എല്ലാം കൂടി വേണ്ട, ടെസ്റ്റില്‍ നിന്ന് വിരമിക്കൂ! ജസ്പ്രിത് ബുമ്രയ്ക്ക് അക്തറിന്റെ ഉപദേശം

ഇന്ത്യക്ക് വേണ്ടി 42 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 20.01 ശരാശരിയില്‍ 185 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് ബുമ്ര.
 

former pakistan cricketer shoaib akhtar wants indian pacer jasprit bumrah to quit test cricket

ഇസ്ലാമാബാദ്: ഇന്ത്യക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റുകളിലും കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ജസ്പ്രിത് ബുമ്ര. പലപ്പോഴായി പരിക്കിന്റെ പിടിയിലായിട്ടുണ്ട് താരം. നിലവില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കളിക്കുന്ന താരം പൂര്‍ണമായും ആരോഗ്യവാനല്ലെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. എങ്കിലും ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലും ബുമ്രയുണ്ടായിരുന്നു. പരിക്കില്‍ നിന്ന് രക്ഷനേടാന്‍ ബുമ്രയ്ക്ക് ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍ മുന്‍ പാകിസ്ഥാന്‍ താരവും കമന്റേറ്ററുമായ ഷൊയ്ബ് അക്തര്‍.

ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള നിര്‍ദേശമാണ് അക്തര്‍ മുന്നോട്ടുവെക്കുന്നത്. അക്തറിന്റെ വാക്കുകള്‍... ''ടി20 മത്സരങ്ങളള്‍ക്കും ഏകദിനങ്ങള്‍ക്കും ദൈര്‍ഘ്യം കുറവാണ്. അവിടെ ബുമ്രയ്ക്ക് മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിക്കും. പവര്‍ പ്ലേയിലും ഡെത്ത് ഓവറുകളിലും ബുമ്ര തിളങ്ങുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. മാത്രമല്ല, രണ്ട് ഭാഗത്തേക്കും പന്ത് സ്വിങ് ചെയ്യിക്കാന്‍ ബുമ്രയ്ക്ക് സാധിക്കും. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരുമ്പോള്‍ കൂടുതല്‍ ഓവറുകള്‍ എറിയണം. മാത്രമല്ല, പേസും ആവശ്യമാണ്. വേഗത കുറയുകയും പന്ത് സ്വിങ് ചെയ്യിക്കാനും കഴിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ കഴിവിനെ ആളുകള്‍ ചോദ്യം ചെയ്യും.'' അക്തര്‍ പറഞ്ഞു.

അവിശ്വസനീയം രഹാനെ! കൊല്‍ക്കത്ത മറ്റൊരു നായകനെ തേടേണ്ട, മുഷ്താഖ് അലി ടി20യില്‍ റണ്‍വേട്ടയില്‍ കുതിപ്പ്

ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമ്പോള്‍ പരിക്കേല്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും അക്തര്‍ വ്യക്തമാക്കി. ''ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹം പര്യാപ്തനാണെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം കാര്യമായൊന്നും ചെയ്തില്ലെങ്കിലും അദ്ദേഹം വിക്കറ്റ് വീഴ്ത്തി. ബുമ്ര ടെസ്റ്റ് ക്രിക്കറ്റില്‍ തുടരണമെങ്കില്‍ പേസ് വര്‍ധിപ്പിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലുമാണ്. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ഉറച്ചുനില്‍ക്കുമായിരുന്നു.'' അക്തര്‍ കൂട്ടിചേര്‍ത്തു.

ബുമ്ര, ക്രിക്കറ്റിന് നല്‍കിയ സംഭാവനയേയും അക്തര്‍ പ്രശംസിച്ചു. ബുമ്രയെപ്പോലുള്ള താരങ്ങളെ സംരക്ഷിക്കുകയും അവരുടെ ഭാരം അമിതമാക്കാതിരിക്കുകയും വേണമെന്ന് അക്തര്‍ കൂട്ടിചേര്‍ത്തു. ഇന്ത്യക്ക് വേണ്ടി 42 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 20.01 ശരാശരിയില്‍ 185 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് ബുമ്ര.

Latest Videos
Follow Us:
Download App:
  • android
  • ios