മുടങ്ങിപ്പോയെന്ന് ഒരിക്കൽ കരുതിയ കേരളത്തിന്‍റെ ആ വലിയ സ്വപ്‌നം, 2025 ഡിസംബറോടെ യാഥാർഥ്യമാവുമെന്ന് മന്ത്രി

By Web Team  |  First Published Dec 15, 2024, 7:38 PM IST

കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ ആറ് വരി ദേശീയപാത പ്രവൃത്തി പൂർത്തിയായ ഇടങ്ങളിലൊക്കെ ഇത് തുറന്നുകൊടുക്കുമെന്ന് മന്ത്രി


കണ്ണൂര്‍: മുടങ്ങിപ്പോയെന്ന് കരുതിയ സ്വപ്‌നമായ ദേശീയപാത വികസനം 2025 ഡിസംബറോടെ യാഥാർഥ്യമാവുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. പയ്യന്നൂർ-രാമന്തളി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് കിഫ്ബി ഫണ്ടിൽനിന്ന് 27.94 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ചൂളക്കടവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ ആറ് വരി ദേശീയപാത പ്രവൃത്തി പൂർത്തിയായ ഇടങ്ങളിലൊക്കെ ഇത് തുറന്നുകൊടുക്കുമെന്ന് മന്ത്രി അറിയിച്ചു. കാസർകോട് മുതൽ മലപ്പുറം വരെ ഏറെക്കുറെ നേരത്തെ തന്നെ പൂർത്തീകരിക്കാനാവും. ബാക്കിയുള്ള സ്ഥലങ്ങളിലാണ് കൂടുതൽ സമയം വേണ്ടിവരിക. മുടങ്ങിപ്പോയ ദേശീയപാത നിർമ്മാണം പുനരാരംഭിക്കാൻ സ്ഥലമെടുപ്പിനായി 5580 കോടി രൂപ ചെലവഴിച്ചത് കിഫ്ബി വഴിയാണ്. ദേശീയപാത വികസനത്തിന് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സംസ്ഥാന സർക്കാർ പണം ചെലവഴിച്ചത്. 

Latest Videos

സർക്കാർ നടത്തിയ തുടർച്ചയായ ഇടപെടലിലൂടെയാണ് ദേശീയപാത വികസനം യാഥാർഥ്യമാവുന്നതെന്ന് മന്ത്രി പറഞ്ഞു.കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ കഴിഞ്ഞ എട്ടുവർഷം നിർണായക പങ്കാണ് കിഫ്ബി വഹിച്ചത്. 18,445 കോടി രൂപയാണ് കഴിഞ്ഞ എട്ട് വർഷം കിഫ്ബി വഴി അടിസ്ഥാന സൗകര്യ വികസന മേഖലയിൽ സംസ്ഥാന സർക്കാർ ചെലവഴിച്ചത്. 

223 റോഡുകൾ, 91 പാലങ്ങൾ, 57 റെയിൽവേ മേൽപ്പാലങ്ങൾ, 15 ഫ്‌ളൈ ഓവറുകൾ, ഒരു അടിപ്പാത എന്നിവ കിഫ്ബി ഫണ്ടിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യാഥാർഥ്യമാക്കിയെന്നും മന്ത്രി പറഞ്ഞു. ചൂളക്കടവ് പാലം ഒരു നാടിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്‌നമാണെന്നും പാലം സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. രണ്ട് വർഷമാണ് പ്രവൃത്തി പൂർത്തീകരണത്തിനു അനുവദിച്ചിരിക്കുന്നത്.

undefined

ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. പയ്യന്നൂർ നഗരസഭ ചെയർപേഴ്‌സൺ കെ വി ലളിത, രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഷൈമ, ജില്ലാ പഞ്ചായത്ത് അംഗം സിപി ഷിജു, പയ്യന്നൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ടി പി സമീറ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എ വത്സല, രാമന്തളി ഗ്രാമപഞ്ചായത്ത് അംഗം മൊണങ്ങാട്ട് മൊയ്തു, പയ്യന്നൂർ നഗരസഭ കൗൺസിലർ ഹസീന കാട്ടൂർ, കെ ആർ എഫ് ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുനിൽ കൊയിലേരിയൻ, അസി. എഞ്ചിനീയർ വി ജി രഞ്ജിത്ത്, കെ വിജീഷ്, വി വി ഉണ്ണികൃഷ്ണൻ, ഉസ്മാൻ കരപ്പാത്ത,് പി രാമകൃഷ്ണൻ, എം നാരായണൻ എന്നിവർ സംസാരിച്ചു. കെ ആർ എഫ് ബി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ വി മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

പയ്യന്നൂർ നിയോജകമണ്ഡലത്തിൽ രാമന്തളി പഞ്ചായത്തിനെയും, പയ്യന്നൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന ചൂളക്കടവ് പാലം, പയ്യന്നൂർ പുഴയ്ക്ക് കുറുകെ പുതിയതായി നിർമ്മിക്കുന്നതാണ്. പാലം പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും ആരംഭിച്ച് രാമന്തളി പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നു. നിലവിൽ രാമന്തളിയിൽ നിന്നും അഞ്ച് കിലോമീറ്റർ അധികദൂരം സഞ്ചരിച്ചുകൊണ്ടാണ് പയ്യന്നൂരിൽ എത്തിച്ചേരുന്നത്. ചൂളക്കടവ് യാഥാർത്ഥ്യമാകുന്നതോടെ 1.4 കിലോമീറ്റർ ദൂരംകൊണ്ട് പയ്യന്നൂരിൽ നിന്നും രാമന്തളിയിലേക്ക് എത്താം.
പാലത്തിന് കെആർഎഫ്ബി  പ്രൊജക്ട് ഡയറക്ടറുടെ 2023 ഓഗസ്റ്റ് 21ലെ  ഉത്തരവ് പ്രകാരം 27.94 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചു. 

ചീഫ് എഞ്ചിനീയർ, ബ്രിഡ്ജ് ഡിസൈൻ വിഭാഗമാണ് പാലത്തിന്റെ ഡിസൈൻ തയ്യാറാക്കിയത്. ആകെ 222.55 മീറ്റർ നീളമുള്ള പാലത്തിന്റെ മധ്യത്തിലുള്ള സ്പാൻ ബോസ്ട്രിങ്ങ് ആർച്ച് ആയും മറ്റു സ്പാനുകൾ പ്രീസ്‌ട്രെസ്ഡ് കോൺക്രീറ്റ് ഗർഡർ ആൻഡ് സോളിഡ്സ്ലാബ് ടൈപ്പ് ആയുമായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ആകെ ഒൻപത് സ്പാനുകളുള്ള പാലത്തിന് 11.00 മീറ്റർ വീതിയും ഇരു ഭാഗത്തും ഒന്നര മീറ്റർ നടപ്പാതകളും ഉണ്ട്. പയ്യന്നൂർ ഭാഗത്ത് 290 മീറ്ററും രാമന്തളി ഭാഗത്ത് 280 മീറ്ററും നീളത്തിൽ അനുബന്ധ റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.ആർ.എഫ്.ബി ടെൻഡർ ചെയ്ത പി.കെ സുൽഫിക്കർ ഇൻഫ്രാസ്ട്രക്ചർ എൽഎൽപിയെ പ്രവൃത്തിക്കായി തിരഞ്ഞെടുക്കുകയും ചെയ്തു.

18 തികഞ്ഞാലും ലൈസൻസ് കിട്ടില്ല, 25 വയസിന് ശേഷം മാത്രം ലൈസൻസ്; 16കാരൻ വണ്ടിയോടിച്ചതില്‍ കടുപ്പിച്ച് എംവിഡി

പ്ലാസ്റ്റിക് കസേരയിൽ നിന്ന് വീണ് പരിക്ക്, ചികിത്സാ ചെലവ് 5,72,308 രൂപ; ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് കനത്ത പിഴ

150 വര്‍ഷത്തെ പഴക്കം, 18 സെന്‍റ് വസ്തു; തുമ്പിക്കോട്ടുകോണം ക്ഷേത്രത്തിന്‍റെ കരമടയ്ക്കാൻ ആദർശിന് അനുമതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!