ധോണി ഉഗ്രന്‍ പോരാളി, ഐപിഎല്‍ കളിച്ചത് ഒരു കാലിലെ വേദന കടിച്ചമര്‍ത്തി; വാഴ്‌ത്തി മുന്‍ താരം
ധോണിയെ പോരാളി എന്നാണ് ഇന്ത്യന്‍ മുന്‍ താരം ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ വിശേഷിപ്പിക്കുന്നത്
ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി കളിച്ചത് കാലിലെ പരിക്ക് വകവെക്കാതെയാണ് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ധോണി പലപ്പോഴും മൈതാനത്ത് മുടന്തി നടക്കുന്നത് ആരാധകര്‍ കണ്ടിരുന്നു. പരിക്ക് കാര്യമാക്കാതെ സീസണില്‍ ചെന്നൈയെ ചാമ്പ്യന്‍മാരാക്കിയ ധോണിയെ പോരാളി എന്നാണ് ഇന്ത്യന്‍ മുന്‍ താരം ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ വിശേഷിപ്പിക്കുന്നത്.
എം എസ് ധോണി കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് വിധേയനായി. അത് വിജയകരമാണ്. ധോണിയൊരു യഥാര്‍ഥ നായകനാണ്. ഒരു കാല്‍ കൊണ്ടാണ് ഐപിഎല്ലില്‍ കളിച്ചത്. വിജയമുണ്ടാകണമെങ്കില്‍ വേദന സഹിച്ചേ തീരു. എന്നാല്‍ കാലിലെ വേദന ധോണിയുടെ ചിന്തകളെ ബാധിച്ചില്ല. വേദനയ്‌ക്കിടയിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ധോണി നയിച്ച രീതി വിസ്‌മയകരമാണ്. ഒരു പോരാളിയുടെ മനസാണ് ധോണിക്ക്. ഒരു ചാമ്പ്യനാണ് അദേഹം എന്നുമാണ് ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍റെ വാക്കുകള്‍. ഐപിഎല്‍ പതിനാറാം സീസണിന്‍റെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ച് എം എസ് ധോണി സിഎസ്‌കെയ്‌ക്ക് അഞ്ചാം കിരീടം സമ്മാനിച്ചിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു കലാശപ്പോരില്‍ ചെന്നൈ ടീമിന്‍റെ വിജയം.
ഐപിഎല്‍ 2023 പൂര്‍ത്തിയായതിന് പിന്നാലെ മെയ് 31ന് വൈകിട്ട് കാല്‍മുട്ടിലെ ചികില്‍സയ്‌ക്കായി എം എസ് ധോണി മുംബൈയില്‍ എത്തിയിരുന്നു. വിദഗ്‌ധ പരിശോധനകള്‍ക്ക് ശേഷം ധോണിയെ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. സ്പോര്‍ട്‌സ് മെഡിസിന്‍ വിദഗ്‌ധനായ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലായിരുന്നു ധോണിയുടെ ശസ്‌ത്രക്രിയ. മുമ്പ് കാറപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ ശസ്‌ത്രക്രിയയും പര്‍ദിവാലയുടെ മേല്‍നോട്ടത്തിലായിരുന്നു. ധോണിക്ക് എപ്പോള്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനാകും എന്ന് വ്യക്തമല്ലെങ്കിലും രണ്ട് മാസം കൊണ്ട് നാല്‍പത്തിയൊന്നുകാരനായ താരത്തിന് നടക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
Read more: ആശ്വാസ വാര്‍ത്ത, 'തല' സുഖമായിരിക്കുന്നു; ധോണിയുടെ ശസ്‌ത്രക്രിയ വിജയകരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം