'ഇങ്ങനെയുണ്ടോ ബോർ, അടുപ്പിച്ച് രണ്ട് പിരീഡ് കണക്ക് ക്ലാസിലിരുന്നപോലേ'! മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക
ഒരു ദിവസം അടുപ്പിച്ച് രണ്ട് കണക്ക് ക്ലാസിലിരുന്ന അവസ്ഥയിലായിരുന്നു താനെന്നാണ് മോദിയുടെ പ്രസംഗത്തെക്കുറിച്ച് പ്രിയങ്ക പറഞ്ഞത്
ദില്ലി: ഭരണഘടനയുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ചര്‍ച്ചക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗത്തെ രൂക്ഷമായി പരിഹസിച്ച് വയനാട് എം പിയും എ ഐ സി സി ജനറൽ സെക്രട്ടറിയുമായി പ്രിയങ്ക ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി രണ്ട് മണിക്കൂറോളം നടത്തിയ പ്രസംഗം വല്ലാതെ ബോറടിപ്പിച്ചെന്നാണ് പ്രിയങ്ക പറഞ്ഞത്. ഒരു ദിവസം അടുപ്പിച്ച് രണ്ട് കണക്ക് ക്ലാസിലിരുന്ന അവസ്ഥയിലായിരുന്നു താനെന്നാണ് പ്രിയങ്ക പറഞ്ഞത്. തനിക്ക് മാത്രമല്ല ലോക്സഭയിലെ എല്ലാ എം പിമാർക്കും പ്രധാനമന്ത്രിയുടെ പ്രസംഗം നല്ല ബോറടിച്ചുവെന്നാണ് താൻ മനസിലാക്കുന്നതെന്നും അവർ വിവരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയ്ക്കും ബോറടിച്ചെന്നാണ് അവരുടെ ശരീരഭാഷ വ്യക്തമാക്കിയെന്നും പ്രിയങ്ക വിവരിച്ചു.
പുതിയതായി ഒരു കാര്യവും പ്രധാനമന്ത്രി ഇന്ന് പറഞ്ഞില്ല. എന്തെങ്കിലും ക്രിയാത്മകമായ കാര്യവും മോദി ലോക്സഭയിലെ പ്രസംഗത്തിൽ പറഞ്ഞില്ലെന്നും പ്രിയങ്ക വിമർശിച്ചു. നദ്ദ കൈകള്‍ കൂട്ടിത്തിരുമ്മുന്നത് താൻ കണ്ടെന്നും മോദി അദ്ദേഹത്തെ നോക്കിയപ്പോൾ മാത്രമാണ് നദ്ദ, ശ്രദ്ധയോടെ പ്രസംഗം കേള്‍ക്കുന്നതുപോലെ അഭിനയിച്ചതെന്നും പ്രിയങ്ക പരിഹസിച്ചു. അമിത് ഷായുടെ അവസ്ഥയും സമാനമായിരുന്നുവെന്നാണ് തനിക്ക് മനസിലായതെന്നും വയനാട് എം പി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ, തല കൈയില്‍ താങ്ങിവച്ച് ഇരിക്കുന്ന അമിത് ഷായെയാണ് താൻ കണ്ടതെന്നും പ്രിയങ്ക വിവരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം