പോസ്റ്റ്‌മോർട്ടത്തിൽ നിർണായക കണ്ടെത്തൽ; ആതിരക്കെതിരെ അടക്കം കൊലക്കുറ്റം ചുമത്തി; വിഷ്ണു മരിച്ചത് തലക്കടിയേറ്റ്

ആലപ്പുഴ ആറാട്ടുപുഴയിൽ മകനെ ഭാര്യവീട്ടിൽ തിരിച്ചാക്കാൻ പോയ യുവാവ് മരിച്ചത് ഭാര്യയുടെ ബന്ധുക്കളുടെ മർദ്ദനമേറ്റെന്ന് സ്ഥിരീകരണം

Alappuzha Vishnu murdered confirms postmortem wife Athira booked with murder charges

ആലപ്പുഴ: ആറാട്ടുപുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് മ‍രിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കായംകുളം പെരുമ്പള്ളി പുത്തൻ പറമ്പിൽ വിഷ്ണുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ ആതിര, ബന്ധുക്കളായ ബാബുരാജ്, പത്മൻ, പൊടിമോൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി. തലയ്ക്കുണ്ടായ ആന്തരിക ക്ഷതമാണ് മരണകാരണമെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. കേസിൽ നാല് പ്രതികളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

വിഷ്ണുവും ഭാര്യ ആതിരയും കഴിഞ്ഞ ഒന്നര വ‍ർഷമായി പിണങ്ങി കഴിയുകയായിരുന്നു. ഇവർക്ക് നാല് വയസുള്ള മകനുണ്ട്. ദാമ്പത്യ തർക്കത്തിൽ പോലീസ് സ്റ്റേഷനിൽ ഉണ്ടാക്കിയ ധാരണ പ്രകാരം മകൻ അവധി ദിവസങ്ങളിൽ വിഷ്ണുവിനോടൊപ്പമാണ് കഴിഞ്ഞത്. ഇങ്ങനെ തന്നോടൊപ്പമായിരുന്ന മകനെ തിരികെ ഏൽപിക്കാൻ ഇന്നലെ വൈകീട്ട് വിഷ്ണു ആറാട്ടുപുഴയിലെ ഭാര്യവീട്ടിൽ എത്തി. ഇവിടെ വച്ച് ഭാര്യയുടെ ബന്ധുക്കളുമായി തർക്കമുണ്ടാവുകയും ഇത് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു എന്ന് പൊലിസ് പറയുന്നു.

ഭാര്യയുടെ ബന്ധുക്കൾ  വിഷ്ണുവിനെ മാരകമായി മർദ്ദിച്ചെന്ന് വിഷ്ണുവിന്റെ കുടുംബം പറയുന്നു. മർദ്ദനമേറ്റ് വിഷ്‌ണു കുഴഞ്ഞു വീണുവെന്നും ബോധരഹിതനായി കിടന്ന വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. വിഷ്ണു ഹൃദ്രോഗിയാണെന്നും കുഴഞ്ഞ് വീണാണ് മരിച്ചതെന്നുമായിരുന്നു മറുവാദം. ഇത് പൊളിഞ്ഞു. സംഭവത്തിൽ ആലപ്പുഴ തൃക്കുന്നപ്പുഴ പൊലീസാണ് കേസെടുത്തത്. 

Latest Videos
Follow Us:
Download App:
  • android
  • ios