തുര്‍ക്കിയില്‍ അതിശക്തമഴ; കരിങ്കടൽ പ്രവിശ്യകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

First Published | Jun 29, 2022, 11:05 AM IST


ടക്ക് - പടിഞ്ഞാറൻ തുർക്കിയിൽ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് രാജ്യത്തെ പല കരിങ്കടൽ പ്രവിശ്യകളിലും വെള്ളപ്പൊക്ക ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. കനത്ത മഴയില്‍ നിരവധി പാലങ്ങളും റോഡുകളും തകര്‍ന്നു. രണ്ടുപേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. 200-ലധികം പേരെ രക്ഷപ്പെടുത്തുകയോ മാറ്റിപ്പാർപ്പിക്കുകയോ ചെയ്‌തതായി തുർക്കിയിലെ എമർജൻസി ആൻഡ് ഡിസാസ്റ്റർ അതോറിറ്റി (AFAD) അറിയിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പെയ്ത ശക്തമായ മഴയില്‍ 80-ലധികം മരണം രേഖപ്പെടുത്തിയ് ഈ പ്രദേശങ്ങള്‍ കനത്ത നാശമായിരുന്നു സൃഷ്ടിച്ചത്. 

കസ്തമോനു, സിനോപ്, ബാർട്ടിൻ, കരാബുക്, ഡ്യൂസെ, സോൻഗുൽഡാക്ക് പ്രവിശ്യകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി തുർക്കിയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജി റെഡ് ലെവൽ മുന്നറിയിപ്പ് നൽകി. 

കഴിഞ്ഞ വർഷത്തെ ദുരന്തം മുന്നിലുള്ളതിനാല്‍ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് കാര്യമായ തയ്യാറെടുപ്പുകള്‍ നടത്തിയതായി പ്രദേശിക ഭരണകൂടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 


ഇതിനായി 899 വാഹനങ്ങൾ, 3 വിമാനങ്ങൾ, 7 മൊബൈൽ ബേസ് സ്റ്റേഷനുകൾ, 1 മൊബൈൽ കോർഡിനേഷൻ ട്രക്ക് എന്നിവയും മൊത്തം 4,684 ഉദ്യോഗസ്ഥരെയും കസ്റ്റമോനു, സിനോപ്പ്, ബാർട്ടിൻ, കരാബുക്, സോംഗുൽഡാക്ക്, ഡ്യൂസ് എന്നീ പ്രവിശ്യകളിലേക്ക് വിന്യസിച്ചതായും എഎഫ്‌എഡി അറിയിച്ചു.

ബാർട്ടിൻ, സോൻഗുൽഡാക്ക്, കസ്തമോനു പ്രവിശ്യകളിലെ താമസക്കാരെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കുന്നതിനും ഒഴിപ്പിക്കുന്നതിനുമായി കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള എമർജൻസി ടീമുകൾ രംഗത്തുണ്ട്. 

ബാർട്ടനിൽ 15, സോംഗുൽഡാക്കിൽ 90, കസ്തമോനുവിൽ 130 എന്നിങ്ങനെ മൊത്തം 235 പൗരന്മാരെ രക്ഷപ്പെടുത്തുകയോ ഒഴിപ്പിക്കുകയോ ചെയ്‌തതായി എഎഫ്‌എഡി പറഞ്ഞു. 

30 പേർ സിനോപ്പിലും 11 പേർ ബാർട്ടനിലും 60 പേർ സോംഗുൽഡാക്കിലും ഉൾപ്പെടെ നൂറിലധികം പേരെ അടിയന്തര അഭയകേന്ദ്രങ്ങളിലേക്ക് മാറി.

ഇന്നലെ വെള്ളപ്പൊക്കത്തിൽ  രണ്ട് പേരെ കാണാതായതായി തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു പറഞ്ഞു. കസ്തമോനു പ്രവിശ്യയിലെ കുറെ ജില്ലയിലെ ഇകിസിലർ ഗ്രാമത്തില്‍ ഒരാൾ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി. ഡ്യൂസെ പ്രവിശ്യയിലെ കെയ്‌നസ്‌ലിയിൽ വെള്ളപ്പൊക്കത്തിലും ഒരാളെ കാണാതായി.

നഗരത്തിലൂടെയും കരിങ്കടലിലേക്ക് ഒഴുകുന്ന സോക്ക് നദിയില്‍ വെള്ളം ക്രമാതീധമായി പൊങ്ങി. ഇതോ തുടര്‍ന്ന് ഇരുകരകളെയും ബന്ധിപ്പിച്ചിരുന്ന രണ്ട് കാല്‍നട പാലങ്ങള്‍ ഒലിച്ച് പോയി. പ്രവിശ്യയിലെ ആറ് പ്രധാന റോഡുകൾ വെള്ളപ്പൊക്കത്തിൽ തകർന്നു. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കസ്തമോനുവിലെ ഇനെബോളുവിൽ ഏകദേശം 200 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ജൂൺ 24 നാണ് പ്രദേശത്ത് കനത്ത മഴ തുടങ്ങിയത്.  25 -ാം തിയത് 24 മണിക്കൂറിനുള്ളിൽ ബാർട്ടിൻ നഗരത്തിൽ 98.1 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കരിങ്കടൽ പ്രവിശ്യകളിൽ കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സകാര്യ പ്രവിശ്യയായ ഹെൻഡെക്കിൽ 149.4 മില്ലീമീറ്ററും സോംഗുൽഡാക്കിലെ ദേവ്രെക്കിൽ 142 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.

അടുത്തിടെ കനത്ത മഴ ക്രിമിയയുടെ ചില ഭാഗങ്ങളിലും റഷ്യയിലെ കരിങ്കടൽ തീരത്തുള്ള ക്രാസ്നോദർ മേഖലയിലും വെള്ളപ്പൊക്കത്തിന് കാരണമായി. 

ഈ മാസം ആദ്യ ആഴ്ചകളില്‍ പെയ്ത് മഴയെ തുടര്‍ന്ന് തുർക്കിയിലെ പല പ്രവിശ്യകളെയും വെള്ളപ്പൊക്കം ബാധിച്ചിരുന്നു. തലസ്ഥാനമായ അങ്കാറയിൽ വെള്ളപ്പൊക്കം അതിരൂക്ഷമായിരുന്നു. അഞ്ച് പേരാണ് അന്ന് മരിച്ചത്. 

Latest Videos

click me!