രജനികാന്ത് നാലാമതായി പിന്തള്ളപ്പെട്ടു, തമിഴ് താരങ്ങളില്‍ മുന്നില്‍ ആ വിജയ നായകൻ, സര്‍പ്രൈസായി രണ്ടാമൻ

അടുത്തെങ്ങും റിലീസുകളുണ്ടായിട്ടില്ലെങ്കിലും തമിഴകത്തിന്റെ പ്രിയ താരം രണ്ടാമത് എത്തിയത് സര്‍പ്രൈസായി.

Most popular male Tamil film actors list out hrk

തമിഴകത്ത് നവംബറില്‍ ശ്രദ്ധയാകര്‍ഷിച്ച താരങ്ങളുടെ പേരുകള്‍ പുറത്തുവിട്ട് ഓര്‍മാക്സ് മീഡിയ. ഒന്നാം സ്ഥാനത്ത് വിജയ്‍യാണ്. രണ്ടാം സ്ഥാനത്ത് അജിത്തും എത്തിയിരിക്കുന്നു. രജനികാന്ത് നാലാം സ്ഥാനത്തേയ്‍ക്ക് പിന്തള്ളപ്പെട്ടു.

ലിയോയുടെ വമ്പൻ വിജയമാണ് നവംബറിലും താരങ്ങളില്‍ മുന്നില്‍ എത്താൻ വിജയ്‍ക്ക് കഴിഞ്ഞത്. ഒക്ടോബറില്‍ പ്രദര്‍ശനത്തിന് എത്തിയ ഒരു ചിത്രമാണെങ്കിലും ലിയോയുടെ വിജയത്തിന്റെ അലയൊലികള്‍ നവംബറിലേക്ക് നീണ്ടതും ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയതും ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കാനായതുമൊക്കെയാണ് ഓര്‍മാക്സ് മീഡിയയുടെ പട്ടികയില്‍ വിജയ്‍യെ മുന്നിലെത്താൻ സഹായിച്ചത്. രാജ്യമൊട്ടാകെ വിജയ്‍ക്ക് ആരാധകരുമുണ്ട്. ചെന്നൈ അടുത്തിടെ നേരിട്ട വലിയ ദുരിതമായ വെള്ളക്കെട്ടില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ച് വിജയ് രംഗത്ത് എത്തുകയും ചെയ്‍തിരുന്നു.

പട്ടികയില്‍ രണ്ടാമത് തമിഴകത്തിന്റെ പ്രിയ താരം അജിത്താണ് എന്നത് സര്‍പ്രൈസായി. അടുത്തിടെ റിലീസുകളുണ്ടായിട്ടില്ലെങ്കിലും വലിയ ശ്രദ്ധയാകര്‍ഷിക്കാൻ അജിത്തിന് കാരണമായത് വിഡാ മുയര്‍ച്ചിയുടെ വിശേഷങ്ങളും വിമാനത്താവളത്തിലടക്കം ആരാധകരോട് സ്‍നേഹത്തോടെ ഇടപെട്ടതും ഫോട്ടോയെടുത്തതടക്കമുള്ള വാര്‍ത്തകളുമാണ്. അസെര്‍ബെയ്‍ജാനിലാണ് അജിത്തിന്റെ വിഡാ മുയര്‍ച്ചി സിനിമയുടെ ചിത്രീകരണം നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നിര്‍വഹിക്കുന്നത് മഗിഴ് തിരുമേനിയാണ്.

രജനികാന്തിനെ പിന്നിലാക്കി സൂര്യ തമിഴ് താരങ്ങളുടെ പട്ടികയില്‍ മൂന്നാമതെത്തിയിരിക്കുന്നു എന്നതും ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. സംവിധായകൻ സിരുത്തൈ ശിവയുടെ പുതിയ ചിത്രമായ കങ്കുവ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനാണ് സൂര്യ മുന്നില്‍ എത്താൻ ഒരു കാരണം. അടുത്ത സ്ഥാനം ധനുഷിനാണ്. ആറാമതായിട്ടാണ് കമല്‍ഹാസൻ എത്തിയിരിക്കുന്നത്.

പിന്നാലെ ചിയാൻ വിക്രവും ഉണ്ട്. തമിഴകത്ത് യുവ നായകൻമാരില്‍ ശ്രദ്ധയാകര്‍ഷിച്ച താരം ശിവകാര്‍ത്തികേയൻ എട്ടാമത് എത്തിയിരിക്കുന്നത് അയലാന്റെ വിശേഷങ്ങളിലൂടെയാണ്. ജപ്പാനില്‍ നായകനായ കാര്‍ത്തിയാണ് ഒമ്പതാമത്. വിജയ് സേതുപതി പത്താമതുമാണ്.

Read More: ഗുണ്ടുര്‍ കാരവുമായി മഹേഷ് ബാബു, ചിത്രത്തിലെ ഗാനം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios