ടെൻഷൻ കാരണം നിലത്തുനില്‍ക്കാനാവാത്ത അവസ്ഥ, ഇതിനിടെയിലും! ആര്‍സിബിയുടെ മത്സരം കണ്ടു, ആഘോഷിച്ച് സിദ്ധരാമയ്യ
കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടെ സിദ്ധരാമയ്യയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്
ബംഗളൂരു: ദിവസങ്ങൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നതോടെ വലിയ ആഘോഷത്തിലായിരുന്നു പ്രവർത്തകർ. സിദ്ധരാമയ്യയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്തിയും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ തങ്ങളുടെ നേതാവിന്റെ മുഖ്യമന്ത്രി പദം ആഘോഷിച്ചത്.
തുടര്‍ന്ന് നിര്‍ണായകമായ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടന്നു. കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടെ സിദ്ധരാമയ്യയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. കര്‍ണാടയിലെ ബംഗളൂരു അടിസ്ഥാനമായുള്ള ആര്‍സിബിയുടെ സുപ്രധാനമായ ഒരു ഐപിഎല്‍ മത്സരം ഇന്നലെ നടന്നിരുന്നു. ടീം പ്ലേ ഓഫിലേക്ക് കടക്കുമോയെന്നുള്ള ആകാംക്ഷ നിറഞ്ഞ മത്സരമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്നത്.
മിന്നു വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ആര്‍സിബി സജീവമാക്കുകയും ചെയ്തു. സിദ്ധരാമയ്യ ഈ മത്സരം ടിവിയില്‍ കാണുന്നതിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആയിട്ടുള്ളത്. ആര്‍സിബിയുടെ കിടിലൻ വിജയം സിദ്ധരാമയ്യ ആഘോഷിക്കുകയും ചെയ്തു. ഐപിഎല്‍ പോയിന്‍റ് ടേബിളിനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതായിരുന്നു ആര്‍സിബിയുടെ വിജയം. സണ്‍റൈസേഴ്സ് ഹൈദരാബാദ് ആര്‍സിബിയെ തോല്‍പ്പിച്ചിരുന്നെങ്കില്‍ പ്ലേ ഓഫിലെ മൂന്ന് സ്ഥാനങ്ങളുടെ കാര്യത്തില്‍ തീരുമാനം ആകുമായിരുന്നു.
ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു. ആര്‍സിബി തോറ്റിരുന്നെങ്കില്‍ ചെന്നൈക്കും ലഖ്നൗവിനും കൂടെ പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു. ആര്‍സിബിയുടെ ജയത്തോടെ 91 ശതമാനം സാധ്യതയുണ്ടെങ്കിലും ചെന്നൈക്കും ലഖ്നൗിനും ഇനിയും പ്ലേ ഓഫിലേക്ക് കടക്കാൻ കാത്തിരിക്കണം. ചെന്നൈ ഡല്‍ഹി ക്യാപിറ്റല്‍സിനെയും എല്‍എസ്ജി കൊല്‍ക്കത്തയെയുമാണ് അവസാന മത്സരത്തില്‍ നേരിടുക. വിജയം നേടിയാല്‍ അനായാസം ചെന്നൈക്കും ലഖ്നവിനും മുന്നോട്ട് കുതിക്കാം. എന്നാല്‍, പരാജയപ്പെട്ടാല്‍ ആര്‍സിബിക്കും മുംബൈക്കും 16 പോയിന്‍റുകള്‍ വരെ നേടാനുള്ള സാധ്യതയുണ്ടെന്നുള്ളത് പോയിന്‍റ് ടേബിളിനെ സങ്കീര്‍ണമാക്കുകയാണ്.