പുഷ്പ 2 റിലീസ്; സ്‌ക്രീനിന് സമീപത്ത് തീപ്പന്തം കത്തിച്ച നാല് പേർ പിടിയിൽ, സംഭവം ബംഗളൂരുവിൽ
ബംഗളൂരുവിലെ ഉർവശി തീയറ്ററിൽ ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് സിനിമ കാണാന്‍ എത്തിയവര്‍ സ്‌ക്രീനിന് സമീപത്ത് തീപ്പന്തം കത്തിച്ചത്.
ബംഗളൂരു: പുഷ്പ 2 റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം കത്തിച്ച നാല് പേർ പിടിയിൽ. ബംഗളൂരുവിലെ ഉർവശി തീയറ്ററിൽ ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് സംഭവം നടന്നത്. അതേസമയം, ഹൈദരാബാദിലെ സന്ധ്യ തീയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതി (39) ആണ് മരിച്ചത്.
ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കും (7) ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയതായിരുന്നു രേവതി. തിക്കിലും തിരക്കിലും പെട്ട് രേവതി ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാനായില്ല. രേവതിയുടെ ഭര്‍ത്താവും മക്കളും അപകടത്തില്‍പ്പെട്ടു. ഇവര്‍ ചികിത്സയിലാണ്..
ഏതാനും ദിവസങ്ങൾക്ക് മുൻപ് ആണ് പുഷ്പ 2ന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. ലോകമാകെ 12,000 സ്ക്രീനുകളിലാണ് റിലീസ്. കേരളത്തിൽ 500 ലേറെ സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ 250 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. 400 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പുഷ്പ 3 വരുമെന്ന് കഴിഞ്ഞ ദിവസം സുകുമാർ അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം