Asianet News MalayalamAsianet News Malayalam

കാണ്‍പൂര്‍ ടെസ്റ്റ് സമനിലയായാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യക്ക് മുന്നിൽ വലിയ വെല്ലുവിളി

നിലവില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ജയത്തുടക്കമിട്ട ഇന്ത്യ തന്നെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.

Draw against Bangladesh in Kanpur Test complicate India's path to the WTC final
Author
First Published Sep 28, 2024, 3:26 PM IST | Last Updated Sep 28, 2024, 3:27 PM IST

കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനത്തെ കളി ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചത്  പരമ്പര തൂത്തൂവാരാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചതിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലുറപ്പിക്കാനുള്ള ഇന്ത്യൻ ശ്രമങ്ങള്‍ക്കും തിരിച്ചടിയാകും. ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരുകയും അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന മൂന്ന് മത്സര പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നെങ്കില്‍ നവംബറില്‍ തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങാതെ പരമ്പര നഷ്ടമായാലും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലുറപ്പിക്കാമായിരുന്നു.

നിലവില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ജയത്തുടക്കമിട്ട ഇന്ത്യ തന്നെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ ജയത്തോടെ 10 മത്സരങ്ങളില്‍ ഏഴ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി ഇന്ത്യ 71.67 പോയന്‍റ് ശതമാനവും 86 പോയന്‍റുമായാണ് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി 12 ടെസ്റ്റുകള്‍ കളിച്ച ഓസ്ട്രേലിയ എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 62.50 വിജയശതമാനവും 90 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ്.

കാണ്‍പൂര്‍ ടെസ്റ്റ്: രണ്ടാം ദിനത്തെ കളി ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചു; ബിസിസിഐയെ പൊരിച്ച് ആരാധകർ

കാണ്‍പൂരില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയായാല്‍ അടുത്തമാസം ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തൂത്തുവാരിയാലും ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനിടെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഒരു ടെസ്റ്റിലെങ്കിലും തോറ്റാല്‍ ഇന്ത്യക്ക് മുന്നില്‍ കാര്യങ്ങള്‍ കുറച്ചുകൂടി കടുപ്പമാകും. പിന്നീട് ഓസ്ട്രേലിയക്കെതിരെ ഒന്നില്‍ കൂടുതല്‍ ടെസ്റ്റുകളില്‍ ജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് ഫൈനലിലെത്താനാവു.

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയായാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പര തൂത്തുവാരുകയും ഓസ്ട്രേലിയക്കെതിരെ രണ്ട് ടെസ്റ്റെങ്കിലും ജയിക്കുകയും ചെയ്താലെ ഇന്ത്യക്ക് ഫൈനലുറപ്പിക്കാാനാവു. കാണ്‍പൂര്‍ ടെസ്റ്റ് ജയിച്ചിരുന്നെങ്കില്‍ അവശേഷിക്കുന്ന എട്ട് ടെസ്റ്റുകളില്‍ നാലെണ്ണം മാത്രം ഇന്ത്യക്ക് ജയിച്ചാല്‍ മതിയാവുമായിരുന്നു. ന്യൂസിലന്‍ഡിനെതിരെ മൂന്നും ഓസ്ട്രേലിക്കെതിരെ അഞ്ചും ടെസ്റ്റുകളടക്കം കളിക്കുന്നിനാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പര തൂത്തുവാരുകയും ഓസ്ട്രേലിയക്കെതിരെ ഒരു ടെസ്റ്റെങ്കിലും ജയിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാമായിരുന്നു. അടുത്തവര്‍ഷം ജൂണില്‍ ലോര്‍ഡ്സിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍. കഴിഞ്ഞ രണ്ട് ഫൈനലുകളിലും ഇന്ത്യ കളിച്ചെങ്കിലും ആദ്യം ന്യൂസിലന്‍ഡിനോടും പിന്നീട് ഓസ്ട്രേലിയയോടും തോറ്റു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios