ഭാര്യയുടെ സ്ത്രീധന പീഡന പരാതി; മുൻകൂർ ജാമ്യം തേടി ബിപിൻ സി ബാബു ഹൈക്കോടതിയിൽ
പരാതി വാസ്തവ വിരുദ്ധമാണെന്നും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന്റെ ഭാഗമായുള്ള രാഷ്ട്രീയ പകപോക്കലാണ് പരാതിക്ക് പിന്നിലെന്നും ബിപിൻ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
കൊച്ചി: ഭാര്യയുടെ സ്ത്രീധന പീഡന പരാതിയിൽ മുൻകൂർ ജാമ്യം തേടി ബിപിൻ സി ബാബു ഹൈക്കോടതിയിൽ. പരാതി വാസ്തവ വിരുദ്ധമാണെന്നാണ് ബിപിൻ സി ബാബു ആരോപിക്കുന്നത്. പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന്റെ ഭാഗമായുള്ള രാഷ്ട്രീയ പകപോക്കലാണ് പരാതിക്ക് പിന്നിലെന്നും ബിപിൻ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
തന്റെ പിതാവിൽ നിന്ന് വിപിൻ സി ബാബു 10 ലക്ഷം രൂപ സ്ത്രീധനം വാങ്ങിയെന്നും കൂടുതല്‍ സ്ത്രീധനം ചോദിച്ച് ശാരീരികമായി ഉപദ്രവിച്ചെന്നും കാണിച്ച് ഭാര്യ മിനിസ കഴിഞ്ഞ ദിവസമാണ് പൊലീസിൽ പരാതി നൽകിയത്. കരണത്ത് അടിച്ചു, അയൺ ബോക്സ് ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചു, പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് മർദ്ദിച്ചുവെന്നതടക്കമുള്ള ഗുരുതരമായ ആരോപങ്ങളാണ് പരാതിയിലുള്ളത്. കേസിൽ ബിപിൻ സി ബാബു ഒന്നാം പ്രതിയും അമ്മ പ്രസന്നകുമാരി രണ്ടാം പ്രതിയുമാണ്.
ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിപിൻ. ജില്ലയിൽ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിൻ പാർട്ടി വിടുന്നത്. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് ബിബിന് അംഗ്വതം നൽകി സ്വീകരിച്ചത്. പാർട്ടി കുടുംബത്തിൽപ്പെട്ട നേതാവാണ് സിപിഎം വിട്ട് ബിജെപിയിലേക്ക് എത്തുന്നത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് ബിപിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം