ചൈനയില്‍ 40 ശതമാനം മഴ കുറവാണെന്ന് വാള്‍സ്ട്രീറ്റ് ജനറലിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 1961 ന് ശേഷമുള്ള ഏറ്റവും താഴ്ന മഴയുടെ അളവാണിത്. മഴ കുറയുന്നതിനൊപ്പം ചൂട് കൂടുകയാണ്. ചൈനയിലെ പല നഗരങ്ങളിലും താപനില 49 ഡിഗ്രിവരെയെത്തിയെന്ന് കണക്കുകള്‍ പറയുന്നു.
ചൂട് കാരണം രാജ്യത്തെ വൈദ്യുതി ഉപഭോഗവും വർദ്ധിച്ചു. എന്നാല്‍ രാജ്യത്തെ 66 നദികള്‍ വറ്റിയതോടെ ജലവൈദ്യുതി ഉത്പാദനം ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടു. ഇതോടെ രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാനുള്ള സാധ്യത ഏറി. നദികളും ജലാശയങ്ങളും വറ്റിയതോടെ പല പ്രദേശങ്ങളിലും കൃഷി ഉപേക്ഷിക്കപ്പെട്ടു.
ചില സ്ഥലങ്ങളില്‍ അമിതമായ ചൂടും അതോടൊപ്പം ജലലഭ്യതയിലെ കുറവും കാരണം കാര്‍ഷിക വിളകളെല്ലാം കരിഞ്ഞു പോയി. നദികളില്‍ അവശേഷിക്കുന്ന വെള്ളം ഉറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍.
ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിൽ ഈ വർഷം ഉണ്ടായ കടുത്ത വരൾച്ച പോയാങ് തടാകത്തിന്‍റെ വലിപ്പം നാലിലൊന്നായി ചുരുങ്ങി. അതേ സമയം ചോങ്കിംഗ് മേഖലയിൽ ഈ വർഷം 60 ശതമാനം മഴ കുറവാണ് ലഭിച്ചത്. ചോങ്കിംഗിന്‍റെ വടക്ക് ഭാഗത്തുള്ള ബൈബ് ജില്ലയിൽ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചൈനയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിൽ അര ഡസനോളം സ്ഥലങ്ങൾ ചോങ്കിംഗ് പ്രവിശ്യയിലാണ്. ഉഷ്ണതരംഗവും കടുത്ത ചൂടും പ്രദേശത്തെ കാലാവസ്ഥയെ അടിമുടി മാറ്റിമറിച്ചു. ശക്തമായ ഉഷ്ണതരംഗത്തില്‍ കാടുകൾക്ക് തീപിടിക്കുകയാണ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ 34 പ്രവിശ്യകളിലായി 66 നദികൾ കടുത്ത ചൂടിൽ വറ്റിവരണ്ടു. സിചുവാൻ, ഹുബെ പ്രവിശ്യകളിലും സമാനമായ സ്ഥിതിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വരൾച്ച മൂലമുണ്ടായ വൈദ്യുതി പ്രതിസന്ധി തെക്കുപടിഞ്ഞാറൻ ചൈനയായ സിചുവാൻ പ്രവിശ്യയിലെ 80 ദശലക്ഷം ആളുകളെ ദുരിതത്തിലാക്കി. സബ്‍വേകളെല്ലാം ഇരുട്ടിലായി. ഫാക്ടറികള്‍ അടച്ച് പൂട്ടി. വീടുകളും ഓഫീസുകളും ഇരുട്ടിലായി. പലയിടത്തും വൈദ്യിതിയില്ല.
വൈദ്യുതി മുടങ്ങിയതോടെ ഫാമികളില്‍ ലക്ഷക്കണക്കിന് കോഴികളും മത്സ്യങ്ങളും ചത്തു. യാങ്‌സി നദിക്കരയിലുള്ള കിഴക്കൻ പ്രവിശ്യകളിൽ നിന്നും സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായ് വരെയുള്ള പ്രദേശങ്ങള്‍ ഇരുട്ടിലായി. അടുത്തകാലത്തായി സാമ്പത്തികമായി ഉയര്‍ന്നുവന്ന ചൈനയില്‍ കാലാവസ്ഥാ വ്യതിയാനം മൂലം വൈദ്യുതി നിലച്ചപ്പോള്‍ കോടിക്കണക്കിന് ജനങ്ങള്‍ ഒറ്റയടിക്ക് ഇരുട്ടിലായി.
ചൈനയിലെ പഴയ തലമുറയ്ക്ക് വൈദ്യുതി വിതരണ തടസം ഇന്നലെ വരെ ഒരു ഓര്‍മ്മ മാത്രമായിരുന്നുവെങ്കില്‍, ഇന്ന് പുതിയ തലമുറയ്ക്ക് കൂടി അത് അനുഭവവേദ്യമായി. ജല ലഭ്യതയിലെ കുറവും വൈദ്യുതി വിതരണത്തിലെ തടസവും കാരണം ഹോട്ടലുകളില്‍ മിക്കതും പൂട്ടിപ്പോയി.
അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനം ചൈനയുടെ സുരക്ഷിതത്വത്തെയും സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുമെന്നുള്ള പഠനങ്ങളും ഉയര്‍ന്നുവന്നു. 60 വർഷങ്ങൾക്ക് മുമ്പ് റെക്കോർഡുകൾ ആരംഭിച്ചതിന് ശേഷം ചൈന കണ്ട ഏറ്റവും മോശമായ ഉഷ്ണതരംഗമാണിപ്പോള്‍. അത് 70 ദിവസത്തിലധികം നീണ്ടുനിന്നു.
രാജ്യത്തിന്‍റെ ഏറ്റവും വലിയ ഭാഗങ്ങളിലൂടെ കടന്നുപോയ ഉഷ്ണതരംഗം ഏതാണ്ടെല്ലാ കാലാവസ്ഥാ സ്റ്റേഷനുകളിലും ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയാണ് കടന്ന് പോയത്. ജലദൗര്‍ലഭ്യതയും വൈദ്യുതി വിതരണത്തിലെ തടസും ചൈനയില്‍ വലിയ പ്രതിസന്ധികളുയര്‍ത്തിയേക്കും.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള വെല്ലുവിളികളെ നേരിടാന്‍ ചൈനയുടെ ഊര്‍ജ്ജ സംവിധാനം വേണ്ടത്ര ശക്തമല്ലെന്നതിന്‍റെ ഉദാഹരണമാണ് സിചുവാൻ വൈദ്യുതി പ്രതിസന്ധിയെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഇതോടെ ചൈന കൂടുതലായി കല്‍ക്കരിയെ ആശ്രയിക്കാനുള്ള സാധ്യതയുണ്ടെന്നും അത് 2060-ഓടെ കാർബൺ ന്യൂട്രാലിറ്റി എന്ന് ചൈനയുടെ പദ്ധതിയെ അട്ടിമറിക്കുമെന്നും വിദഗ്ദര്‍ പറയുന്നു.