'മടക്കുന്ന ഫോണുണ്ടോ' എന്ന സാംസങിന്‍റെ ട്രോളിന് ആപ്പിളിന്‍റെ മറുപടി വരുന്നു; ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ 2026ല്‍
ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് ആപ്പിളും, ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളോടെ മടക്കും ഐഫോണ്‍ വരും
കാലിഫോര്‍ണിയ: മടക്കുന്ന ഫോണ്‍ നിങ്ങള്‍ക്കുണ്ടോ എന്ന സാംസങിന്‍റെ ട്രോളിന് ആപ്പിള്‍ കമ്പനി എപ്പോള്‍ മറുപടി നല്‍കും? സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ചൂടേറിയ മത്സരത്തില്‍ സമീപകാലത്ത് ഏറെ ചര്‍ച്ചയായ ട്രോളായിരുന്നു ഇത്. കാത്തുകാത്തിരുന്നവരെ നിരാശരാക്കാതെ കന്നി ഫോള്‍ഡബിള്‍ ഐഫോണിനായുള്ള തയ്യാറെടുപ്പുകളിലാണ് ആപ്പിള്‍ എന്നാണ് റിപ്പോര്‍ട്ട്.
2026ന്‍റെ രണ്ടാംപാതിയിലാവും ആപ്പിള്‍ അവരുടെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറക്കുക എന്നാണ് സൂചന. ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറുമ്പോള്‍ ആപ്പിളിന് മാറി നില്‍ക്കാനാവില്ല. സാംസങ്, വാവെയ്, മോട്ടോറോള എന്നീ പ്രമുഖ കമ്പനികള്‍ക്ക് നിലവില്‍ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണുകളുണ്ട്. ഇവരില്‍ സാംസങ് ഗ്യാലക്‌സി സ്സെഡ് സിരീസുമായി ഒരുപടി മുന്നില്‍ കുതിക്കുകയുമാണ്. ഫോള്‍ഡബിള്‍ ഹാന്‍ഡ്‌സെറ്റുകളുടെ രംഗത്തേക്ക് ആപ്പിള്‍ കടന്നുവരുന്നത് പുത്തന്‍ സാങ്കേതികവിദ്യകളുടെ ഉദയത്തിന് കാരണമാകും എന്നാണ് പ്രതീക്ഷ. ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുത്തന്‍ ട്രെന്‍ഡിനൊപ്പം മത്സരം കൂട്ടാനും ആപ്പിളിനായേക്കും.
ഏറ്റവും നവീനമായ ടെക്‌നോളജികളോടെയായിരിക്കും ആപ്പിളിന്‍റെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ വരിക എന്നാണ് വിവരം. ഫ്ലെക്‌സിബിള്‍ ഒഎല്‍ഇഡി ഡിസ്പ്ലെയാണ് ഇതിലൊരു ഫീച്ചര്‍. നിലവിലെ ഐഫോണ്‍ സിരീസുകളില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് വ്യത്യസ്തമായ ഡിസൈനും പ്രതീക്ഷിക്കാം. അതിശക്തമായ ചിപ്പ്, ഹൈ-ക്വാളിറ്റി ക്യാമറകള്‍ എന്നിവയും ഫോള്‍ഡബിള്‍ ഐഫോണില്‍ ഉറപ്പാണ്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം ഐഫോൺ 16 സിരീസ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു 'നിങ്ങള്‍ക്ക് മടക്കുന്ന ഫോണ്‍ വരുമ്പോള്‍ അറിയിക്ക്' എന്ന കുറിപ്പുമായി ആപ്പിളിനെ സാംസങ് ട്രോളിയത്. ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഫോണ്‍ എന്ന് വരും എന്ന പരിഹാസത്തോടെ 2022ല്‍ ചെയ്ത ഒരു ട്വീറ്റ് അന്ന് സാംസങ് വീണ്ടും പങ്കുവെയ്ക്കുകയായിരുന്നു. ഈ റീ-ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു.
Read more: മടക്കാൻ കഴിയുമ്പോൾ അറിയിക്ക് എന്ന് സാംസങ്; ഐഫോൺ 16 സിരീസും കുക്കും 'എയറി'ലാണ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം