തിരുവനന്തപുരത്ത് ബാറിൽ ഡിജെ പാർട്ടിക്കിടെ ഗുണ്ടകൾ ഏറ്റുമുട്ടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, 10 പേര്‍ അറസ്റ്റിൽ
സംഭവത്തിൽ ഗുണ്ടാ സംഘത്തിലെ സാജൻ, മകൻ ഡാനി അടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓം പ്രകാശിന് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല.
തിരുവനന്തപുരം: തിരുവനന്തപുരം ബാറിൽ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 10 പേരെ അറസ്റ്റ് ചെയ്തു. ബാറിൽ ഡിജെ പാർട്ടി സംഘടിപ്പിച്ച സാജൻ, മകൻ ഡാനി ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ഓം പ്രകാശിന് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. ബാറിലുണ്ടായ സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈഞ്ചലിലുള്ള ബാറിൽ സംഘർഷമുണ്ടായത്. തലസ്ഥാനത്ത് ഒരു വിഭാഗം ഗുണ്ടകളെ നയിക്കുന്ന എയർപോർട്ട് സാജന്റെ മകൻ ഡാനിയാണ് ഈ ബാറിൽ ഡിജെ പാർട്ടി സംഘടിപ്പിക്കുന്നത്. ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ എതിർ ചേരിയിൽപ്പെട്ടവരാണ് ഡാനിയും സംഘവും. ഡാനി നടത്തിയ ഡിജെ പാർട്ടിയിലേക്കാണ് ഓം പ്രകാശും സുഹൃത്തായ നിധിമെത്തിയത്. ഡിജെക്കിടെ ഇരുസംഘങ്ങള്‍ തമ്മിൽ കൈയാങ്കിളും ഏറ്റമുട്ടലും നടന്നു. പൊലീസ് എത്തിയപ്പോഴേക്കും ഓം പ്രകാശും സുഹൃത്ത് നിധിനും രക്ഷപ്പെട്ടു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മദ്യപിച്ച വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് തുമ്പ പൊലീസ് നിധിനെയും ഓം പ്രകാശിനെയും അറസ്റ്റ് ചെയ്തിരുന്നു.
തലസ്ഥാനത്ത് വീണ്ടും ഗുണ്ടകള്‍ സജീവ താവളമുറപ്പിക്കാൻ ശ്രമിക്കുന്നവെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെതിനിടയാണ് ഏറ്റമുട്ടൽ. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പക്ഷെ ആരും പരാതി നൽകാൻ ആദ്യം തയ്യാറായില്ല. പൊലീസ് ശക്തമായി ഇടപെട്ടതോടെ ഹോട്ടൽ മാനേജർ പരാതി നൽകി. എല്ലാവർക്കുമെതിരെ സംഘടിച്ച് സംഘർഷമുണ്ടാക്കിയതിന് കേസെടുത്തു.
ഫോർട്ട് പൊലീസ് ദൃശ്യങ്ങളിലുള്ളവർക്ക് നോട്ടീസ് അയച്ചു. സാജനും ഡാനിയും സുഹൃത്തുക്കളായ 10 പേരും സ്റ്റേഷനിൽ ഹാജരായി. ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടച്ചു. ഓം പ്രകാശും ഒപ്പമുണ്ടായിരുന്നവരും ഹാജരായില്ലെന്ന് പൊലീസ് പറഞ്ഞു. ഡാനിയെ കഴിഞ്ഞ ദിവസം കമ്മീഷണർ ഓഫീസിൽ നേരിട്ട് വിളിച്ച് ചോദ്യം ചെയ്തിരുന്നു.