ഫോം മാറ്റിങ്സിന് ഇത്തവണ കഴിഞ്ഞെന്ന് മന്ത്രി
തിരുവനന്തപുരം: കയർ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ ഫോം മാറ്റിങ്‌സ് 18 വർഷത്തിനു ശേഷം ലാഭത്തിലായ സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്. തൊഴിലാളികൾക്ക് നൽകാനുണ്ടായിരുന്ന ആനുകൂല്യങ്ങളുടെ കുടിശ്ശിക മുഴുവനും കൊടുത്ത ശേഷവും മൂന്ന് ലക്ഷം രൂപ ലാഭം കൈവരിക്കാൻ ഫോം മാറ്റിങ്സിന് ഇത്തവണ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.
2019-20 വർഷത്തിൽ രണ്ട് കോടി രൂപയുടെ നഷ്ടത്തിലാണ് ഫോം മാറ്റിങ്‌സ് പ്രവർത്തിച്ചിരുന്നത്. 2020 - 21 ൽ നഷ്‌ടം 40 ലക്ഷത്തിലേക്ക് കുറച്ചു. 2021 - 23 കാലഘട്ടത്തിൽ നഷ്‌ടം 1.50 ലക്ഷം രൂപയായി കുറച്ചു. തുടർന്നാണ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഫോം മാറ്റിങ്സ് ലാഭത്തിലേക്ക് കുതിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. കുടിശ്ശികയിനത്തിൽ നൽകാനുണ്ടായിരുന്ന 1.40 കോടി രൂപയും വിതരണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. കയർ കോർപ്പറേഷനുമായി ലയനത്തിനൊരുങ്ങുന്ന ഫോം മാറ്റിങ്സ് വരും വർഷങ്ങളിലും മികച്ച പ്രവർത്തനം കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
കയർ കയറ്റുമതി ലക്ഷ്യമിട്ടാണ് ഫോം മാറ്റിങ്സ് സ്ഥാപിച്ചത്. ഒരേ മേഖലയിൽ പൊതുഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ എന്ന നിലയ്ക്കാണ് കയർ കോർപ്പറേഷനെയും ഫോം മാറ്റിങ്സിനെയും സർക്കാർ ലയിപ്പിക്കുന്നത്. പ്രത്യേക ബോർഡ് വേണ്ടെന്നും ഫോം മാറ്റിങ്സ് കയർ കോർപറേഷന് കീഴിൽ പ്രവർത്തിച്ചാൽ മതിയെന്നുമാണ് സർക്കാർ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം