ഐപിഎല്ലിൽ ആരും ടീമിലെടുത്തില്ല, പിന്നാലെ ടി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുമായി ഗുജറാത്ത് താരം
ഒരു പന്ത് വ്യത്യാസത്തിലാണ് ഉര്‍വില്‍ പട്ടേലിന് ടി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ് നഷ്ടമായത്.
അഹമ്മദാബാദ്: ടി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട് ഗുജറാത്ത് താരം ഉര്‍വില്‍ പട്ടേല്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ത്രിപുരക്കെതിരെ ഗുജറാത്തിനായി 28 പന്തില്‍ സെഞ്ചുറി നേടിയാണ് ഉര്‍വില്‍ പട്ടേല്‍ ടി20 ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുടെ റെക്കോര്‍ഡിട്ടത്. 35 പന്തില്‍ 113 റണ്‍സുമായി പുറത്താകാതെ നിന്ന ഉര്‍വില്‍ പട്ടേൽ 12 സിക്സുും ഏഴ് ഫോറും പറത്തി. സയ്യിജ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡും ഉര്‍വില്‍ സ്വന്തമാക്കി.
ഒരു പന്ത് വ്യത്യാസത്തിലാണ് ഉര്‍വില്‍ പട്ടേലിന് ടി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ് നഷ്ടമായത്. സൈപ്രസിനെതിരെ എസ്റ്റോണിയയുടെ സാഹില്‍ ചൗഹാന്‍ 27 പന്തില്‍ സെഞ്ചുറി നേടിയതാണ് ടി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറി. ഇന്ത്യൻ താരങ്ങളില്‍ 32 പന്തില്‍ സെഞ്ചുറി നേടിയ റിഷഭ് പന്തിന്‍റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡും ഉര്‍വില്‍ പട്ടേല്‍ ഇന്ന് മറികടന്നു.
2018ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാചല്‍പ്രദേശിനെതിരെ ഡല്‍ഹിക്ക് വേണ്ടിയായിരുന്നു റിഷഭ് പന്ത് 32 പന്തില്‍ സെഞ്ചുറി നേടിയത്. ഉര്‍വിലിന്‍റെ ബാറ്റിംഗ് മികവില്‍ ത്രിപുര ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് 10.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രണ്ട് സീസണുകളില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായിരുന്ന ഉര്‍വില്‍ പട്ടേലിനെ ഐപിഎല്‍ താരലേലത്തില്‍ ആരും ടീമിലെടുത്തിരുന്നില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റർമാര്‍ക്കായി ടീമുകള്‍ വന്‍തുക മുടക്കിയപ്പോഴും 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്നു ഉര്‍വിലിനായി ആരും രംഗത്തെത്താിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. പിന്നാലെയാണ് ഉര്‍വില്‍ ടി20 ക്രിക്കറ്റിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി നേടി റെക്കോര്‍ഡിട്ടത്. 43 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഉര്‍വിലിന്‍റെ ആദ്യ സെഞ്ചുറിയുമാണിത്. 96 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക