കര്‍ഷകര്‍ക്ക് ആർബിഐയുടെ പുതുവര്‍ഷ സമ്മാനം; ഈടില്ലാതെയുള്ള വായ്പ പരിധി 2 ലക്ഷമാകും

പുതിയ നയം അനുസരിച്ച്, കര്‍ഷകര്‍ക്ക് അനുബന്ധ മേഖലകളുള്‍പ്പെടെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഈടിലോ മാര്‍ജിന്‍ ആവശ്യകതകളോ ഇല്ലാതെ വായ്പ ലഭിക്കും

RBI raises collateral-free loan limit to 2 lakh for farmers amid rising costs

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ആശ്വാസമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ  കാര്‍ഷിക മേഖലയ്ക്കുള്ള ഈട് രഹിത വായ്പാ പരിധി 1.6 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായി ഉയര്‍ത്തി. വര്‍ദ്ധിച്ചുവരുന്ന കാര്‍ഷിക ചെലവുകളും പണപ്പെരുപ്പവും കണക്കിലെടുത്താണ് വായ്പാ പരിധി ഉയര്‍ത്തിയത്. ഈടില്ലാതെ നല്‍കുന്ന സുരക്ഷിതമല്ലാത്ത വിഭാഗത്തില്‍പ്പെടുന്ന കാര്‍ഷിക വായ്പകളുടെ പരിധി 2019-ല്‍ ആണ് റിസര്‍വ് ബാങ്ക്  അവസാനമായി പുതുക്കിയത്. അന്ന് ഒരു ലക്ഷത്തില്‍ നിന്ന് 1.6 ലക്ഷമായാണ് പരിധി കൂട്ടിയത്. ഈ നടപടി ചെറുകിട നാമമാത്ര ഭൂവുടമകളായ 86 ശതമാനം കര്‍ഷകര്‍ക്കും കാര്യമായ പ്രയോജനം ചെയ്യും. ഈ നീക്കം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) വായ്പകളിലേക്കുള്ള പ്രവേശനം സുഗമമാക്കും. പുതുവര്‍ഷ ദിനം മുതല്‍ റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശം പ്രാബല്യത്തില്‍ വരും. പുതിയ നയം അനുസരിച്ച്, കര്‍ഷകര്‍ക്ക് അനുബന്ധ മേഖലകളുള്‍പ്പെടെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഈടിലോ മാര്‍ജിന്‍ ആവശ്യകതകളോ ഇല്ലാതെ വായ്പ ലഭിക്കും.

വായ്പയുടെയും കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെയും വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ നേരിടുന്നതിനും കാര്‍ഷിക മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായാണ് റിസര്‍വ് ബാങ്ക് തീരുമാനം വിലയിരുത്തപ്പെടുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ വേഗത്തില്‍ നടപ്പാക്കാനും പുതിയ വായ്പാ വ്യവസ്ഥകളെക്കുറിച്ച് വ്യാപകമായ അവബോധം ഉറപ്പാക്കാനും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈടില്ലാത്ത വായ്പ ആയതുകൊണ്ടുതന്നെ ആസ്തികള്‍ ഈടായി നല്‍കേണ്ട ബാധ്യത കര്‍ഷകര്‍ക്ക് ഉണ്ടാകില്ല. കടമെടുക്കല്‍ ചെലവ് കുറയ്ക്കുന്നതിനും കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപം എളുപ്പമാക്കുന്നതിനും ഉല്‍പ്പാദനക്ഷമതയും ഉപജീവനമാര്‍ഗവും വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.

ഇതോടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ലഭിക്കുന്ന വായ്പാപരിധി 2 ലക്ഷമായി ഉയരും. കടക്കെണിയിലായ കര്‍ഷകര്‍ക്ക്  ആശ്വാസം നല്‍കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് (നബാര്‍ഡ്) എന്നിവയുമായി സഹകരിച്ച് 1998-99 സാമ്പത്തിക വര്‍ഷത്തിലാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ആരംഭിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios