ആ സ്വപ്നവും പൊലിയുന്നു...; നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിലും സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താൻ താലിബാൻ
അഫ്ഗാനിസ്ഥാനിലെ ആരോഗ്യ മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് താലിബാന്റെ പുതിയ നീക്കം.
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി താലിബാൻ. നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിൽ ചേരുന്നതിൽ സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താൻ താലിബാൻ ഭരണകൂടം ആലോചിക്കുന്നതായി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. താലിബാൻ പരമോന്നത നേതാവിൻ്റെ ഉത്തരവിനെ തുടർന്നാണ് തീരുമാനമെന്നും റിപ്പോർട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ ആരോഗ്യ മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് സ്ത്രീകൾക്ക് നഴ്‌സിംഗ് രംഗത്ത് നിരോധനം ഏർപ്പെടുത്താൻ താലിബാൻ ആലോചിക്കുന്നത്. രാജ്യത്ത് പ്രൊഫഷണൽ മെഡിക്കൽ, പാരാ മെഡിക്കൽ സ്റ്റാഫുകളുടെ എണ്ണം കുറവായതിനാൽ പുതിയ നിരോധനം നിലവിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഇക്കാര്യത്തിൽ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ആരോഗ്യ മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി നിരോധനം സ്ഥിരീകരിച്ചിട്ടുണ്ട്.
പുതിയ നിർദ്ദേശം അറിയിക്കുന്നതിനായി ഡിസംബര് 2ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ വിദ്യാഭ്യാസ സ്ഥാപന മേധാവികളുമായി കാബൂളിൽ ഒരു കൂടിക്കാഴ്ച നടത്തിയതായും അവസാന പരീക്ഷകൾ പൂർത്തിയാക്കാൻ ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് 10 ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. അതേസമയം, സ്ത്രീകളുടെ അവകാശങ്ങൾക്ക് മേൽ താലിബാൻ ഇതാദ്യമായല്ല നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. സെക്കൻഡറി സ്കൂളിൽ ചേരുന്നതിൽ നിന്ന് താലിബാൻ ഭരണകൂടം പെൺകുട്ടികളെ തടഞ്ഞിരുന്നു. ജോലിയിലേയ്ക്കും വിദ്യാഭ്യാസത്തിലേയ്ക്കുമുള്ള സ്ത്രീകളുടെ പ്രവേശനവും നിയന്ത്രിച്ചിരുന്നു. വസ്ത്രധാരണത്തിന് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുകയും ചെയ്തിരുന്നു.