മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ തിക്കും തിരക്കിലും പെട്ട് 12 പേർ മരിച്ചു, 17 പേര്‍ക്ക് പരിക്ക്

First Published | Jan 1, 2022, 3:56 PM IST

ശ്മീലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ 2.40 നുണ്ടായ തിക്കിലും തിരക്കിലും പെട്ടതിനെ തുടര്‍ന്നായിരുന്നു അപകടം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു.  ഗുരുതരമായി പരിക്കേറ്റവരെ രക്ഷാപ്രവർത്തനത്തിന് ശേഷം നറൈന ആശുപത്രിയിലേക്കും കത്ര ബേസ് ക്യാമ്പിലെ മറ്റൊരു ആശുപത്രിയിലേക്കും മാറ്റി. 

മരിച്ചവരില്‍ എട്ട് പേരെ തിരിച്ചറിഞ്ഞെന്ന് ഇന്ത്യ ടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു. തിക്കിലും തിരക്കിലും പെട്ട് ഒരു കൂട്ടം പുരുഷന്മാര്‍ക്കിടയില്‍ ചെറിയ തർക്കം ഉണ്ടായിരുന്നുവെന്ന് ജമ്മു കശ്മീർ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ദിൽബാഗ് സിംഗ് പറഞ്ഞു.

'പോലീസും സിവിൽ അഡ്മിനിസ്‌ട്രേഷനിലെ ഉദ്യോഗസ്ഥരും പെട്ടെന്ന് തന്നെ സമചിത്തതയോടെ പ്രതികരിച്ചതിനാല്‍ വലിയൊരു അപകടം ഒഴിവായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. 'തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി എഴുതി. 


ഉത്തരേന്ത്യയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ആരാധനാലയങ്ങളിലൊന്നാണ് ഹിമാലയ സാനുക്കളിലെ  മാതാ വൈഷ്ണവ് ദേവി ക്ഷേത്രം. ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ഭക്തരാണ് കാല്‍നടയായി എത്തിയിരുന്നത്. 

തിക്കിലും തിരക്കിലും പെട്ട് അപകടം ഉണ്ടായതിനെ തുടര്‍ന്ന് അൽപ്പസമയത്തേക്ക് നിർത്തിവച്ച യാത്ര പുനരാരംഭിച്ചതായി ഡിവിഷണൽ കമ്മീഷണർ (ജമ്മു) രാഘവ് ലംഗർ കത്രയിൽ (യാത്രാ ബേസ് ക്യാമ്പ്) മാധ്യമങ്ങളോട് പറഞ്ഞു.

ഡിവിഷണൽ കമ്മീഷണർ ജമ്മുവും അഡീഷണൽ ഡിജിപി ജമ്മുവും അംഗങ്ങളായ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ, തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായ സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ലഫ്.ഗവർണർ മനോജ് സിൻഹ ഉത്തരവിട്ടു.

തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.  കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവും ലെഫ്റ്റനന്‍റ് ഗവർണറും സഹായധനം പ്രഖ്യാപിച്ചു. 

പുതുവര്‍ഷത്തില്‍ വൈഷ്ണോ ദേവി ക്ഷേത്രദര്‍ശനം പുണ്യമായി കരുതുന്ന നിരവധി ഭക്തരാണ് എല്ലാവര്‍ഷവും ഒന്നാം തിയതി ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നത്. ഇത്തവണ അപകടമുണ്ടായത് സുരക്ഷാ വിഴ്ചയാണെന്നും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ആരോപണമുയര്‍ന്നു. 

Latest Videos

click me!