ധോണി നായകനാകുന്ന ടീമില്‍ സഞ്ജുവിന് ഇടമുണ്ടോ?; ഐപിഎല്ലിലെ മികച്ച ഇലവനെ തെരഞ്ഞെടുത്ത് ശ്രീശാന്ത്
സൂര്യകുമാര്‍ യാദവ് അഞ്ചാം നമ്പറിലിറങ്ങുന്ന ശ്രീശാന്തിന്‍റെ ടീമില്‍ ശിവം ദുബെയോ റിങ്കു സിംഗോ ഫിനിഷറായി ഇറങ്ങുമെന്ന് ടെലിവിഷന്‍ ചാറ്റ് ഷോയില്‍ ശ്രീശാന്ത് പറഞ്ഞു. എം എസ് ധോണിയണ് വിക്കറ്റ് കീപ്പറും നായകനുമായി എത്തുന്നത്.
കൊച്ചി: രണ്ട് മാസം നീണ്ട ഐപിഎല്‍ പൂരം കൊടിയിറങ്ങിയെങ്കിലും ഐപിഎല്ലിലെ മികവിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ താരങ്ങള്‍ മികച്ച ടീമിനെ തെരഞ്ഞെടുക്കുന്നത് തുടരുകയാണ്. ഏറ്റവും ഒടുവിലായി മലയാളി പേസര്‍ എസ് ശ്രീശാന്താണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അഞ്ചാം കിരീടത്തിലേക്ക് നയിച്ച എം എസ് ധോണിയാണ് ശ്രീശാന്തിന്‍റെ ടീമിന്‍റെയും നായകന്‍. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് രണ്ട് താരങ്ങളും ശ്രീശാന്തിന്‍റെ ടീമിലുണ്ട്.
ഐപിഎല്ലിലെ ടോപ് സ്കോററായ ശുഭ്മാന്‍ ഗില്‍ തന്നെയാണ് ശ്രീശാന്തിന്‍റെ ടീമിലെയും ഓപ്പണര്‍. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ടോപ് സ്കോററായ യശസ്വി ജയ്‌സ്വാളാണ് ഗില്ലിന്‍റെ സഹ ഓപ്പണര്‍. ആര്‍സിബി താരം വിരാട് കോലിയാണ് മൂന്നാം നമ്പറില്‍. നാലാം നമ്പറില്‍ എല്ലാവരെയും അമ്പരപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തകര്‍ത്തടിച്ച അജിങ്ക്യാ രഹാനെയെ ആണ് ശ്രീശാന്ത് ഉള്‍പ്പെടുത്തിയത്.
സൂര്യകുമാര്‍ യാദവ് അഞ്ചാം നമ്പറിലിറങ്ങുന്ന ശ്രീശാന്തിന്‍റെ ടീമില്‍ ശിവം ദുബെയോ റിങ്കു സിംഗോ ഫിനിഷറായി ഇറങ്ങുമെന്ന് ടെലിവിഷന്‍ ചാറ്റ് ഷോയില്‍ ശ്രീശാന്ത് പറഞ്ഞു. എം എസ് ധോണിയണ് വിക്കറ്റ് കീപ്പറും നായകനുമായി എത്തുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യയെക്കാള്‍ ഓസീസിനെ ഭയപ്പെടുത്തുന്നത് ഓവലിലെ ചരിത്രം
ബൗളര്‍മാരായി ശ്രീശാന്ത് തെരഞ്ഞെടുത്തത് വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തിയ മുഹമ്മദ് ഷമിയെയും രണ്ടാം സ്ഥാനത്തുള്ള റാഷിദ് ഖാനെയുമാണ്. രാജസ്ഥാന്‍ റോയല്‍സ് സ്പിന്നറായ യുസ്‌വേന്ദ്ര ചാഹലാണ് രണ്ടാമത്തെ സ്പിന്നര്‍. ആര്‍സിബി താരമായ മുഹമ്മദ് സിറാജാണ് ടീമിലെ മൂന്നാം പേസര്‍. ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ മുന്നിലെത്തിയ ഫാഫ് ഡൂപ്ലെസിയും റുതുരാജ് ഗെയ്‌ക്വാദും ഡെവോണ്‍ കോണ്‍വെയുമൊന്നും ശ്രീശാന്തിന്‍റെ ടീമിലിടം നേടിയില്ലെന്നതും ശ്രദ്ധേയമാണ്.
ശ്രീശാന്ത് തെരഞ്ഞെടുത്ത ഐപിഎല്‍ ഇലവന്‍: യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, അജിങ്ക്യ രഹാനെ, സൂര്യകുമാർ യാദവ്, ശിവം ദുബെ/റിങ്കു സിംഗ്, എംഎസ് ധോണി (ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, റാഷിദ് ഖാൻ, യുസ്‌വേന്ദ്ര ചാഹൽ, മുഹമ്മദ് സിറാജ്.