എത്ര പോസ്റ്റ് വേണമെങ്കിലും അവർ ഇട്ടോട്ടെയെന്ന് ഷാജി എൻ കരുൺ, സിനിമ ചെയ്യിക്കില്ലെന്ന് ഭീഷണിയെന്ന് ഇന്ദുലക്ഷ്മി
വനിത സംവിധായകർക്കുള്ള പദ്ധതിയിൽ സിനിമ എടുത്തവർക്ക് സ്വന്തം കയ്യിൽ നിന്ന് പണമെടുക്കേണ്ടി വന്നിട്ടുണ്ട്. പുതുതായി വരുന്നവർ ബുദ്ധിമുട്ടണം എന്നായിരുന്നു ഷാജി എൻ.കരുൺ പറഞ്ഞതെന്ന് ഇന്ദു ലക്ഷ്മി പറഞ്ഞു
തിരുവനന്തപുരം: സംവിധായക ഇന്ദു ലക്ഷ്മിയ്ക്കെതിരെ കെഎസ്എഫ്‍ഡിസി ചെയർമാൻ ഷാജി എൻ. കരുൺ. സിനിമാനയ രൂപീകരണ സമിതിയുടെ തലപ്പത്തേക്കുള്ള ഷാജി എൻ കരുണിന്റെ നിയമനത്തിനെതിരായ ഇന്ദു ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കെഎസ്എഫ്‍ഡിസി നോട്ടീസ് അയച്ചിരുന്നു. എത്ര പോസ്റ്റുകൾ വേണമെങ്കിലും അവർ ഇട്ടോട്ടെയെന്നും സത്യം അറിയാനാണ് താൻ കോടതിയിൽ പോയതെന്നും ഷാജി എൻ കരുൺ പ്രതികരിച്ചു.
ഒരു കോടി രൂപ മുടക്കി നിർമ്മിച്ച സിനിമയാണ് ഇന്ദുലക്ഷ്മിയുടെ നിള. പണം ചിലവാക്കിയ സ്ഥാപനത്തെ കളങ്കപ്പെടുത്താൻ അനുവദിക്കില്ല. വ്യക്തിയല്ല, സ്ഥാപനമാണ് വലുതെന്നും ഷാജി എൻ കരുൺ പറഞ്ഞു. കെ.എസ്.എഫ്.ഡി.സിയുടെ വനിതാ സംവിധായകർക്കുള്ള സിനിമാ പദ്ധതിയിൽ പൂർത്തിയാക്കിയ 'നിള' എന്ന ചിത്രത്തിന്റെ സംവിധായികയാണ് ഇന്ദു ലക്ഷ്മി. ചിത്രാഞ്ജലി സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് ഷാജി എൻ കരുൺ അടക്കമുള്ളവരുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ച് ഇന്ദു സമൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു.
തന്നോടും തന്റെ സിനിമയായ നിള എന്ന ചിത്രത്തിനോട് ഷാജി എൻ കരുൺ അവഗണന കാട്ടിയെന്നും ഇന്ദു പറഞ്ഞിരുന്നു. ഷാജി എൻ. കരുൺ തന്നെ മനപൂർവ്വം ടാർഗറ്റ് ചെയ്യുകയാണെന്ന് സംവിധായിക ഇന്ദു ലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇനിയൊരു സിനിമ തന്നെ കൊണ്ട് ചെയ്യിക്കില്ലെന്നാണ് ഷാജി എൻ. കരുൺ പറഞ്ഞത്. പലഭാഗത്ത് നിന്നും ഭീഷണിപ്പെടുത്തൽ ഉണ്ടായി. ഷാജി എൻ കരുണിന് അസഹിഷുണതയാണെന്നും ഇന്ദു ലക്ഷ്മി പറഞ്ഞു.
ചലച്ചിത്രോത്സവം നടക്കുന്ന സമയത്തെ നിയമനടപടി ബോധപൂർവ്വമാണ്. കെഎസ്എഫ്ഡിസി എന്ന സ്ഥാനപത്തോടല്ല എതിർപ്പ്. ഷാജി എൻ.കരുണിനോടുള്ള എതിർപ്പ് ആണ് പ്രകടിപ്പിച്ചത്. സത്യം തുറന്ന് പറയുന്നവരെ ഷാജി എൻ കരുൺ ഉന്നം വയ്ക്കുന്നു. വനിത സംവിധായകർക്കുള്ള പദ്ധതിയിൽ സിനിമ എടുത്തവർക്ക് സ്വന്തം കയ്യിൽ നിന്ന് പണമെടുക്കേണ്ടി വന്നിട്ടുണ്ട്. പുതുതായി വരുന്നവർ ബുദ്ധിമുട്ടണം എന്നായിരുന്നു ഷാജി എൻ.കരുൺ പറഞ്ഞതെന്ന് ഇന്ദു ലക്ഷ്മി പറഞ്ഞു.
Read More : അപ്പുറവും വിക്ടോറിയയും വീണ്ടും, 67 ചിത്രങ്ങള്‍ ഇന്ന്, ജനകീയമായി ഐഎഫ്എഫ്‍കെ 2024