സൈനിക നിയമ വോട്ടെടുപ്പ് സംഘർഷത്തിനിടെ പാർലമെന്‍റിന്‍റെ മതിൽ ചാടിക്കടന്ന് ദക്ഷിണ കൊറിയൻ നേതാവ്; വീഡിയോ വൈറൽ
പ്രസിഡന്‍റ് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സൈനിക നിയമം പ്രഖ്യാപിക്കുന്നതിനിടെ മൊബൈലില്‍ ലൈവ് സ്ട്രീം ഓണ്‍ചെയ്ത് പ്രതിപക്ഷ നേതാവ് പാര്‍ലമെന്‍റ് മന്ദിരം ചാടിക്കടന്ന് ജനങ്ങളോട് പെട്ടെന്ന് തന്നെ പാര്‍ലമെന്‍റ് എത്തിച്ചേരാന്‍ ആഹ്വാനം ചെയ്തു.
രാജ്യത്ത് സൈനിക നിയമം പ്രഖ്യാപിക്കുന്നതിനായി തലസ്ഥാനമായ സിയോളില്‍ കനത്ത സായുധ സേനയെ വിന്യസിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യെയോൾ ലോകത്തെ തന്നെ ഞെട്ടിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് ടെലിവിഷനില്‍ പ്രസിഡന്‍റ് സൈനിക നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് മണിക്കൂറോളം നേരം രാജ്യമെങ്ങും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇതോടെ പ്രഖ്യാപിച്ച് രണ്ട് മണിക്കൂറിന് ശേഷം പ്രസിഡന്‍റിന് സൈനിക നിയമം പിന്‍വലിക്കേണ്ടിവന്നതും ലോകം കണ്ടു.
ഈ രണ്ട് മണിക്കൂറിനിടെ രാജ്യ തലസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ യുദ്ധ പ്രതീതിയിലായിരുന്നതായി പുറത്ത് വന്ന വീഡിയോകളില്‍ കാണാം. പ്രസിഡന്‍റിന്‍റെ പ്രഖ്യാപനം വന്നതിന് പിന്നാലെ പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവ് ലീ ജേ-മ്യുങ്, ജനങ്ങളോട് സൈനിക നിയമത്തിനെതിരെ പോരാടാനും പാര്‍ലമെന്‍റില്‍ ഒത്തുകൂടാനും ആവശ്യപ്പെട്ടു. ജനങ്ങളോട് പാര്‍ലമെന്‍റിലേക്ക് എത്തിച്ചേരാന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെ തന്‍റെ സമൂഹ മാധ്യമത്തില്‍ ലൈവ് വീഡിയോ ചെയ്ത് കൊണ്ട് അദ്ദേഹം പാര്‍ലമെന്‍റിലേക്ക് നടക്കുകയും പാർലമെന്‍റിന്‍റെ മതില്‍ക്കെട്ട് ചാടിക്കടന്ന് അകത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. നടക്കുന്നതിനിടെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് വീഡിയോയിലേക്ക് നോക്കുന്നു. വീഡിയോ തൽസമയം കണ്ട് കൊണ്ടിരുന്നവര്‍ ഹൃദയ ചിഹ്നം പങ്കുവച്ച് തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തം.
സൈനിക നിയമം നിയമവിരുദ്ധമാണെന്നും യൂൻ സുക് യെയോൾ ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റല്ലെന്നും ജെയ്-മ്യുങ് പറഞ്ഞു. "റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കാനാവാത്തവിധം തകരും. എന്‍റെ സഹ പൗരന്മാരേ, ദയവായി ദേശീയ അസംബ്ലിയിലേക്ക് വരൂ," അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. സൈനിക നിയമം ഏർപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷം, 190 ഓളം നിയമനിർമ്മാതാക്കൾ പാര്‍ലമെന്‍റിലേക്ക് എത്തുകയും സൈനിക നിയമ പ്രഖ്യാപനം തടയുന്നതിനും പിൻവലിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രമേയത്തിന് അനുകൂലമായി ഏകകണ്ഠമായി വോട്ട് ചെയ്യുകയും ചെയ്തു. ഇതോടെ പ്രഖ്യാപിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ നിയമം പിന്‍വലിക്കാന്‍ പ്രസിഡന്‍റ് യൂൻ സുക് യെയോൾ നിര്‍ബന്ധിതനായി. പ്രതിപക്ഷ നേതാവ് ലീ ജേ-മ്യുങിന്‍റെ വീഡിയോ എക്സില്‍ ഇതിനകം കണ്ടത് ഒരു കോടി അറുപത്തിയൊന്ന് ലക്ഷം പേരാണ്.
1.5 ദശലക്ഷം വർഷം മുമ്പ് ആദ്യകാല മനുഷ്യവർഗ്ഗങ്ങള്‍ ഒരുമിച്ച് ജീവിച്ചിരുന്നെന്ന് ഗവേഷകര്‍