ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം ആരാധകര്‍ക്ക് തുണയായി! എല്ലാ കാണികള്‍ക്കും ടിക്കറ്റ് തുക തിരിച്ചുനല്‍കും
ആദ്യദിനം മഴയെടുത്തതിന് പിന്നാലെ ആരാധകരും നിരാശയിലായിരുന്നു. ടിക്കറ്റെടുത്ത് മത്സരം കാണാനെത്തിയവര്‍ക്ക് സാമ്പത്തിക നഷ്ടവുമുണ്ടായി.
ബ്രിസ്‌ബേന്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ ആദ്യദിനം മഴയെ തുടര്‍ന്ന് മുഴുവന്‍ ഓവറും എറിയാന്‍ സാധിച്ചിരുന്നില്ല. കനത്ത മഴയയെ തുടര്‍ന്ന് ഒന്നാം ദിവസം ആദ്യ സെഷനിലെ 13.2 ഓവര്‍ മാത്രമാണ് കളി നടന്നത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 28 റണ്‍സെടുത്തിട്ടുണ്ട്. ഉസ്മാന്‍ ഖവാജ (19), നഥാന്‍ മക്‌സ്വീനി (4) എന്നിവരാണ് ക്രീസില്‍. പിന്നീട് ലഞ്ചിനുശേഷം കുറച്ചുസമയം മഴ മാറിയെങ്കിലും വീണ്ടും മഴ കനത്തു. ഇതോടെ രണ്ട് സെഷനുകളിലെയും കളി ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു.
ആദ്യദിനം മഴയെടുത്തതിന് പിന്നാലെ ആരാധകരും നിരാശയിലായിരുന്നു. ടിക്കറ്റെടുത്ത് മത്സരം കാണാനെത്തിയവര്‍ക്ക് സാമ്പത്തിക നഷ്ടവുമുണ്ടായി. എന്നാല്‍ മത്സരം കാണാനെത്തിയവര്‍ നിരാശപ്പെടേണ്ടെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പറയുന്നത്. സ്റ്റേഡിയത്തിലെത്തിയ 30,145 ആരാധകര്‍ക്ക് മുഴുവന്‍ പണം തിരികെ നല്‍കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിയമനുസരിച്ച്, 15 ഓവറില്‍ താഴെ ബൗള്‍ ചെയ്താല്‍, ആരാധകര്‍ക്ക് റീഫണ്ട് ലഭിക്കാന്‍ അര്‍ഹതയുണ്ട്. നിയമം പാലിക്കപ്പെടുകയും ചെയ്തു.
ബ്രിസ്‌ബേനില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മേഘാവൃതമായ അന്തരീക്ഷത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് നേരത്തെ വിക്കറ്റുകള്‍ വീഴ്ത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഓസീസ് ഓപ്പണര്‍മാര്‍ ഫലപ്രദമായി പ്രതിരോധിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും നിലവില്‍ 1-1ന് ഒപ്പമാണ്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയിരുന്നത്. ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡജേ ടീമിലെത്തി. ഹര്‍ഷിത് റാണയ്ക്ക് പകരം ആകാശ് ദീപിനേയും തിരിച്ചുകൊണ്ടുവന്നു.
ഓസ്‌ട്രേലിയയും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പരിക്കില്‍ നിന്ന് മോചിതനായ ജോഷ് ഹേസല്‍വുഡിനെ ഓസ്ട്രേലിയ തിരികെ സ്വീകരിച്ചു. സ്‌കോട്ട് ബോളണ്ടിന് പകരമാണ് ഹേസല്‍വുഡ് എത്തുന്നത്. ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍മാരായി കെ എല്‍ രാഹുല്‍ - യശസ്വി ജയ്‌സ്വാള്‍ സഖ്യം തുടരും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആറാം നമ്പറില്‍ തുടരും.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും തിരിച്ചടി
മഴമൂലം ടെസ്റ്റ് സമനിലയിലായാല്‍ പോയന്റുകള്‍ പങ്കുവെക്കപ്പെടുമെന്നതിനാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്താമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേല്‍ക്കും. ഓസ്‌ട്രേലിയക്കെതിരായ അവശേഷിക്കുന്ന മൂന്നു ടെസ്റ്റും ജയിച്ചാലെ മറ്റ് ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ ഇന്ത്യക്ക് ഫൈനലിലെത്താനാവു. പാകിസ്ഥാനെതിരായ പരമ്പരക്കൊരുങ്ങുന്ന ദക്ഷിണാഫ്രിക്ക ഫൈനല്‍ ഉറപ്പാക്കാന്‍ ഒരു വിജയം മാത്രം അകലെയാണ്. ഇന്ത്യക്കെതിരായ പരമ്പരക്ക് ശേഷം ഓസ്‌ട്രേിലയക്ക് ശ്രീലങ്കക്കെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയുണ്ട്. 2023-25 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അവസാന പരമ്പരയാണിത്.