തീറ്റതേടി അമ്മമാർ പോയി, മഞ്ഞുമല വീണ് ഒറ്റപ്പെട്ട് ഭാഗ്യമില്ലാത്ത ആ കുഞ്ഞുപെൻഗ്വിനുകൾ, മാസങ്ങൾക്കിപ്പുറം...
ഹാലി ബേ കോളനിയിലെ ഈ കുഞ്ഞ് പെൻഗ്വിനുകൾ ലോകത്തെ തന്നെ ഏറ്റവും ഭാഗ്യമില്ലാത്ത പെൻഗ്വിനുകളായും വിലയിരുത്തപ്പെട്ടിരുന്നു. കടലിലേക്ക് ഇരതേടാൻ പോയ അമ്മമാർക്ക് തിരികെ കോളനിയിലേക്ക് എത്താൻ സാധ്യമാകാത്ത രീതിയിൽ മഞ്ഞുമല വീണതായിരുന്നു ഇത്തരമൊരു വിശേഷണത്തിന് പിന്നിൽ.
ഗ്രീൻലാൻഡ്: കാലാവസ്ഥ വ്യതിയാനം രൂക്ഷമായതിന് പിന്നാലെ അന്റാർട്ടിക്കിൽ മഞ്ഞ് മല ഇടിഞ്ഞ് വീണ് ഒറ്റപ്പെട്ട പെൻഗ്വിനുകൾ രക്ഷപെട്ടതായി റിപ്പോർട്ട്. അന്റാർട്ടിക്കയിലെ ഏറ്റവും ശക്തമായ പെൻഗ്വിൻ കോളനികൾക്ക് ഒന്നിന് മുന്നിലേക്കാണ് ഭീമൻ മഞ്ഞുമല പൊട്ടി വീണത്. മുട്ട വിരിഞ്ഞ് ഏതാനും ദിവസങ്ങൾ മാത്രമായ കുഞ്ഞ് പെൻഗ്വിനുകളുടെ ഭാവി അവസാനിച്ചതായി സംഭവത്തിന് പിന്നാലെ ഗവേഷകർ നേരത്തെ പ്രതികരിച്ചിരുന്നു. ഹാലി ബേ കോളനിയിലെ ഈ കുഞ്ഞ് പെൻഗ്വിനുകൾ ലോകത്തെ തന്നെ ഏറ്റവും ഭാഗ്യമില്ലാത്ത പെൻഗ്വിനുകളായും വിലയിരുത്തപ്പെട്ടിരുന്നു. കടലിലേക്ക് ഇരതേടാൻ പോയ അമ്മമാർക്ക് തിരികെ കോളനിയിലേക്ക് എത്താൻ സാധ്യമാകാത്ത രീതിയിൽ മെയ് മാസത്തിൽ മഞ്ഞുമല വീണതായിരുന്നു ഇത്തരമൊരു വിശേഷണത്തിന് പിന്നിൽ.
എന്നാൽ ഏതാനും ആഴ്ചകൾക്ക് മുൻപ് മേഖലയിൽ നിരീക്ഷണം നടത്തിയ ഗവേഷകർ കണ്ടത് അമ്പരിപ്പിക്കുന്ന കാഴ്ചയായിരുന്നു. സാറ്റലൈറ്റ് ദൃശ്യങ്ങളിൽ നിന്നാണ് ഈ മേഖലയിൽ ജീവന്റെ സാന്നിധ്യം ഗവേഷകർ കണ്ടെത്തിയത്. വർഷം തോറും വിജയകരമായി ബ്രീഡിംഗ് നടത്തുന്ന 25000 പെൻഗ്വിനുകൾ അടങ്ങിയ കോളനിയാണ് ഒറ്റപ്പെട്ട് പോയത്. നേരത്തെ 2019ൽ ബ്രീഡിംഗ് സമയത്തെ കാലാവസ്ഥാമാറ്റം വലിയ രീതിയിൽ മുട്ടകൾ വിരിയുന്നതിന് തടസമായിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ഞുമല തടസമായത്. തുറസായ സമുദ്രജലത്തിൽ ഇരപിടിയൻമാരി നിന്നും രക്ഷപ്പെട്ട് ജീവിക്കാൻ ആവശ്യമായ ശക്തി നേടാൻ പെൻഗ്വിനുകൾക്ക് ഐസ് ആവശ്യമാണ്. കടൽ ജലത്തിലെ ഐസ് കട്ടകൾ ഇല്ലാതെ കുഞ്ഞ് പെൻഗ്വിനുകൾ മുങ്ങിച്ചാവുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
കൂറ്റൻ മഞ്ഞുമല ഇടിഞ്ഞ് വീണതിന് പിന്നാലെ കോളനിക്ക് പരിസരത്തുണ്ടായിരുന്ന വലിയ മഞ്ഞുപാളി പൊട്ടി അടർന്നിരുന്നു. ഇതോടെ നീന്തൽപോലും അറിയാത്ത പെൻഗ്വിൻ കുഞ്ഞുങ്ങൾ മുങ്ങിച്ചാവുമെന്ന വിലയിരുത്തലിലായിരുന്നു ഗവേഷകരുണ്ടായിരുന്നു. ഈ വിലയിരുത്തൽ തെറ്റിയെന്ന് വ്യക്തമാക്കുന്നതെന്നാണ് പുറത്ത് വന്ന സാറ്റലൈറ്റ് ചിത്രങ്ങൾ വിശദമാക്കുന്നത്. ഡിസംബർ മാസത്തിൽ കൊടും തണുപ്പിൽ സമുദ്രത്തിൽ നിൽക്കാൻ മഞ്ഞ് പാളി പോലുമില്ലാതെ ഒറ്റപ്പെട്ട പോയ പെൻഗ്വിനുകളിൽ ചിലതിനേയാണ് സാറ്റലൈറ്റ് ദൃശ്യങ്ങളിൽ കണ്ടെത്താനായിട്ടുള്ളത്. മഞ്ഞുപാളിക്കും മഞ്ഞുമലയ്ക്കും ഇടയിലെ ചെറിയ വിള്ളലിലൂടെ ഇവ പുറത്തെത്തിയെന്നാണ് ഗവേഷകർ ബിബിസി അടക്കമുള്ള മാധ്യമങ്ങളോട് വിശദമാക്കിയിരിക്കുന്നത്. എന്നാൽ കോളനിയിലെ എത്ര പെൻഗ്വിനുകൾക്ക് ഇത്തരത്തിൽ രക്ഷപ്പെടാൻ ആയിട്ടുണ്ടെന്ന് കണ്ടെത്താൻ സാറ്റലൈറ്റ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ഗവേഷകർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം