ഹാര്‍ദ്ദിക്കും ക്രുനാലും ഗോള്‍ഡൻ ഡക്ക്, കർണാടകയുടെ ശ്രേയസ് ഗോപാലിന് ഹാട്രിക്ക്; എന്നിട്ടും ജയിച്ചു കയറി ബറോഡ
10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സിലെത്തിയ ബറോഡയുടെ ശാശ്വത് റാവത്തിനെ മനീഷ് പാണ്ഡെയുടെ കൈകളിലെത്തിച്ചാണ് ശ്രേയസ് ഗോപാല്‍ വിക്കറ്റ് വേട്ട തുടങ്ങിയത്.
ഇന്‍ഡോര്‍: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ കര്‍ണാടകക്കെതിരെ ബറോഡക്ക് നാലു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത കര്‍ണാട 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റൻ ക്രുനാല്‍ പാണ്ഡ്യയും സഹോദരന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഗോള്‍ഡന്‍ ഡക്കായിട്ടും ബറോഡ 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 37 പന്തില്‍ 63 റണ്‍സെടുത്ത ഓപ്പണര്‍ ശാശ്വത് റാവത്ത് ആണ് ബറോഡയുടെ വിജയശില്‍പി.കര്‍ണാടകക്കായി സ്പിന്നര്‍ ശ്രേയസ് ഗോപാല്‍ ഹാട്രിക്കെടുത്തു.
ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക അഭിനവ് മനോഹറിന്‍റെ അര്‍ധസെഞ്ചുറി(34 പന്തില്‍ 56)കരുത്തിലാണ് ബേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ അഭിമന്യു സിംഗിനെ(6) നഷ്ടമായെങ്കിലും ശാശ്വത് റാവത്തും ഭാനു പാനിയയും(24 പന്തില്‍ 42) തകര്‍ത്തടിച്ചതോടെ ബറോഡ അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു.
10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സിലെത്തിയ ബറോഡയുടെ ശാശ്വത് റാവത്തിനെ മനീഷ് പാണ്ഡെയുടെ കൈകളിലെത്തിച്ചാണ് ശ്രേയസ് ഗോപാല്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. തൊട്ടടുത്ത പന്തില്‍ നാലാമനായി ക്രീസിലെത്തിയ മുംബൈ ഇന്ത്യൻസ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ(0) പുറത്താക്കിയ ശ്രേയസ് ഗോപാല്‍ ബറോഡ നായകന്‍ ക്രുനാല്‍ പാണ്ഡ്യയെ(0) കൂടി പുറത്താക്കി ഹാട്രിക് തികച്ചു. ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയ താരം കൂടിയാണ് ശ്രേയസ്.
102-1ല്‍ 102-4ലേക്കും പിന്നീട് 117-5ലേക്കും വീണെങ്കിലും വിഷ്ണു സോളങ്കിയും(21 പന്തില്‍ 28*), അതിത് സേത്തും(1 പന്തില്‍ 6*) ചേര്‍ന്ന് ബറോഡയെ ഏഴ് പന്തുകള്‍ ബാക്കി നിര്‍ത്തി വിജയവര കടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക