'അവനാണ് തോല്‍പ്പിച്ചത്'; തനിക്ക് തെറ്റുപറ്റിയെന്ന് വിരാട് കോലി

അവസാന ഓവറിന്‍റെ അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ആറ് റണ്‍സിന്‍റെ വിജയം മുംബെെ നേടിയെടുക്കുകയായിരുന്നു

virat kohli praises bumrah

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് വന്മരങ്ങള്‍ തമ്മിലുള്ള പോരാട്ടമായാണ് ഇന്നലെ നടന്ന മുംബെെ ഇന്ത്യന്‍സ് - റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു മത്സരത്തെ ആരാധകര്‍ കണ്ടത്. പ്രതീക്ഷിച്ചത് പോലെ തന്നെ ഇരു ടീമുകളും വര്‍ധിത പോരാട്ടവീര്യം കളത്തിലെടുത്തതോടെ അവസാന ഓവറിന്‍റെ അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ആറ് റണ്‍സിന്‍റെ വിജയം മുംബെെ നേടിയെടുക്കുകയായിരുന്നു.

ലസിത് മലിംഗ എറിഞ്ഞ അവസാന പന്ത് നോ ബോള്‍ ആയത് അമ്പയര്‍ കാണാതെ പോയത് വിവാദങ്ങള്‍ക്ക് കാരണമാകുമ്പോള്‍ തനിക്ക് പറ്റിയ ഒരു തെറ്റിനെ കുറിച്ച് വിരാട് കോലി തുറന്ന് പറഞ്ഞിരിക്കുകയാണ്. താനും ഡിവില്ലിയേഴ്സും മികച്ച രീതിയില്‍ ചേസ് ചെയ്യുമ്പോള്‍ ജസ്പ്രിത് ബുംറയുടെ പന്തില്‍ വീണ് പോയതാണ് കളി തോറ്റതിന്‍റെ ഒരു കാരണമായി കോലി പറയുന്നത്.

ആ സമയത്തെ ഏറ്റവും വലിയ തെറ്റാണ് താന്‍ ചെയ്തത്. ബുംറ ഒരു ടോപ് ക്ലാസ് ബൗളറാണ്. അദ്ദേഹത്തിനെതിരെ അപ്പോള്‍ അങ്ങനെ ഷോട്ട് എടുത്തത് തെറ്റായി പോയി. ശരിക്കും ബുംറ ടീമിലുള്ളത് മുംബെെയ്ക്ക് ഭാഗ്യമാണ്. ബുംറ മാത്രമല്ല, മലിംഗയുടെ കാര്യവും അങ്ങനെ തന്നെ. ജാസി (ബുംറ) മികച്ച ഫോമില്‍ കളിക്കുന്നത് ഇന്ത്യക്കും ഗുണകരമാണെന്നും കോലി പറഞ്ഞു.  

ബുംറയുടെ ബൗണ്‍സറിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ ഹര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കിയാണ് കോലി പുറത്തായത്. അവസാന പന്തില്‍ ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സായിരുന്നു. എന്നാല്‍, ഇതില്‍ ഒരു റണ്‍ നേടി ആറ് റണ്ണിന്‍റെ തോല്‍വിയാണ് ആര്‍സിബി ഏറ്റുവാങ്ങിയത്. അതിന് ശേഷം മുംബൈ വിജയാഘോഷത്തിനിടെയാണ് ആ പിഴവ് സ്ക്രീനില്‍ തെളിഞ്ഞത്. മലിംഗ എറിഞ്ഞ അവസാന ബോള്‍ സ്റ്റെപ്പ് ഔട്ട് നോ ബോള്‍ ആയിരുന്നു. ഇതേചൊല്ലിയുള്ള വിവാദം ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് പുകഴുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios