വിജയത്തിലും യുഎസ് ക്രിക്കറ്റിനെ മറക്കാതെ രോഹിത് ശര്‍മ! കഠിനാധ്വാനത്തെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ നായകന്‍
തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കിയ ഇന്ത്യ ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കാനഡയേയും ഇന്ത്യ നേരിടണം.
ന്യൂയോര്‍ക്ക്: യുഎസ് ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടി20 ലോകകപ്പില്‍ യുഎസിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു രോഹിത്. മത്സരത്തില്‍ ഇന്ത്യ ജയിച്ചുരുന്നു. തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കിയ ഇന്ത്യ ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കാനഡയേയും ഇന്ത്യ നേരിടണം. ശനിയാഴ്ച്ചയാണ് മത്സരം.
മത്സരശേഷം രോഹിത് പറഞ്ഞതിങ്ങനെ... ''മത്സരം കഠിനമായിരിക്കുമെന്ന് അറിയാമായിരുന്നു. താരങ്ങള്‍ മത്സരം മുന്നോട്ട് കൊണ്ടുപോയ രീതി അഭിനന്ദിക്കപ്പെടേണ്ടതാണ്. ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പിച്ചില്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും നന്നായി ബാറ്റ് ചെയ്തു. അമേരിക്കയില്‍ ക്രിക്കറ്റ് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ടീമില്‍ കളിക്കുന്ന പലരും നേരത്തെ ഒരുമിച്ച് കളിച്ചവരാണ്. അവരുടെ പുരോഗതിയില്‍ ഏറെ സന്തോഷം. യുഎസ് കഠിനാധ്വാം ചെയ്യുന്നുണ്ട്.'' രോഹിത് പറഞ്ഞു.
മത്സരത്തെ കുറിച്ച് രോഹിത് സംസാരിച്ചതിങ്ങനെ... ''പിച്ചില്‍ റണ്‍സ് കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. ബൗളര്‍മാര്‍ക്ക് നന്നായി പന്തെറിയാനാകുമെന്ന് അറിയാമായിരുന്നു. അവര്‍, അവരുടെ ജോലി മനോഹരമായി പൂര്‍ത്തിയാക്കി. പ്രത്യേകിച്ച് അര്‍ഷ്ദീപ്. പിച്ച് സീമര്‍മാര്‍ക്ക് അനുകൂലമായതിനാല്‍ ശിവം ദുബെയെ ഉപയോഗിച്ചു. പന്തെറിയാന്‍ ഒരുപാട് ഓപ്ഷനുകള്‍ ഉണ്ടാവുന്നത് നല്ലതാണ്. മൂന്ന് കളികളിലും അവസാനം വരെ പിടിച്ചുനില്‍ക്കേണ്ടി വന്നു. ഈ വിജയങ്ങളില്‍ നിന്ന് ഒരുപാട് ആത്മവിശ്വാസം നല്‍കും. തനിക്ക് വ്യത്യസ്തമായ ഒരു ശൈലിയുണ്ടെന്ന സൂര്യകുമാര്‍ കാണിച്ചുതന്നു. അതാണ് പരിചയസമ്പന്നരായ കളിക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഗെയിം കൊണ്ടുപോകാനും വിജയിപ്പിക്കാനും സൂര്യക്ക് സാധിച്ചു.'' രോഹിത് വ്യക്തമാക്കി.
ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസ് 111 റണ്‍സ് വിജയലക്ഷ്യമാണ് യുഎസ് മുന്നോട്ട് വച്ചത്. നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് തകര്‍ത്തത്. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. 27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സൂര്യകുമാര്‍ യാദവ് (49 പന്തില്‍ 50), ശിവം ദുബെ (35 പന്തില്‍ 31) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു.