ആ 3 യുവതാരങ്ങളും ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവണം, തുറന്നു പറഞ്ഞ് രവി ശാസ്ത്രി
രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായ യശസ്വി ജയ്‌സ്വാളിന്‍റെ പേരാണ് അതില്‍ ആദ്യം. ഈ സീസണില്‍ റോയല്‍സിന്‍റെ ടോപ് സ്കോറാറയ യശസ്വി പുറത്തെടുത്ത ബാറ്റിംഗ് വെടിക്കെട്ട് തന്നെയാണ് അതിന് കാരണം. കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തില്‍ നിന്ന് ഏറെ മെച്ചപ്പെട്ട യശസ്വി ഓരോ ഷോട്ടിലും ചെലുത്തുന്ന ശക്തിയും റണ്‍സ് കണ്ടെത്തുന്ന രീതിയും ഏറെ പ്രശംസനീയമാണെന്ന് ശാസ്ത്രി പറഞ്ഞു.
മുംബൈ: ഐപിഎല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മിന്നിത്തിളങ്ങിയ യുവതാരങ്ങള്‍ നിരവധിയുണ്ട്. ഇവരില്‍ പലരും ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കുന്നവരുമാണ്. എന്നാല്‍ ഏകദിന ലോകകപ്പ് ടീമിലേക്ക് നിര്‍ബന്ധമായും പരിഗണിക്കേണ്ട മൂന്ന് താരങ്ങളെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ രവി ശാസ്ത്രി ഇപ്പോള്‍.ഐസിസി പ്രതിമാസ അവലോകനത്തിലാണ് ശാസ്ത്രി ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ട മൂന്ന് താരങ്ങളെ തെരഞ്ഞെടുത്തത്.
രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായ യശസ്വി ജയ്‌സ്വാളിന്‍റെ പേരാണ് അതില്‍ ആദ്യം. ഈ സീസണില്‍ റോയല്‍സിന്‍റെ ടോപ് സ്കോറാറയ യശസ്വി പുറത്തെടുത്ത ബാറ്റിംഗ് വെടിക്കെട്ട് തന്നെയാണ് അതിന് കാരണം. കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തില്‍ നിന്ന് ഏറെ മെച്ചപ്പെട്ട യശസ്വി ഓരോ ഷോട്ടിലും ചെലുത്തുന്ന ശക്തിയും റണ്‍സ് കണ്ടെത്തുന്ന രീതിയും ഏറെ പ്രശംസനീയമാണെന്ന് ശാസ്ത്രി പറഞ്ഞു.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി അവസാന ഓവറില്‍ അഞ്ച് സിക്സ് അടിച്ച് അത്ഭുത വിജയം സമ്മാനിച്ച റിങ്കു സിംഗിന്‍റെ പേരാണ് ശാസ്ത്രി ലോകകപ്പ് ടീമിലേക്ക് രണ്ടാമതായി നിര്‍ദേശിക്കുന്നത്. ഓരോ തവണ കാണാുമ്പോഴും റിങ്കുവിന്‍റെ പ്രകടനം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടുവരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു. യശസ്വിയെ പോലെ റിങ്കുവും കഷ്ടപ്പെട്ടാണ് ഈ തലത്തിലെത്തിയതെന്നും കഠിനാധ്വാനം ചെയ്യാനുള്ള ഇരുവരുടെയും കഴിവാണ് അവരെ വ്യത്യസ്തരാക്കുന്നതെന്നും ശാസ്ത്രി പറഞ്ഞു. കളിയോടുള്ള അവരുടെ അഭിനിവേശവും വിജയദാഹവുമാണ് മറ്റുള്ള യുവതാരങ്ങളില്‍ നിന്ന് വത്യസ്തമാണെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് താരം സായ് സുദര്‍ശനും ഇത്തരത്തില്‍ പരാമര്‍ശിക്കാവുന്ന താരമാണെന്ന് പറഞ്ഞ ശാസ്ത്രി പക്ഷെ ലോകകപ്പ് ടീമിലേക്ക് മൂന്നാമത്തെ കളിക്കാരനായി നിര്‍ദേശിച്ചത് മുംബൈ ഇന്ത്യന്‍സിന്‍റെ പുതിയ താരോദയമായ തിലക് വര്‍മയെയാണ്. സായ് സുദര്‍ശനൊപ്പം റുതുരാജ് ഗെയ്ക്‌വാദും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടാവുന്ന താരമാണെങ്കിലും തിലക് വര്‍മയെ ആണ് താന്‍ നിര്‍ദേശിക്കുന്നതെന്നും ശാസ്ത്രി പറഞ്ഞു. ലോകകപ്പ് നടക്കുന്ന സമയത്തെ ഫോമും കായികക്ഷമതയും കണക്കിലെടുത്ത് ഈ മൂന്ന് പേരെയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടതാണെന്നും ഏതെങ്കിലും പ്രധാന താരത്തിന് പരിക്കേറ്റാല്‍ പകരക്കാരായും ഇവരെ പരിഗണിക്കാമെന്നും ശാസ്ത്രി വ്യക്തമാക്കി.