'കഴിഞ്ഞ 10 വർഷമായി അവനോട് സംസാരിച്ചിട്ടില്ല', ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്
ഞാന്‍ ധോണിയോട് സംസാരിക്കാറില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ഒരുമിച്ച് കളിച്ചപ്പോഴാണ് ഞാന്‍ ധോണിയോട് അവസാനമായി സംസാരിച്ചത്. അതും ഗ്രൗണ്ടില്‍വെച്ചുമാത്രം.
ചണ്ഡീഗഡ്: ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളിളും ഐപിഎല്ലിലും സഹതാരമായിരുന്നെങ്കിലും മുന്‍ ഇന്ത്യൻ നായകന്‍ എം എസ് ധോണിയുമായി താന്‍ സംസാരിക്കാറില്ലെന്ന് ഹര്‍ഭജന്‍ സിംഗ്. തനിക്ക് ധോണിയുമായി പ്രശ്നങ്ങളൊന്നും ഇല്ലെന്നും ധോണിക്ക് തന്നോട് പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടോയെന്ന് അറിയില്ലെന്നും ഹര്‍ഭജന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഞാന്‍ ധോണിയോട് സംസാരിക്കാറില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ഒരുമിച്ച് കളിച്ചപ്പോഴാണ് ഞാന്‍ ധോണിയോട് അവസാനമായി സംസാരിച്ചത്. അതും ഗ്രൗണ്ടില്‍വെച്ചുമാത്രം. അല്ലാതെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഞങ്ങള്‍ ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. അങ്ങനെ മിണ്ടാതിരിക്കാൻ ഞങ്ങള്‍ തമ്മില്‍ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല. ഇനി ധോണിക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അതിനെക്കുറിച്ച് എനിക്കറിയില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ എപ്പോഴെങ്കിലും അത് പറയുമായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിൽ ഒരുമിച്ച് കളിക്കുമ്പോള്‍ പോലും ഞങ്ങള്‍ തമ്മിൽ ഗ്രൗണ്ടില്‍വെച്ച് മാത്രമാണ് സംസാരിക്കാറുള്ളത്.
ധോണിയുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. ഇനി അവന് എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്നോട് നേരിട്ട് പറയാം. ഇക്കാലത്തിനിടെ ഞാനൊരിക്കലും അവനെ ഫോണില്‍ പോലും വിളിച്ചിട്ടില്ല. കാരണം വിളിച്ചാല്‍ ഫോണെടുക്കുന്നവരെ ഞാന്‍ ഫോണ്‍ വിളിക്കാറുള്ളു. അല്ലാതെ വെറുതെ കളയാന്‍ എന്‍റെ കൈയില്‍ സമയമില്ല. സുഹൃത്തുക്കളുമായി എപ്പോഴും ഞാന്‍ ബന്ധം നിലനിര്‍ത്താറുണ്ട്. കാരണം, ഞാന്‍ നിങ്ങൾക്ക് ബഹുമാനം തരുമ്പോള്‍ നിങ്ങള്‍ തിരിച്ചും നല്‍കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ നിങ്ങള്‍ പ്രതികരിക്കുകയെങ്കിലും വേണം. ഞാന്‍ നിങ്ങളെ ഒന്നോ രണ്ടോ തവണ വിളിച്ചിട്ടും നിങ്ങള്‍ തിരിച്ച് പ്രതികരിക്കുന്നില്ലെങ്കില്‍ പിന്നെ ഞാനെന്തിനാണ് ഞാന്‍ വിളിക്കുന്നത്. എന്നെ ആവശ്യമുള്ളവരെ മാത്രം ഞാന്‍ ബന്ധപ്പെട്ടാൽ മതിയല്ലോയെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും ധോണിക്കൊപ്പം കളിച്ച താരമാണ് ഹര്‍ഭജന്‍. പിന്നീട് 2015 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലും ഇരുവരും ഒരുമിച്ച് കളിച്ചു. 2015ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തിലായിരുന്നു ഇരുവരും അവസാനമായി ഇന്ത്യക്കായി ഒരുമിച്ച് കളിച്ചത്. 2015നുശേഷം ഹര്‍ഭജൻ ഇന്ത്യൻ ടീമില്‍ കളിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക