അടുക്കളയിലെ മറ്റുള്ള വസ്തുക്കളെപോലെ തന്നെ ഇൻഡക്ഷൻ സ്റ്റൗവും നിരന്തരമായി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ ശരിയായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ അടുപ്പ് കേടുവരാൻ കാരണമാകും
ഇന്ന് അടുക്കളയിൽ പാചകം ചെയ്യാൻ പലതരം സ്മാർട്ട് ഉപകരണങ്ങളുണ്ട്. അതിൽ കൂടുതൽ പ്രചാരമേറിയ ഒന്നാണ് ഇൻഡക്ഷൻ സ്റ്റൗ. ഇത് പ്രവർത്തിക്കണമെങ്കിൽ ശരിയായ രീതിയിലുള്ള വൈദ്യുതി അത്യാവശ്യമാണ്. എന്നാൽ എവിടേക്കും എപ്പോൾ വേണമെങ്കിലും കൊണ്ട് പോകുവാനും എളുപ്പത്തിൽ പാചകം ചെയ്യാനും ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിച്ച് സാധിക്കും. അടുക്കളയിലെ മറ്റുള്ള വസ്തുക്കളെപോലെ തന്നെ ഇൻഡക്ഷൻ സ്റ്റൗവും നിരന്തരമായി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ ശരിയായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ അടുപ്പ് കേടുവരാൻ കാരണമാകും. ഇൻഡക്ഷൻ സ്റ്റൗ എളുപ്പത്തിൽ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി.
വിനാഗിരി
ആദ്യമായി തന്നെ ഇൻഡക്ഷൻ സ്റ്റൗവിന്റെ പ്രതലം ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചെടുക്കാം. അതുകഴിഞ്ഞ് വിനാഗിരിയും വെള്ളവും ചേർത്ത് മിക്സ് ഉണ്ടാക്കണം. ശേഷം വിനാഗിരി മിക്സിലേക്ക് തുണി മുക്കിവെച്ചതിന് ശേഷം അതുപയോഗിച്ച് കറയും അഴുക്കും തുടച്ചെടുക്കാവുന്നതാണ്.
ബേക്കിംഗ് സോഡ
ചെറുചൂടുവെള്ളത്തിൽ ബേക്കിംഗ് സോഡ ചേർത്ത് മിക്സ് തയാറാക്കണം. ശേഷം മിക്സിലേക്ക് മൃദുലമായ തുണി മുക്കിയെടുത്ത് തുടച്ചെടുക്കാം.
സോപ്പ് വെള്ളം
സോപ്പ് വെള്ളം ഉപയോഗിച്ച് എളുപ്പത്തിൽ ഇൻഡക്ഷൻ സ്റ്റൗ വൃത്തിയാക്കാൻ സാധിക്കും. ചെറുചൂടുവെള്ളത്തിൽ ഡിഷ് വാഷ് ലിക്വിഡ് ചേർത്ത് അതിലേക്ക് തുണി മുക്കി മൃദുലമായി തുടച്ചെടുക്കണം. കടുത്ത കറയാണെങ്കിൽ അതിലേക്ക് ബേക്കിംഗ് സോഡ ഇട്ടുകൊടുത്ത് 15 മിനിട്ടോളം അങ്ങനെ തന്നെ വച്ചിരിക്കാം. ശേഷം തുടച്ചെടുക്കാവുന്നതാണ്.
ഇൻഡക്ഷൻ സ്റ്റൗ വൃത്തിയാക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
1. വൃത്തിയാക്കുന്നതിന് മുമ്പ് അൺപ്ലഗ് ചെയ്‌തെന്ന് ഉറപ്പ് വരുത്തണം.
2. പൂർണമായും ചൂടാറിയതിന് ശേഷം മാത്രം വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
3. ഇലക്ട്രിക്ക് ഉപകരണം ആയതുകൊണ്ട് തന്നെ അമിതമായി വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നത് ഒഴിവാക്കാം.
4. പ്രതലം മുഴുവനും തുടച്ചതിന് ശേഷം മാത്രം ക്ലീനറുകൾ ഉപയോഗിച്ച് വൃത്തിയാക്കാം.
ഫ്ലോറിന് ടൈൽ ഇടുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം