ഫാത്തിമ 'ഫെമിനിച്ചി'യായത് ഇങ്ങനെ- റിവ്യൂ
യൂണിവേഴ്‍സലായ വിഷയത്തെ പൊന്നായിയുടെ പശ്ചാത്തലത്തിൽ പ്രാദേശികമായി പ്ലേസ് ചെയ്തിരിക്കുകയാണ്..
സ്ത്രീ പ്രതിസന്ധികളെ ദൈനംദിന ജീവിത സാഹചര്യങ്ങളിലൂടെ വ്യക്തമായും സരസമായും അവതരിപ്പിക്കുകയാണ് 'ഫെമിനിച്ചി ഫാത്തിമ'. വീട്ടമ്മയായ ഫാത്തിമ, ഒരു കിടക്കക്കൊണ്ടുണ്ടാകുന്ന കിടക്കപ്പൊറുതികൊണ്ട് 'ഫെമിനിച്ചി'യാവുകയാണ്. പൊന്നാനിയുടെ തീരദേശ മേഖലയിലാണ് കഥ പ്ലേസ് ചെയ്‍തിരിക്കുന്നത്. സാമൂഹിക പശ്ചാത്തലം ഒരു യാഥാസ്ഥിക മുസ്ലീം കുടുംബമാണെങ്കിൽ കൂടി, കൂടുതൽ വ്യാപ്‍തിയോടെ ചർച്ചചെയ്യപ്പെടേണ്ട വിഷയമാണ് സിനിമ സംസാരിക്കുന്നത്.
വീട്ടിൽ തന്റെ ഇടമെത്രത്തോളമുണ്ടെന്ന് പോലുമറിയാതെ നിൽക്കുന്ന സ്ത്രീകളുടെ പ്രതിനിധിയാണ് ഫാത്തിമ. അതിനിയും തിരിച്ചറിയാതെ താൻ ജീവിച്ചതും അനുഭവിച്ചതും ശരിയാണെന്ന് കരുതി തൃപ്‍തിപ്പെട്ട് കഴിയുന്ന അമ്മ കഥാപാത്രവും മെച്ചപ്പെട്ട ജീവിതം കൈക്കൊള്ളുന്ന സുഹറാത്തായും മകളുമെല്ലാം മറ്റ് സ്ത്രീകഥാപാത്രങ്ങളായുണ്ട്.
കണ്ടുപരിചിതമായ നമ്മുടെ ഗ്രാമാന്തരീക്ഷത്തിലെ വീടുകളെ ഓർമ്മിപ്പിക്കുന്നതാണ് വീടും പരിസരവും. ഫാത്തിമയുടെ ഭർത്താവ് ഒരു മുസ്ലിം പുരോഹിതനാണ് (ഉസ്‍താദ്). മൂന്നു കുട്ടികളും ഭർത്താവും ഭർതൃമാതാവുമായി ജീവിക്കുന്ന അവരുടെ ജീവിതം 'പെർഫെക്റ്റ്' ആണെന്നാണ് അയാൾ കരുതുന്നത്. ഫാത്തിമയുടെ വിഷമങ്ങളെ നമ്മുടെ വീട്ടിലെ ഓരോ സ്ത്രീകളുടെയും വിഷമങ്ങളായി കൂട്ടാനാകുന്നിടത്ത് തന്നെ സിനിമ വിജയം കണ്ടിട്ടുണ്ട്. അതേസമയം 'സോഷ്യൽ കണ്ടീഷനിങ്ങി'ന് വിധേയനായ ഫാത്തിമയുടെ ഭർത്താവിനെ അതേ അനുകമ്പയോടെ കുറ്റപ്പെടുത്തലേതുമില്ലാതെ അവതരിപ്പിക്കുന്നുണ്ട് സംവിധായകൻ.
സ്ത്രീ സൗഹൃദങ്ങളെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട് സിനിമ. പ്രായഭേദമന്യേ സ്ത്രീകൾക്കിടയിലുണ്ടാകുന്ന സൗഹൃദം, ഫാത്തിമയെ ഫെമിനിച്ചിയാക്കാൻ മറ്റു ഫെമിനിച്ചികൾ നൽകുന്ന പിന്തുണയൊക്കെതന്നെയാണ് ചിത്രം. സിനിമയുടെ തിരക്കഥയും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനാണ്. ഭൂരിഭാഗം അഭിനേതാക്കളും പൊന്നാനിക്കാരായ പുതുമുഖങ്ങൾ. അവരുടെ പ്രകടനങ്ങളെ തിരക്കഥയാവശ്യപ്പെടും വിധത്തിൽ മികവിലെത്തിച്ചതിൽ പശ്ചാത്തല സംഗീതം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഷംല ഹംസ ഫാത്തിമയായപ്പോൾ കുമാർ സുനിലാണ് ഭർത്താവായ ഉസ്‍താദിനെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ മറ്റ് ടെക്നിക്കൽ മേഖലകളും കൈകാര്യം ചെയ്തിരിക്കുന്നവർ പുതുമുഖങ്ങളാണ്.
മുസ്ലിം സമുദായങ്ങളിലെ പൗരോഹിത്യ സമൂഹത്തെ ആക്ഷേപഹാസ്യത്തോടെ അവതരിപ്പിക്കുന്നത് പുതിയ കാലത്തിന് അനുയോജ്യനായ മറ്റൊരു ഉസ്‍താദിനെ കാണിച്ചുകൊണ്ടാണ്. ഫാത്തിമയുടെ പ്രതിസന്ധികൾ 'ജെൻണ്ടർ' വ്യത്യാസമില്ലാതെ മനസിലാക്കിക്കുന്നത് അടുത്ത വീടുകളിലെ മറ്റു സ്ത്രീകളെക്കൂടി കാണിച്ചുകൊണ്ടാണ്. സിനിമ സംസാരിക്കുന്ന വിഷയങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ പ്രേക്ഷകന് തന്നെ അവസരം നൽകുകയാണ് തിരക്കഥ.
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് ഫെമിനിച്ചി ഫാത്തിമ പ്രദർശിപ്പിച്ചത്. മതം മുന്നോട്ട് വയ്ക്കുന്ന യുക്തിയില്ലായ്മകളെ മറുചോദ്യങ്ങൾ കോണ്ട് എതിർക്കുന്നത് തിയേറ്ററിൽ ചിരിപടർത്തുന്നുണ്ട്. ആദ്യാവസാനം ചിരിച്ചും ഇമോഷണലായും ഒടുക്കം നിറഞ്ഞ കൈയ്യടികളോടെയാണ് ആദ്യ പ്രദർശനത്തിനു പിന്നാലെ പ്രേക്ഷകർ തിയേറ്റർ വിട്ടത്.
യൂണിവേഴ്‍സലായ വിഷയത്തെ പൊന്നാനിയുടെ പശ്ചാത്തലത്തിൽ പ്രാദേശികമായി പ്ലേസ് ചെയ്തിരിക്കുകയാണ് ചിത്രത്തിൽ. സ്ത്രീവിരുദ്ധ പൊതു ബോധത്തിനുനേരെ തിരിച്ച ക്യാമറയാണ് ഫെമിനിച്ചി ഫാത്തിമയുടേത്. ഈ കാലത്തും സമീപ ഭാവിയിലും പറയേണ്ട ഗൗരവമുള്ള വിഷയത്തെ ലളിതമായും ഹാസ്യാത്മകമായും അവതരിപ്പിക്കുകയാണ് ഫാസിൽ മുഹമ്മദ്.