നിലവിൽ 91 ശതമാനം പ്ലേ ഓഫ് സാധ്യത; ചെന്നൈ ഇനിയും പുറത്താകാം! 3 ശതമാനം സാധ്യതയുള്ള രാജസ്ഥാനും കയറിക്കൂടാം
ചെന്നൈ ഡല്‍ഹി ക്യാപിറ്റല്‍സിനെയും എല്‍എസ്ജി കൊല്‍ക്കത്തയെയുമാണ് അവസാന മത്സരത്തില്‍ നേരിടുക. വിജയം നേടിയാല്‍ അനായാസം ചെന്നൈക്കും ലഖ്നവിനും മുന്നോട്ട് കുതിക്കാം
ഹൈദരാബാദ്: ഐപിഎല്‍ പോയിന്‍റ് ടേബിളിനെ കൂടുതല്‍ സങ്കീര്‍ണമാക്കി ആര്‍സിബിയുടെ വിജയം. സണ്‍റൈസേഴ്സ് ഹൈദരാബാദ് ആര്‍സിബിയെ തോല്‍പ്പിച്ചിരുന്നെങ്കില്‍ പ്ലേ ഓഫിലെ മൂന്ന് സ്ഥാനങ്ങളുടെ കാര്യത്തില്‍ തീരുമാനം ആകുമായിരുന്നു. ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു. ആര്‍സിബി തോറ്റിരുന്നെങ്കില്‍ ചെന്നൈക്കും ലഖ്നൗവിനും കൂടെ പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു.
ആര്‍സിബിയുടെ ജയത്തോടെ 91 ശതമാനം സാധ്യതയുണ്ടെങ്കിലും ചെന്നൈക്കും ലഖ്നൗിനും ഇനിയും പ്ലേ ഓഫിലേക്ക് കടക്കാൻ കാത്തിരിക്കണം. ചെന്നൈ ഡല്‍ഹി ക്യാപിറ്റല്‍സിനെയും എല്‍എസ്ജി കൊല്‍ക്കത്തയെയുമാണ് അവസാന മത്സരത്തില്‍ നേരിടുക. വിജയം നേടിയാല്‍ അനായാസം ചെന്നൈക്കും ലഖ്നവിനും മുന്നോട്ട് കുതിക്കാം. എന്നാല്‍, പരാജയപ്പെട്ടാല്‍ ആര്‍സിബിക്കും മുംബൈക്കും 16 പോയിന്‍റുകള്‍ വരെ നേടാനുള്ള സാധ്യതയുണ്ടെന്നുള്ളത് പോയിന്‍റ് ടേബിളിനെ സങ്കീര്‍ണമാക്കുന്നു.
രാജസ്ഥാൻ, കെകെആര്‍, പഞ്ചാബ് കിംഗ്സ് എന്നിവര്‍ക്കും 12 പോയിന്‍റുകള്‍ വീതമാണ് ഉള്ളത്. മുംബൈയുടെയും ആര്‍സിബിയുടെയും തോല്‍വിയാണ് ഈ മൂന്ന് ടീമുകള്‍ക്ക് വിജയം നേടുന്നതിനൊപ്പം ആവശ്യമായിട്ടുള്ളത്. വിജയം നേടിയാല്‍ പോലും റണ്‍ റേറ്റ് വലിയ ഘടകമായി മാറുകയും ചെയ്തു. ഇന്ന് രാജസ്ഥാൻ - പഞ്ചാബ് മത്സരം അവസാനിക്കുന്നതോടെ ഇതില്‍ ഒരു ടീമിന്‍റെ കാര്യത്തില്‍ തീരുമാനമാകും. ജയിക്കുന്ന ടീമിന് മറ്റ് ടീമുകളുടെ വിജയപരാജയങ്ങളില്‍ കണ്ണുനട്ട് പ്രതീക്ഷയോടെ അവസാന മത്സരം വരെ കാണാം.
തോല്‍ക്കുന്ന ടീമിന് പെട്ടി പായ്ക്ക് ചെയ്ത് മടങ്ങാം. റണ്‍ റേറ്റ് ഘടകമായാല്‍ മുംബൈയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ആര്‍സിബിയാണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. ഈ സീസണിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്തിനെ അവസാന മത്സരത്തില്‍ നേരിടേണ്ടി വരുന്നു എന്നുള്ളതാണ് ആര്‍സിബിക്ക് പ്രതിസന്ധിയാകുന്നത്. മുംബൈക്ക് എതിരാളി സണ്‍റൈസേഴ്സ് ഹൈദരാബാദാണ്.
കണക്കുകള്‍ നോക്കിയാല്‍ ചെന്നൈയ്ക്ക് പ്ലേ ഓഫില്‍ കയറാൻ 91 ശതമാനം സാധ്യതയാണ് ഉള്ളത്. ലഖ്നൗവിനും 90 ശതമാനം സാധ്യതയുണ്ട്. നാലാം സ്ഥാനത്തുള്ള ആര്‍സിബിക്ക് 52 ശതമാനവും തൊട്ട് പിന്നിലുള്ള മുംബൈക്ക് 52 ശതമാനവും സാധ്യതയുണ്ട്. രാജസ്ഥാൻ റോയല്‍സ് (3 ശതമാനം), കെകെആര്‍ (2 ശതമാനം), പഞ്ചാബ് (1 ശതമാനം) എന്നിങ്ങനെയാണ് ക്രിക്കറ്റ് വിദഗ്ധര്‍ സാധ്യത നല്‍കുന്നത്.