എങ്ങനെയുണ്ട് 'പുഷ്‍പ 2'? ആദ്യ റിവ്യൂസ് ഇങ്ങനെ
സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ചിത്രം
സൗത്ത്, നോര്‍ത്ത് ഭേദമില്ലാതെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ സമീപകാലത്ത് ഒന്നാകെ കാത്തിരുന്ന ചിത്രമാണ് പുഷ്പ 2. 2021 ല്‍ പുറത്തെത്തി വന്‍ വിജയം നേടിയ പുഷ്പയുടെ സീക്വല്‍ എന്നതുതന്നെയാണ് ഈ പ്രീ റിലീസ് ഹൈപ്പിന് കാരണമായത്. ഇപ്പോഴിതാ ആരാധകരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം ചിത്രം ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ആദ്യ പ്രതികരണങ്ങളും എത്തിത്തുടങ്ങിയിരിക്കുന്നു.
ആന്ധ്ര പ്രദേശില്‍ പുലര്‍ച്ചെ 1 മണിക്ക് തന്നെ പുഷ്പ 2 ന്‍റെ ആദ്യ പ്രദര്‍ശനം ആരംഭിച്ചെങ്കില്‍ കേരളത്തില്‍ പുലര്‍ച്ചെ 4 മണിക്കായിരുന്നു ആദ്യ ഷോകള്‍. 3 മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമാണ് ചിത്രത്തിന്. ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നു എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ആദ്യം ലഭിക്കുന്ന പ്രതികരണങ്ങള്‍. അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും സമ്മാനിക്കുന്ന ചിത്രത്തിന്‍റെ മറ്റൊരു പ്ലസ് ആക്ഷന്‍ സീക്വന്‍സുകളാണെന്ന് പ്രമുഖ ട്രേഡ‍് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് എക്സില്‍ കുറിച്ചു. ചിത്രത്തിന്‍റെ കൂടിയ സമയദൈര്‍ഘ്യം ഒഴിവാക്കാനാവുമായിരുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലെന്നും നവീന്‍ നൂലിയുടെ എഡിറ്റിംഗ് അത്രയും നന്നായിട്ടുണ്ടെന്നും തരണ്‍ കുറിച്ചു. അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരുടെയും പ്രകടനത്തെയും അഭിനന്ദിക്കുന്നുണ്ട് അദ്ദേഹം.
ഇറ്റ്സ് സിനിമ എന്ന പേജ് ഇന്‍റര്‍വെലിന് ഇട്ട എക്സ് പോസ്റ്റില്‍ ചിത്രം ഇതിനകം തന്നെ ബ്ലോക്ക്ബസ്റ്റര്‍ ആണെന്നാണ് കുറിച്ചിരിക്കുന്നത്. അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസിലിനും കൈയടി കൊടുക്കേണ്ടതുണ്ടെന്ന് മറ്റൊരു ട്രാക്കര്‍ ആയ മനോബാല വിജയബാലന്‍ കുറിച്ചിരിക്കുന്നു. പ്രമുഖ ട്രാക്കര്‍മാരായ ലെറ്റ്സ് ഒടിടി ഗ്ലോബല്‍ അഞ്ചില്‍ നാല് മാര്‍ക്ക് ആണ് നല്‍കിയിരിക്കുന്നത്.