സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം
ഇന്ത്യന്‍ സിനിമയിലെ എല്ലാലത്തെയും വലിയ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മുന്നേറുകയാണ് അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2. കഴിഞ്ഞ വ്യാഴാഴ്ച തിയറ്ററുകളിലെത്തിയത് മുതല്‍ ഓരോ ദിവസവും ചിത്രം നേടിയിരിക്കുന്നത് ഇന്ത്യന്‍ സിനിമയിലെ റെക്കോര്‍ഡ് കളക്ഷനാണ്. കഴിഞ്ഞ ദിവസമാണ് ചിത്രം 1000 കോടി പിന്നിട്ടത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വേഗത്തില്‍ (6 ദിവസം) 1000 കോടി ക്ലബ്ബിലെത്തിയ ചിത്രമായി പുഷ്പ 2 മാറിയിരുന്നു. ഇപ്പോഴിതാ ഏഴാം ദിവസത്തെ കളക്ഷനും പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
1000 കോടിയിലും നിലയ്ക്കാതെ ചലിക്കുകയാണ് ചിത്രത്തിന്‍റെ ബോക്സ് ഓഫീസ്. അതേസമയം റിലീസ് ദിനം മുതലിങ്ങോട്ട് പരിശോധിച്ചാല്‍ റിലീസിന് ശേഷം ചിത്രത്തിന് ഏറ്റവും കുറവ് കളക്ഷന്‍ ലഭിച്ചത് ഏഴാം ദിവസമായ ബുധനാഴ്ചയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 65 കോടിയാണ് ഈ ദിവസം ചിത്രം നേടിയത്. എന്നാല്‍ രണ്ടാം വാരാന്ത്യത്തിലേക്ക് എത്തുമ്പോള്‍ വീണ്ടും അതില്‍ വലിയ വര്‍ധനവ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആദ്യ ദിനം 294 കോടി നേടിയ ചിത്രം രണ്ടാം ദിനം 155 കോടിയും മൂന്നാം ദിനം 172 കോടിയും നാലാം ദിനം 208 കോടിയും നേടിയിരുന്നു. 2021 ല്‍ പുറത്തെത്തിയ പുഷ്പ: ദി റൈസ് ആണ് അല്ലു അര്‍ജുന് പാന്‍ ഇന്ത്യന്‍ റീച്ച് ആദ്യമായി നേടിക്കൊടുത്ത ചിത്രം. ഉത്തരേന്ത്യയില്‍ വന്‍ വിജയമായ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. അതിനെ പതിന്മടങ്ങ് തിളക്കമുള്ള വിജയമാണ് പുഷ്പ 2 പാന്‍ ഇന്ത്യന്‍ തലത്തില്‍ നേടിക്കൊണ്ടിരിക്കുന്നത്. ഹൈദരാബാദിനേക്കാള്‍ തിരക്ക് ചിത്രത്തിന് മുംബൈയില്‍ ഉണ്ട്.
ALSO READ : ഇതാ, ലോകേഷിന്‍റെ ഫ്രെയ്‍മിലെ രജനി; പിറന്നാള്‍ സമ്മാനമായി 'കൂലി' അപ്ഡേറ്റ്: വീഡിയോ