യുവതാരത്തിന് കാര്‍ അപകടത്തില്‍ പരിക്ക്, ഇറാനി ട്രോഫിയില്‍ മുംബൈക്കായി കളിക്കാനാവില്ല
ഒക്ടോബര്‍ ഒന്നു മുതല്‍ ലഖ്നൗവിലെ ഏക്നാ സ്റ്റേഡിയത്തിലാണ് ഇറാനി ട്രോഫി മത്സരം നടക്കുക.
മുംബൈ: ഇന്ത്യൻ യുവതാരം മുഷീര്‍ ഖാന് കാര്‍ അപകടത്തില്‍ പരിക്ക്. ഇറാനി ട്രോഫി മത്സരത്തില്‍ പങ്കെടുക്കാനായി കാണ്‍പൂരില്‍ നിന്ന് ലഖ്നൗവിലേക്ക് പോകുമ്പോഴാണ് മുഷീര്‍ ഖാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കൈക്ക് പൊട്ടലുള്ള മുഷീര്‍ ഖാന് ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ഇറാനി ട്രോഫി മത്സരം നഷ്ടമാവും. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ ഇറാനി ട്രോഫിയില്‍ മുംബൈക്കായാണ് 19കാരനായ മുഷീര്‍ കളിക്കുന്നത്.
ഒക്ടോബര്‍ ഒന്നു മുതല്‍ ലഖ്നൗവിലെ ഏക്നാ സ്റ്റേഡിയത്തിലാണ് ഇറാനി ട്രോഫി മത്സരം നടക്കുക. ഇറാനി ട്രോഫിക്ക് പുറമെ ഒക്ടോബര്‍ 11ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയിലെ ആദ്യ റൗണ്ട് മത്സരങ്ങളും മുഷീറിന് നഷ്ടമാകുമെന്നാണ് കരുതുന്നത്. മുംബൈയില്‍ നിന്ന് ടീമിനൊപ്പമായിരുന്നില്ല മുഷീര്‍ ലഖ്നൗവിലേക്ക് പോയത്. അസംഗഡില്‍ നിന്ന് പിതാവും കോച്ചുമായ നൗഷാദ് ഖാനൊപ്പമായിരുന്നു മുഷീര്‍ ലഖ്നൗവിലേക്ക് പോയത്.
കാണ്‍പൂരില്‍ വീണ്ടും മഴയുടെ കളി, ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് രണ്ടാം ദിനവും വൈകുന്നു
കഴിഞ്ഞ മാസം ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബിക്കായി അരങ്ങേറിയ മുഷീര്‍ 181 റണ്‍സടിച്ച് തിളങ്ങിയിരുന്നു. കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ മുംബൈക്കായി 51.14 ശരാശരിയില്‍ 716 റണ്‍സടിച്ച മുഷീര്‍ ക്വാര്‍ട്ടറില്‍ ബറോഡക്കെതിരെ പുറത്താകാതെ 203 റണ്‍സും ഫൈനലില്‍ വിദര്‍ഭക്കെതിരെ 136 റണ്‍സും നേടി. ബാറ്ററെന്നതിലുപരി പാര്‍ട് ടൈം സ്പിന്നര്‍ കൂടിയായ മുഷീര്‍ അണ്ടര്‍ 19 ലോകകപ്പിലും ഇന്ത്യക്കായി തിളങ്ങിയിരുന്നു.
നവംബറില്‍ നടക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായുള്ള ഇന്ത്യ എ ടീമിന്‍റെ ഓസീസ് പര്യടനത്തിനും മുഷീര്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരിക്കെയാണ് അപകടം. ഇന്ത്യൻ താരം സര്‍ഫറാസ് ഖാന്‍റെ സഹോദരൻ കൂടിയാണ് മുഷീര്‍ ഖാന്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക