ഭുവിക്കെതിരായ അവസാന ഓവര്‍ വെടിക്കെട്ട്; നാഴികക്കല്ല് പിന്നിട്ട് പൊള്ളാര്‍ഡ്
പഞ്ചാബ് കിംഗ്‌സിന്‍റെ ക്രിസ് ഗെയ്‌ല്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ എ ബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയ വിദേശികള്‍.
ചെന്നൈ: ഐപിഎല്ലില്‍ 200 സിക്‌സറുകള്‍ നേടുന്ന മൂന്നാമത്തെ വിദേശ താരമെന്ന നേട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ കീറോണ്‍ പൊള്ളാര്‍ഡ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തിലാണ് പൊള്ളാര്‍ഡിന്‍റെ നേട്ടം. പഞ്ചാബ് കിംഗ്‌സിന്‍റെ ക്രിസ് ഗെയ്‌ല്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ എ ബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയ വിദേശികള്‍.
ലീഗില്‍ 200 സിക്‌സറുകള്‍ തികയ്‌ക്കുന്ന ആറാമത്തെ താരം കൂടിയായി പൊള്ളാര്‍ഡ്. ഗെയ്‌ല്‍ 351 സിക്‌സറുകളുമായി മുന്നില്‍ നില്‍ക്കുന്ന പട്ടികയില്‍ എബിഡി, രോഹിത് ശര്‍മ്മ, എം എസ് ധോണി, വിരാട് കോലി എന്നിവരും പൊള്ളാര്‍ഡിന് പുറമെയുണ്ട്.
ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരങ്ങള്‍
ക്രിസ് ഗെയ്‌ല്‍- 351 സിക്‌സര്‍(134 മത്സരം)
എ ബി ഡിവില്ലിയേഴ്‌സ്- 237 സിക്‌സര്‍(171 മത്സരം)
രോഹിത് ശര്‍മ്മ- 217 സിക്‌സര്‍(203 മത്സരം)
എം എസ് ധോണി- 216 സിക്‌സര്‍(206 മത്സരം)
കീറോണ്‍ പൊള്ളാര്‍ഡ്- 201 സിക്‌സര്‍(167 മത്സരം)
വിരാട് കോലി- 201 സിക്‌സര്‍(194 മത്സരം)
എം എ ചിദംബരം സ്റ്റേഡിയത്തില്‍ അവസാന ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെ രണ്ട് സിക്‌സറിന് പറത്തിയാണ് പൊള്ളാര്‍ഡ് നേട്ടം പൂര്‍ത്തിയാക്കിയത്. നേരിട്ട 22 പന്തില്‍ 35 റണ്‍സടിച്ച് മുംബൈയുടെ സ്‌കോര്‍ 150ലെത്തിച്ചത് പൊള്ളാര്‍ഡിന്‍റെ ബാറ്റിംഗാണ്. മൂന്ന് സിക്‌സറുകള്‍ ഇന്നിംഗ്‌സിനിടെ പൊള്ളാര്‍ഡ് നേടി. വ്യക്തിഗത സ്‌കോര്‍ പതിനെട്ടില്‍ നില്‍ക്കേ വിജയ് ശങ്കര്‍ താരത്തെ നിലത്തിട്ടിരുന്നു. മത്സരം 13 റണ്‍സിന് മുംബൈ ജയിച്ചപ്പോള്‍ പൊള്ളാര്‍ഡിന്‍റെ സ്‌കോറിംഗ് നിര്‍ണായകമായി.
എറിഞ്ഞിട്ടു! വീണ്ടും മുംബൈയുടെ കളിയഴക്; ഹൈദരാബാദിന് മൂന്നാം തോല്‍വി