മുഷ്താഖ് അലി: റണ്‍വേട്ടയില്‍ തിലക് തന്നെ തലപ്പത്ത്, രോഹന്‍ കുന്നുമ്മൽ ആദ്യ പത്തില്‍; ആദ്യ 50ൽ സ്ഞ്ജുവില്ല

കേരളത്തിനായി ഓപ്പണറായി തിളങ്ങിയ രോഹന്‍ കുന്നുമ്മല്‍ ആറ് കളികളില്‍ 244 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഒമ്പതാം സ്ഥാനത്താണ്.

Syed Mushtaq Ali Trophy 2024 Most runs, Tilak Varma Tops the Chart, Sanju Samson 66th place

ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റ് അവസാന ഗ്രൂപ്പ്  പോരാട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ റണ്‍വേട്ടയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഹൈദരാബാദ് ക്യാപ്റ്റന്‍ തിലക് വര്‍മ. ആറ് മത്സരങ്ങളിലും കളിച്ച തിലക് വര്‍മ 169.43    സ്ട്രൈക്ക് റേറ്റില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും സഹിതം 327 റൺസുമായാണ് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ആറ് മത്സരങ്ങളില്‍ 326 റണ്‍സുമായി ബിഹാറിന്‍റെ സാക്കിബുള്‍ ഘാനി ആണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്.

സൗരാഷ്ട്രക്കായി മികച്ച പ്രകടനം കാഴ്ചവെച്ച ഹര്‍വിക് ദേശായി ആറ് കളികളില്‍ 305 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്. ഗുജറാത്തിനായി രണ്ട് സെഞ്ചുരികള്‍ നേടിയ ഉര്‍വി പട്ടേൽ 229 സ്ട്രൈക്ക് റേറ്റില്‍ 282 റണ്‍സടിച്ച് അഞ്ചാം സ്ഥാനത്തുണ്ട്. അഞ്ച് കളികളില്‍ 197.65 സ്ട്രൈക്ക് റേറ്റില്‍ 253 റണ്‍സെടുത്ത മുംബൈ നായകന്‍ ശ്രേയസ് അയ്യര്‍ ഏഴാം സ്ഥാനത്തുള്ളപ്പോൾ ഇത്രയും റണ്‍സുള്ള രജത് പാടീദാര്‍ ആണ് തൊട്ടുപിന്നില്‍ എട്ടാം സ്ഥാനത്ത്. കേരളത്തിനായി ഓപ്പണറായി തിളങ്ങിയ രോഹന്‍ കുന്നുമ്മല്‍ ആറ് കളികളില്‍ 244 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഒമ്പതാം സ്ഥാനത്താണ്.

മുഷ്താഖ് അലി ട്രോഫി: കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ആന്ധ്ര-മുംബൈ പോരാട്ടം നിർണായകം

ബറോഡക്കായി തകര്‍ത്തടിക്കുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ച് കളികളില്‍ 210.00 സ്ട്രൈക്ക് റേറ്റില്‍ 231 റണ്‍സുമായി പതിമൂന്നാം സ്ഥാനത്തുണ്ട്. അഞ്ച് കളികളില്‍ 136 റണ്‍സടിച്ച കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ റണ്‍വേട്ടക്കാരില്‍ 66-ാം സ്ഥാനത്താണുള്ളത്. ഒരു അര്‍ധസെഞ്ചുറി മാത്രം നേടിയ സഞ്ജുവിന്‍റെ സ്ട്രൈക്ക് റേറ്റ് 149.45 ആണ്. സീസണില്‍ നാഗാലാന്‍ഡിനെതിരായ മത്സരത്തില്‍ സഞ്ജു കളിച്ചിരുന്നില്ല. കേരളത്തിന്‍റെ ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായിതിനാല്‍ സഞ്ജുവിന് ഇനി റണ്‍വേട്ടയില്‍ മുന്നിലെത്താനുള്ള സാധ്യതകള്‍ കുറവാണ്. ഇന്നലെ ആന്ധ്രക്കെതിരായ തോല്‍വിയോടെ കേരളത്തിന്‍കെ ക്വാര്‍ട്ടര്‍ സാധ്യതകളും ഏതാണ്ട് അസ്തമിച്ചിരുന്നു.    

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios