Malayalam Poem: സെല്‍ഫ് സെന്‍സര്‍ഷിപ്പ്, പി എം ജയന്‍ എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഫോട്ടോ, എഴുത്ത്: പിഎം ജയന്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
സെല്‍ഫ് സെന്‍സര്‍ഷിപ്പ്
ചുരുട്ടിക്കൂട്ടി
വലിച്ചെറിയുന്ന
സംഘര്‍ഷങ്ങളെല്ലാം
ഇടവഴി കൈവഴി പുഴകളിലൂടെ
സമുദ്രക്കയത്തിലെത്തുന്നു.
എന്തിനെയുമുള്‍വഹിക്കാന്‍
ശേഷിയുള്ളവരുടെ
സാഗരരോദനമാണല്ലോ
ആവിഷ്‌കാരങ്ങളെല്ലാം.
ഫോട്ടോ, എഴുത്ത്: പിഎം ജയന്‍
കടല്‍ വലുപ്പത്തിലഹം
കുതിച്ച് ചാടുമ്പോഴും
തന്നേക്കാളകം
മുഴക്കമുള്ളതിനെ
കരയില്‍
കാണുന്നല്ലോയെന്ന
തോന്നലില്‍
എഴുതുന്നതെല്ലാം
സ്വയം മായ്ച്ച് മായ്ച്ച്
പിന്‍വലിയുന്നൂ തിര.
ഒഴിയാ സന്ദേഹത്താല്‍
'നേതി നേതി'യെന്ന പോല്‍
ഒരു തീരത്തും
ഒരിക്കലും
പരിഭാഷപ്പെടാനാവാത്തതിന്റെ
എണ്ണമറ്റ
ആകുലതകളുടെ
ചുഴിയും
കിതപ്പുമാണീ
അലമുറകള്‍.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...