'ചില്ലിക്കാശ് പോലും കൊടുക്കരുത്'; ഒരു ടീമിനോടും ഇങ്ങനെ ചെയ്യരുത്, സൂപ്പർ താരത്തെ കടന്നാക്രമിച്ച് ഗവാസ്കർ
അദ്ദേഹം നൂറ് ശതമാനം ആരോഗ്യവാനല്ലെങ്കില്‍ അത് ഫ്രാഞ്ചൈസിയെ നേരത്തെ തന്നെ അറിയിക്കാമായിരുന്നു. മുമ്പ് ഉണ്ടായിരുന്ന അവസ്ഥയിലല്ല ജോഫ്ര ഉള്ളതെന്ന് ഐപിഎല്‍ തുടങ്ങിയ ശേഷമാണ് ടീമിന് മനസിലാകുന്നത്
മുംബൈ: പരിക്ക് മൂലം പാതിവഴിയില്‍ ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വന്ന ജോഫ്ര ആര്‍ച്ചറിനെതിരെ കടുത്ത വിമര്‍ശനവുമായി ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. ജോഫ്രയെ കൊണ്ട് മുംബൈ ഇന്ത്യൻസിന് എന്ത് ഗുണം കിട്ടിയെന്നാണ് ആര്‍ച്ചര്‍ ചോദിക്കുന്നത്. ഒരു സീസണ്‍ കളിക്കാൻ ഇല്ലെന്ന് അറിഞ്ഞിട്ടും വലിയ തുക ആര്‍ച്ചര്‍ക്ക് വേണ്ടി മുംബൈ മുടക്കി. വൻ തുക മുടക്കിയിട്ടും ആര്‍ച്ചര്‍ തിരിച്ച് എന്താണ് നല്‍കിയത്.
അദ്ദേഹം നൂറ് ശതമാനം ആരോഗ്യവാനല്ലെങ്കില്‍ അത് ഫ്രാഞ്ചൈസിയെ നേരത്തെ തന്നെ അറിയിക്കാമായിരുന്നു. മുമ്പ് ഉണ്ടായിരുന്ന അവസ്ഥയിലല്ല ജോഫ്ര ഉള്ളതെന്ന് ഐപിഎല്‍ തുടങ്ങിയ ശേഷമാണ് ടീമിന് മനസിലാകുന്നത്. ഐപിഎല്ലിനിടെ ചികിത്സയ്ക്കായി അദ്ദേഹം വിദേശത്തേക്ക് പോയി. അദ്ദേഹത്തിന്‍റെ രാജ്യത്തെ ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. അതുകൊണ്ട് പൂര്‍ണ ആരോഗ്യവാനായിരുന്നില്ല ആര്‍ച്ചര്‍, എന്നിട്ടും വന്നു.
ഇസിബി നൽകുന്നതിനേക്കാൾ കൂടുതൽ പണം നൽകുന്ന ഫ്രാഞ്ചൈസിയോട് അദ്ദേഹം പ്രതിജ്ഞാബദ്ധനാണെങ്കിൽ ഇങ്ങനെ ഒന്നും ചെയ്യില്ലായിരുന്നു. ഒരിക്കലും ഇത്തരത്തില്‍ ഐപിഎല്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങില്ലായിരുന്നുവെന്നും ഗവാസ്കര്‍ പറഞ്ഞു. ടൂര്‍ണമെന്‍റ് മുഴുവൻ കളിക്കുന്നില്ല എങ്കില്‍ ഒരു കളിക്കാരന്, എത്ര വലിയ താരമാണെങ്കിലും രു രൂപ പോലും നൽകുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിക്കുമൂലം സീസണ്‍ മുഴുവന്‍ കളിക്കാനാവില്ലെന്ന് അറിഞ്ഞിട്ടും എട്ടു കോടി മുടക്കി ഒരു താരത്തെ ടീമിലെത്തിക്കുക. എന്നിട്ട് അയാളുടെ വരവിനായി ഒരു വര്‍ഷത്തോളം കാത്തിരിക്കുക. തുടര്‍ന്ന് പ്രതീക്ഷകളെ വാനോളമുയര്‍ത്തി താരമെത്തിയപ്പോള്‍ പഴയ പ്രൗഡിയുടെ നിഴല്‍ മാത്രമായി മാറുക. ഐപിഎല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയായി പ്രശംസിക്കപ്പെടുന്ന മുംബൈക്ക് ഇങ്ങനെ ഒരു അക്കിടി പറ്റിയതില്‍ കടുത്ത നിരാശയിലാണ് ആരാധകരും.
ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇത്തവണ മുംബൈ ബൗളിംഗ് ആക്രമണത്തെ ആര്‍ച്ചര്‍ നയിക്കുമെന്നാണ് ടീം കരുതിയിരുന്നത്. എന്നാല്‍, വെറും അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് ആര്‍ച്ചറിന്‍റെ സേവനം മുംബൈക്ക് ലഭിച്ചത്. 120 പന്തുകള്‍ എറിഞ്ഞ താരത്തിന് നേടാനായത് രണ്ട് വിക്കറ്റുകളാണ്. എക്കോണമിയാകട്ടെ 9.50 ആണ്. കൈമുട്ടിന് പരിക്കേറ്റ ജോഫ്ര ആർച്ചര്‍ ഒരു വർഷത്തിലേറെയായി കളത്തിന് പുറത്തായിരുന്നു. ഇതിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ പഴയ മൂര്‍ച്ച പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നില്ല.