Delhi Air pollution | വായു മലിനീകരണം രൂക്ഷം: നാല് ജില്ലകളിലെ സ്കൂളുകള്‍ അടച്ചിട്ട് ഹരിയാന

ഗുര്‍ഗാവ്, ഫരീദാബാദ്, ജഗ്ജര്‍, സോണിപത്ത് എന്നീ ജില്ലകളിലാണ് സ്കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

Air pollution: Haryana shuts schools in four districts near Delhi

ഗുര്‍ഗാവ്: വായു മലിനീകരണം (Air pollution) രൂക്ഷമായതോടെ നാല് ജില്ലകളിലെ സ്കൂളുകള്‍ (shuts schools)അടച്ചിട്ട് ഹരിയാന (Haryana) . ഒപ്പം തന്നെ ഈ ജില്ലകളിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും ഹരിയാന തീരുമാനിച്ചു. ദേശീയ തലസ്ഥാനമായ ദില്ലിയുമായി (Delhi) അതിര്‍ത്തി പങ്കിടുന്ന നാല് ജില്ലകളിലാണ് ഹരിയാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഏഴു ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍.

ഗുര്‍ഗാവ്, ഫരീദാബാദ്, ജഗ്ജര്‍, സോണിപത്ത് എന്നീ ജില്ലകളിലാണ് സ്കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഈ ജില്ലകളിലെ വായുവിന്‍റെ നിലവാരം വളരെ അപകടകരമായ ആവസ്ഥയിലാണെന്നും ഇത് പ്രത്യേകിച്ച് കുട്ടികള്‍ക്ക് അപകടകരമായതിനാലാണ് സ്കൂളുകള്‍ അടച്ചിടാനുള്ള തീരുമാനം എടുത്തത് എന്നാണ് ഹരിയാന സര്‍ക്കാര്‍ പറയുന്നത്.

രാജ്യതലസ്ഥാനത്തെ വായുവിന്‍റെ നിലവാരം സംബന്ധിച്ച് സുപ്രീംകോടതി (Supreme Court) ഗൌരവമായ ഇടപെടല്‍ നടത്തിയതിന് പിന്നാലെ ഹരിയാന സര്‍ക്കാറിന്‍റെ എയര്‍‍ ക്വാളിറ്റി കമ്മീഷണ്‍ ഞായറാഴ്ച നടത്തിയ യോഗത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് ദില്ലിയുടെ അയല്‍ ജില്ലകളില്‍ സ്കൂളുകള്‍ അടച്ചിടാനും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും നടപടിയെടുത്തത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റും നിര്‍ത്തിവയ്ക്കുന്നതിലൂടെ വാഹനങ്ങളില്‍ നിന്നുള്ള 40 ശതമാനത്തോളം മലിനീകരണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഹരിയാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

അതേ സമയം മാലിന്യങ്ങള്‍ കത്തിക്കുന്നതും, റോഡുകള്‍ തൂക്കുന്നതും അടക്കം നാല് ജില്ലകളില്‍ താല്‍കാലികമായി നിരോധിച്ചിട്ടുണ്ട്. പ്രധാന സ്ഥലങ്ങളില്‍ വെള്ളം തളിക്കാനും പദ്ധതിയുണ്ട്. അതേ സമയം ഗുര്‍ഗാവിലെ വായുവിന്‍റെ ഗുണനിലവാരം രണ്ട് ദിവസമായി തുടരുന്ന 'ഗുരുതരം' എന്ന അവസ്ഥയില്‍ നിന്നും 'മോശം' എന്ന അവസ്ഥയിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇവിടുത്തെ വായുവിന്‍റെ ഗുണനിലവാരം ശനിയാഴ്ച എക്യൂഐയില്‍ 441 ആയിരുന്നെങ്കില്‍ ഞായറാഴ്ച അത് 287 ആണ്.

ദില്ലിയില്‍ സ്ഥിതി അതീവ ഗുരുതരം

ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുകയാണ്. ശനിയാഴ്ച വായു നിലവാര സൂചിക 471 ന് മുകളിലാണ് രേഖപ്പെടുത്തിയത്. മലിനീകരണം തടയാൻ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ദില്ലി സര്‍ക്കാര്‍ ഇന്നലെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. 

സ്കൂളുകൾ ഒരാഴ്ചത്തേക്ക് ഇന്നുമുതൽ അടച്ചിടും. മുഴുവൻ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം വര്‍ക് ഫ്രം ഹോമാക്കി. ലോക് ഡൗണ്‍ പ്രഖ്യാപിക്കണോ എന്നത് കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കാനാണ് ദില്ലി സര്‍ക്കാരിന്‍റെ ആലോചന. വായു മലിനീകരണം തടയാൻ ദില്ലിയിൽ  രണ്ട് ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കയിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios