Russian Ukraine war: കിഴക്കന്‍ ഉക്രൈന്‍ അക്രമിച്ച് റഷ്യ; സ്വയം പ്രതിരോധിക്കാന്‍ ഉക്രൈന്‍

First Published | Feb 24, 2022, 10:43 AM IST

കിഴക്കന്‍ ഉക്രൈനിലെ വിമതമേഖലയായ ഡോൻസ്‌കും ലുഹാൻസ്‌കം  സ്വതന്ത്രമാക്കിമെന്ന് പറഞ്ഞതിന് പുറകെ കിഴക്കന്‍ ഉക്രൈനിലേക്ക് കടക്കാന്‍ റഷ്യന്‍ സൈന്യത്തിന് പ്രസിഡന്‍റ് പുടിന്‍ അനുമതി നല്‍കി. യൂറോപ്പില്‍ വലിയ യുദ്ധം ആരംഭിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്‍റ് വോലോഡൈമര്‍ സെലെന്‍സ്കി മുന്നറിയിപ്പ് നല്‍കിയതിന് തൊട്ട് പുറകെയാണ് കിഴക്കന്‍ ഉക്രൈന്‍ അക്രമിക്കാന്‍ പുടിന്‍ ഉത്തരവിട്ടത്. ഉക്രൈനെ നിരായുധീകരിക്കുമെന്നും കീഴടങ്ങണമെന്നും പുടിന്‍ ആവശ്യപ്പെട്ടു. മണിക്കൂറികള്‍ക്കുള്ളില്‍ ഉക്രൈനിലെ പല നഗരങ്ങളിലും സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഉക്രൈനിലുള്ള മലയാളികള്‍ അറിയിച്ചു. റഷ്യയെ തടയാൻ ശ്രമിക്കുന്നവർക്ക് സൈന്യം മറുപടി നൽകുമെന്നും ഇടപെട്ടാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിയുണ്ടാകുമെന്നും പുട്ടിൻ ലോകരാജ്യങ്ങളെ വെല്ലുവിളിച്ചു. റഷ്യ എന്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഡോണ്‍ബാസിലേക്ക് കടക്കാനാണ് പുട്ടിൻ  സൈന്യത്തിന് നിർദേശം നൽകിയത്. പുട്ടിന്‍റെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടെയും ലോകരാഷ്ട്രങ്ങളുടെയും സഹായം യുക്രൈൻ തേടി. 

സൈനീകാഭ്യാസങ്ങള്‍ക്ക് ശേഷം സൈനീകര്‍ അവരുടെ കേന്ദ്രങ്ങളിലേക്ക് മാറുമെന്നായിരുന്നു റഷ്യ ഇതുവരെ അറിയിച്ചിരുന്നത്. അതിനിടെ നിരവധി തവണ ഫ്രാൻസ്, ജര്‍മ്മനി, യുകെ, യുഎസ് പ്രതിനിധികളുമായി റഷ്യന്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്‍മാറ്റമില്ലെന്ന നിലപാടിലായിരുന്നു റഷ്യ. 

റഷ്യ ഫെബ്രുവരിയില്‍ ഉക്രൈന്‍ അക്രമിക്കുമെന്ന് യുഎസ് മുന്നറിയിപ്പുകളുണ്ടായിരുന്നു. എന്നാല്‍, അപ്പോഴൊക്കെ യുഎസ് ഭീതിപരത്തുകയാണെന്നായിരുന്നു റഷ്യയുടെ മറുപടി. ചര്‍ച്ചകളിലെല്ലാം നാറ്റോ സഖ്യത്തില്‍ നിന്ന് ഉക്രൈന്‍ പിന്മാറണമെന്ന ആവശ്യമാണ് പ്രധാനമായും റഷ്യ മുന്നോട്ട് വച്ചിരുന്നത്. 


ഉക്രൈനിലേക്ക് കടക്കാന്‍ സൈന്യത്തിന് അനുമതി നല്‍കിയതിന് പിന്നാലെ ഉക്രൈന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെയുള്ള 1,50,000 പട്ടാളക്കാര്‍ക്ക് പുറമേ 2,00,000 സൈനീകരെ കൂടി റഷ്യ വിന്യസിച്ചു. ഇതിന് പുറകെ കിഴക്കന്‍ ഉക്രൈന്‍ അതിര്‍ത്തികളില്‍ നിരവധി സ്ഫോടനങ്ങളുണ്ടായി ഉക്രൈന്‍ സമ്മതിച്ചു. 

ഉക്രൈന്‍ തലസ്ഥാനമായ കീവിലും സമീപ നഗരങ്ങളിലും സ്ഫോടനങ്ങളുണ്ടായെന്നു. റഷ്യ സൈനീക അക്രമണത്തിന് തുടക്കം കുറിച്ചെന്നും ഉക്രൈന്‍ ഔദ്ധ്യോഗീകമായി അംഗീകരിച്ചു. ഇതോടെ ഉക്രൈന്‍ തങ്ങളുടെ വ്യോമമേഖല അടച്ചു. ഇതോടെ ഉക്രൈനിലുള്ള ഇന്ത്യക്കാരടക്കമുള്ളവര്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനാകാതെ ഉക്രൈനില്‍ കുടുങ്ങിക്കിടക്കുകയാണ്. 

വിമതമേഖലയില്‍ നിന്നും ഏറെ അകലെയുള്ള തലസ്ഥാനമായ കീവില്‍ പോലും ആറോളം സ്ഫോടനങ്ങള്‍ നടന്നെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.  തങ്ങളുടെ സമാധാനപരമായി പോയിരുന്ന നഗരങ്ങള്‍ അക്രമിക്കപ്പെട്ടതായി ഉക്രൈന്‍ വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു. യുദ്ധസാധ്യത മുന്‍ നിര്‍ത്തി ഇന്നലത്തന്നെ ഉക്രൈന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 

മലയാളികളടക്കം പതിനായിരക്കണക്കിന് മലയാളികളാണ് ഉക്രൈനിലുളളത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവരില്‍ ചിലര്‍ മടങ്ങിയെത്തിയിരുന്നെങ്കിലും ഏറെപ്പേര്‍ ഇപ്പോഴും ഉക്രൈനില്‍ തന്നെയാണ്. വ്യോമഗതാഗതം നിരോധിച്ചതോടെ ഉക്രൈനിന് പുറത്ത് കടക്കാന്‍‌ പറ്റാതെ കുടുങ്ങിക്കിടക്കുകയാണിവര്‍. 

രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്താണ് യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചതായി പുട്ടിൻ പ്രഖ്യാപിച്ചത്. ഒരു പ്രത്യേക സൈനിക നടപടി യുക്രൈനിൽ ആവശ്യമായിരിക്കുന്നുവെന്നാണ് പുട്ടിന്‍റെ വിശദീകരണം. ഇതിനോടകം യുക്രൈൻ അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ അകലെ രണ്ട് ലക്ഷം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്. രണ്ട് വിമത പ്രവിശ്യകളിലേക്ക് റഷ്യന്‍ സൈന്യം ഇതിനോടകം പ്രവേശിച്ചു. 

സൈനിക നടപടി പുട്ടിൻ പ്രഖ്യാപിച്ചതിന് പിന്നാലെ യുക്രൈൻ തലസ്ഥാനമായ ക്രീവിൽ സ്ഫോടനശബ്ദം കേട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ക്രീവിൽ തുടർച്ചയായി സ്ഫോടനശബ്ദങ്ങൾ കേട്ടതായി ബിബിസി റിപ്പോർട്ട് ചെയ്യതു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടക്കുന്നുവെന്നും വാർത്തകളുണ്ട്. 

സർവ്വശക്തിയും ഉപയോഗിച്ച് റഷ്യയെ പ്രതിരോധിക്കുമെന്ന് യുക്രൈൻ പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സൈനിക ശക്തികളിലൊന്നായ റഷ്യയെ പക്ഷേ അധികസമയം നേരിടാൻ യുക്രൈന് സാധിക്കില്ല. അമേരിക്കയും  നാറ്റോയും വിഷയത്തിൽ സ്വീകരിക്കുന്ന അടിയന്തര നിലപാട് എന്തായിരിക്കും എന്നാണ് ഈ സമയം ലോകം ഉറ്റുനോക്കുന്നത്. റഷ്യയുടെ സൈനിക നടപടിയോടെ യൂറോപ്പാകെ യുദ്ധമുനമ്പായി മാറുകയാണ്.  

യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ അടുത്ത മണിക്കൂറുകളിൽ തന്നെ ആഗോള സാമ്പത്തിക മേഖലയിൽ വൻ മാന്ദ്യമുണ്ടായി. ഇതേ തുടര്‍ന്ന് പെട്രോളിന് ബാരലിന് വില വര്‍ദ്ധിച്ച് 100 ഡോളറും കടന്നു.  ഇന്ത്യയിൽ പത്ത് രൂപയോളം പെട്രോൽ വില കൂടാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. സ്വർണവില കുതിച്ചു കയറുകയും ആഗോളഓഹരി വിപണിയിൽ കനത്ത ഇടിവിനും സാധ്യത നിലനിൽക്കുന്നു. 

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നിലവിൽ മോസ്കോവിലുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നാണ് ഇന്ത്യ അറിയിക്കുന്നത്. യുദ്ധം സംബന്ധിച്ച നിലപാട് സുരക്ഷാസമിതിയോഗത്തെ അറിയിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. അതിനിടെ 182 ഇന്ത്യക്കാരുമായി ഉക്രൈയിൻ എയർലൈൻസ് വിമാനം ദില്ലി വിമാനത്താവളത്തിൽ എത്തി. 

25,000 ഇന്ത്യക്കാർ അവിടെയുണ്ടെന്നാണ് കണക്ക്. ഇന്ത്യ അയച്ച വിമാനങ്ങളിലും സ്വന്തം നിലയിലുമായി നിരവധി പേർ രാജ്യം വിട്ടെങ്കിലും പതിനായിരത്തോളം പേർ ഇപ്പോഴും യുക്രൈനിലുണ്ട് എന്നാണ് കണക്ക്. ഒരു അടിയന്തര യുദ്ധം ഉണ്ടാവില്ല എന്ന പ്രതീക്ഷയിലായിരുന്നു ഇവരെല്ലാം. യുക്രൈനിൽ ഇപ്പോഴും ഇന്ത്യക്കാരുണ്ട് എന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നകാര്യം. 

2014 മുതൽ യുക്രൈനുമായി ഭിന്നിച്ചു നിൽക്കുന്ന രണ്ടു പ്രവിശ്യകളാണ് ഇവ - ഡോൻസ്‌ക്, ലുഹാൻസ്‌ക്.  രണ്ടിടത്തും കൂടി ജനസംഖ്യ 40 ലക്ഷം. ഇതിൽ എട്ടു ലക്ഷം പേർക്ക് റഷ്യ പാസ്‌പോർട്ടും അനുവദിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലുള്ള റഷ്യക്കാരുടെ ബന്ധുക്കള്‍ റഷ്യയിലുണ്ട്. 

റഷ്യയുടെ പിന്തുണയുടെ ബലത്തില്‍ തങ്ങൾ സ്വതന്ത്രരെന്ന് ഇവര്‍ അവകാശപ്പെടുന്നു. റഷ്യ രഹസ്യമായി ഇവർക്ക് ആയുധവും പണവും നൽകി സഹായിക്കുന്നുമുണ്ട്. രണ്ട് പ്രവിശ്യകളും തങ്ങളുടെ ഭാഗമെന്നാണ് ഉക്രൈൻ ഭരണകൂടത്തിന്‍റെ നിലപാട്. ഇവിടെ സമാധാനം ഉണ്ടാക്കാനായി റഷ്യയും വിമതരും യൂറോപ്യൻ യൂണിയനും തമ്മിൽ കരാർ ഉണ്ടാക്കിയെങ്കിലും ഇതുവരെ നടപ്പായില്ല. എട്ടു വർഷത്തിനിടെ പതിനായിരം പേരെങ്കിലും ഇവിടെ സംഘർഷത്തിൽ കൊല്ലപ്പെട്ടെന്നാണ് കണക്ക്.

കഴിഞ്ഞ  രണ്ടാഴ്ചക്കിടെ ഡൊണസ്കിലും ലുഹാൻസ്‌കിലുമായി വീണു പൊട്ടിയത് ആയിരക്കണക്കിന് ഷെല്ലുകളാണ്. യുക്രൈനും വിമതരും പരസ്പരം ആക്രമണത്തിലാണ്. നിരവധി പേർ ആക്രമണം ഭയന്ന് നാട് വിട്ടു. വലിയൊരു വിഭാഗം റഷ്യൻ സൈന്യത്തിനൊപ്പം ചേർന്ന് യുക്രൈനെ നേരിടാൻ തയാറായി നിൽക്കുന്നു. ആക്രമണത്തിൽ രണ്ട് യുക്രൈൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.

ഡോൻസ്‌ക്, ലുഹാൻസ്‌ക് വിമത പ്രവിശ്യകളുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നു എന്നാണ് വ്ലാദിമിർ പുട്ടിൻ നേരത്തെ നടത്തിയ പ്രഖ്യാപനം. ഈ രണ്ട് പ്രവിശ്യകളെയും ഇനി ഉക്രൈന്‍റെ ഭാഗമായി റഷ്യ കണക്കാക്കുന്നില്ല എന്നർത്ഥം. ഇവിടങ്ങളിലേക്ക് സൈന്യത്തെ അയയ്ക്കുന്നത് സമാധാനം ഉറപ്പിക്കാനാണ് എന്നും പുടിൻ പറഞ്ഞിരുന്നു.  

കടുത്ത ഭാഷയിലാണ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇതിനോട് പ്രതികരിച്ചത്. പ്രതീക്ഷിക്കപ്പെട്ട നാണംകെട്ട നടപടിയാണ് റഷ്യയുടേത് എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം.  റഷ്യ എന്ത് പറഞ്ഞാലും ഉക്രൈന്‍റെ ഭൂമിശാസ്ത്രപരമായ അതിരുകൾ മാറില്ലെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലിൻസ്കി പറയുന്നു. ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനം എന്നായിരുന്നു  ഐക്യരാഷ്ട്ര സഭ മേധാവി അന്‍റോണിയോ ഗുട്ടട്രസിന്‍റെ പ്രതികരണം.  

കഴിഞ്ഞ വർഷം ഇന്ത്യയിൽ എത്തിയപ്പോൾ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുറ്റിനുമായി 25 പ്രതിരോധ കരാറുകളാണ് ഇന്ത്യ ഒപ്പിട്ടത്. ശതകോടികളുടെ പ്രതിരോധ ഇടപാടുകളാണ് റഷ്യയുമായി ഇന്ത്യക്ക് ഉള്ളത്. അമേരിക്ക പോലെ തന്നെ റഷ്യയും ഇന്ത്യയുടെ സുപ്രധാന പ്രതിരോധ പങ്കാളിയാണ്. അതിനാല്‍ ഇന്ത്യയുടെ പ്രതികരണം കരുതലോടെയാണ്. പാശ്ചാത്യ രാജ്യങ്ങളെപ്പോലെ റഷ്യയെ അപലപിക്കാൻ ഇന്ത്യ തയാറായില്ലെന്നതും ശ്രദ്ധേയം.  

സംഘർഷം ലഘൂകരിക്കുകയാണ് ആദ്യം വേണ്ടത്. മേഖലയിൽ സ്ഥിരതയുള്ള സമാധാനവും ശാന്തിയും ഉണ്ടാകണം. സംഘർഷങ്ങളെ ഇന്ത്യ ആശങ്കയോടെ കാണുന്നു. ചർച്ചകൾ മാത്രമാണ് പരിഹാരം - യുഎൻ രക്ഷാസമിതിയിലും ഈ നിപലാടിലായിരുന്നു ഇന്ത്യ. ഇത് യൂറോപ്പിന്‍റെ മാത്രം വിഷയമെന്നായിരുന്നു ചൈനീസ് നിലപാടെങ്കിലും ശീതകാല ഒളിമ്പിക്സിനിടെ പുടിന്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍ റഷ്യയുടെ താത്പര്യങ്ങള്‍ക്കൊപ്പമാണെന്ന് ചൈന അറിയിച്ചിരുന്നു. എങ്കിലും ഉക്രൈനുമായി ചൈനയ്ക്ക് നിരവധി വ്യാപാരകരാറുകളുണ്ട്. 

വിവിധ യൂറോപ്യൻ രാജ്യങ്ങളിലായി ഉള്ളത് 60 ലക്ഷം ഇന്ത്യക്കാർ. യുക്രൈനിൽ വിദ്യാർഥികൾ അടക്കം കാൽ ലക്ഷം പേർ. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. ഒരു വർഷം ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം 800 കോടി ഡോളറിന്‍റെതാണ്. സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുകയും റഷ്യക്ക് മേൽ കനത്ത ആഗോള ഉപരോധം ഉണ്ടാവുകയും ചെയ്താൽ സാമ്പത്തികമായി അത് ഇന്ത്യക്കും തിരിച്ചടിയാകുമെന്ന് കണക്കുകൂട്ടുന്നു.

പ്രതിരോധ ഇടപാടുകൾ മുടങ്ങുമെന്ന ആശങ്ക വേറെ. യൂറോപ്പ് യുദ്ധ മേഖല ആയാൽ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയും തൊഴിലും വിദ്യാഭ്യാസവും പ്രശ്നത്തിലാകും. കോവിഡിൽ തകർന്നു തരിപ്പണമായ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് മേൽ ഒരു യുദ്ധം കൂടി വന്നാൽ ഭീകരമായിരിക്കും പ്രത്യാഘാതം. ബാരലിന് നൂറു ഡോളറിനോട് അടുത്ത എണ്ണ വില ഇനിയും ഉയരും. യുദ്ധവാർത്തകൾ വന്നപ്പോൾ തന്നെ ലോകമെങ്ങും ഓഹരി വിപണി ഇടിഞ്ഞത് ഇതിനു സൂചനയാണ്.

ദുർബലമെങ്കിലും സമാധാന ശ്രമങ്ങൾ ഇപ്പോഴും സജീവം. യുദ്ധം വേണ്ടെന്ന് ആഗ്രഹിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ പലതുണ്ട്. ജർമനിയെപ്പോലെ പല രാജ്യങ്ങളും സമാധാനം ആഗ്രഹിക്കുന്നു. ഉക്രൈയിനിലെ റഷ്യയുടെ സൈനിക നടപടി റഷ്യ - യൂറോപ്പ് യുദ്ധമായി പടർന്നാൽ ആഘാതം അതിരൂക്ഷമാകും എന്നത് ഉറപ്പാണ്. 

Latest Videos

click me!